ബൈസണ്‍വാലിയില്‍ വികസനം മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 01:00 AM | 0 min read

രാജാക്കാട്
ചൊക്രമുടി മലനിരകളുടെ അടിവാരത്തൊരു ​ഗ്രാമമുണ്ട്. ബൈസണ്‍വാലി. കാലാവസ്ഥ മൂന്നാറിന് തുല്യം. സു​ഗന്ധവ്യഞ്ജനങ്ങള്‍ യഥേഷ്‌‍ടം. ഹൈറേഞ്ചിന്റെ നെല്ലറയായ മുട്ടുകാട് പാടശേഖരം. ചരിത്രശേഷിപ്പുള്ള മുനിയറകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആദിവാസികളുടെ കല്ലമ്പലം, വരയാടുകളുടെ ആവാസ കേന്ദ്രം, ആദിവാസി ജനതയുടെ സാന്നിധ്യം തുടങ്ങി പ്രത്യേകതകളേറെ. കോമാളിക്കുടി, ചൊക്രമുടിക്കുടി, പേത്തലക്കുടി, 20ഏക്കർ കുടി എന്നിവിടങ്ങളിലായി 600ഓളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. 1969ലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. എംഎല്‍എമാരായ എം എം മണി, എ രാജ എന്നിവരുടെ ഇടപെടലില്‍ നാലുവര്‍ഷത്തിനിടെ വിവിധ വികസന, ക്ഷേമ പദ്ധതികള്‍ പഞ്ചായത്തിലെത്തി. 
 
മിന്നുന്നു പശ്ചാത്തലം
പശ്ചാത്തല വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 14വാർഡുകളിലായി 5,80,47,993 രൂപയുടെ റോഡ് വികസനം യാഥാർത്ഥ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയൽ വർക്കിന്റെ ഭാഗമായി നാലുകോടി രൂപയുടെ റോഡ് വികസനം സാധ്യമായി. ചിറയ്‍ക്കൽ പടി–- ദേശീയം കലുങ്കിനും റോഡിനുമായി 45ലക്ഷം രൂപ നീക്കിവച്ചു. ഉടുമ്പൻചോല രണ്ടാംമൈൽ റോഡ്, ചെമ്മണ്ണാർ ഗ്യാപ് റോഡ്, എല്ലക്കൽ–മഞ്ഞപ്പിള്ളിക്കട–ടീ കമ്പനി റോഡ് എന്നിവ എം എം മണി എംഎല്‍എയുടെ ഇടപെടലില്‍ പൂര്‍ത്തിയാവുകയാണ്. 
എ രാജ എംഎല്‍എ പൊട്ടൻകാട് -–കാന്താരിപ്പടി റോഡ്, 20 ഏക്കർ–ഹോളിഫാമിലി ചർച്ച് – കുഞ്ചിത്തണ്ണി റോഡ്, ദേശീയം – മൂലക്കട റോഡ് എന്നിവ
68ലക്ഷം രൂപ ചെലവഴിച്ച് ടാര്‍ ചെയ്‍തു. 20ഏക്കർ –ഒറ്റമരം–മൂന്നാർ റോഡ് (അഞ്ചുകോടി), 20ഏക്കർ നോർത്ത് റോഡ് (15ലക്ഷം), കലുങ്ക് നിർമാണം (10ലക്ഷം), ബൈസൺവാലി – ചൊക്രമുടി റോഡ് (20ലക്ഷം) എന്നിവ പൂര്‍ത്തിയായി. എല്ലയ്‍ക്കൽ–ടി കമ്പനി റോഡിന്റെ (8.5 കോടി) നിര്‍മാണം പുരോ​ഗമിക്കുന്നു. നാല്‍പതേക്കര്‍ – കോമാളിക്കുടി റോഡിന് 50ലക്ഷം രൂപ അനുവദിച്ചു. ബൈസൺവാലി ഗവ. എച്ച്എസ്എസില്‍ മൂന്നുകോടി രൂപ കിഫ്‍ബിയിലൂടെയും ജില്ലാ പഞ്ചായത്ത് ഒരുകോടിയും ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടും തൊഴിലുറപ്പ് ഫണ്ടും ഉപയോ​ഗിച്ച് പൊട്ടൻകാട്, മുട്ടുകാട് അങ്കണവാടികളും പഞ്ചായത്ത് ഫണ്ടുപയോ​ഗിച്ച് മൂലക്കട അങ്കണവാടിയും നിര്‍മിച്ചു.  
ആരോ​ഗ്യം
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 42ലക്ഷം രൂപയാണ് പാലിയേറ്റീവ് രം​ഗത്ത് ചെലവഴിച്ചത്. എല്ലാവര്‍ഷവും പാലിയേറ്റീവ് കുടുംബസം​ഗമവും നടത്തുന്നു. കിടപ്പുരോഗികൾക്ക് മരുന്നും അത്യാവശ്യം സാധനങ്ങളും പഞ്ചായത്ത് എത്തിക്കുന്നുണ്ട്. വയോജനങ്ങള്‍ക്കായി കട്ടില്‍ വിതരണംചെയ്‍തു. മെഡിക്കല്‍ ക്യാമ്പും നടത്തി. അലോപ്പതി (15 ലക്ഷം), ആയുർവേദം, ഹോമിയോ (എട്ടുലക്ഷം വീതം) മേഖലകളില്‍ മരുന്നുവാങ്ങാൻ നൽകി. എ രാജ എംഎല്‍എയുടെ ഇടപെടലില്‍ ബൈസൺവാലി പ്രാഥമിക ആരോ​ഗ്യകേന്ദ്രം കുടുംബാരോ​ഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. ആംബുലൻസും വാങ്ങിനല്‍കി. 
കൃഷിയേറെ
നാലുവര്‍ഷത്തിനിടെ 16ലക്ഷം രൂപയുടെ പച്ചക്കറി തൈകളാണ് വിതരണംചെയ്‍തത്. മുട്ടുകാട് പാടശേഖരത്ത് നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ കൂലിച്ചെലവ് പഞ്ചായത്താണ് നൽകിവരുന്നു. ഇടവിളയായി പച്ചക്കറി, സൂര്യകാന്തി, പരമ്പരാഗത കൃഷികൾക്കായി തുക നീക്കിവച്ചു. ക്ഷീരകർഷകർക്ക് ഇൻസെന്റീവും കാലിത്തീറ്റയും നല്‍കുന്നു. ആദിവാസികളുടെ കേപ്പ, തെന, ചോളം തുടങ്ങിയവയ്‍ക്ക് അഞ്ചുലക്ഷവും കിഴങ്ങുവർ​ഗ കര്‍ഷകര്‍ക്ക് ഹെക്‍ടറിന് 20,000 രൂപവീതവും നൽകി.
മുത്തും പളുങ്കും 
ചരിത്രത്തിലേക്ക്
20ഏക്കറിൽ റോഡ് നിർമാണത്തിനിടെ ഭൂമി കുഴിച്ചപ്പോൾ പുരാതനമായ മൺഭരണികളും ആയുധങ്ങളും പളുങ്കുമണികളും മുത്തുകളും കണ്ടെത്തി. മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികളും മറ്റുചില ഭരണികളിൽനിന്ന് ലഭിച്ചു. മുനിയറകളും അടയാളക്കല്ലുകളും പൗരാണിക സംസ്‍കാരത്തിന്റെ സ്‍മരണകളാണ്. ഇവയുടെയും ചൊക്രമുടി മലനിരകള്‍, കല്ലമ്പലം, മുട്ടുകാട് പാടശേഖരം എന്നിവയുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിനോദസഞ്ചാര വികസനം ലക്ഷ്യമിടുന്നു. എല്ലാവിധ കൃഷിയുമുള്ളതിനാല്‍ ഫാം ടൂറിസവും വികസിപ്പിക്കും. ഒറ്റമരം ഓഫ്‍റോഡ് ട്രക്കിങ് റൂട്ടാക്കും. 


deshabhimani section

Related News

View More
0 comments
Sort by

Home