അതിഥിത്തൊഴിലാളി യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 01:24 AM | 0 min read

ഇടുക്കി
 ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ഉത്തർപ്രദേശ് സ്വദേശിനിയും പൂപ്പാറയിലെ തോട്ടത്തിൽ ജോലിചെയ്യുന്ന  പിങ്കി(19)യാണ് ആമ്പുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ 10 നാണ്  സംഭവം. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പിങ്കിയെ ബന്ധുക്കൾ പൂപ്പാറയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചിരുന്നു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി പിങ്കിയെ തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് ഡോക്ടർ റഫർ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം ശാന്തൻപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് വി ആർ ശ്രീകുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഇ ഡി പ്രിയ എന്നിവർ ക്ലിനിക്കിൽ എത്തി പിങ്കിയുമായി തേനി മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചു. ആംബുലൻസ് തമിഴ്നാട് ബോഡിമേട്ട് എത്തിയപ്പോൾ പിങ്കിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ആമ്പുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. പകൽ 11ന് പ്രിയയുടെ പരിചരണത്തിൽ പിങ്കി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.  ഇവർക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ആമ്പുലൻസ് പൈലറ്റ് ശ്രീകുമാർ ഇരുവരെയും തേനി മെഡിക്കൽ കോളേജിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home