ഇതാ ജോസ്‍​ഗിരിയുടെ ജോസേട്ടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 01:15 AM | 0 min read

രാജാക്കാട്
ജീവിതത്തിലെ വേഷപ്പകര്‍ച്ചകള്‍ക്കൊരു തിരക്കഥയെഴുതിയാല്‍, സകലകലാവല്ലഭൻ എന്ന വേഷം ജോസിന് തന്നെയായിരിക്കും. അത്രമേല്‍ വഴക്കത്തോടെയാണ് ഓരോന്നും പൂര്‍ണതയിലെത്തിക്കുന്നത്. നാടകമാണ് പ്രാണൻ എങ്കിലും അതിനുമപ്പുറമുള്ള ലോകത്തും പേരെഴുതി ചേര്‍ക്കുകയാണ് രാജാക്കാട് ജോസ്‍​ഗിരി പന്തനാനിക്കുന്നേല്‍ പി വൈ ജോസ്. നാടക നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നാടകകൃത്ത്, കവി, ഡബിങ് ആര്‍ടിസ്റ്റ്, നിരയിങ്ങനെ നീളും. 
കര്‍ട്ടനുയരുന്നു
ഹൈറേഞ്ചിൽ പാരലൽ കോളേജ് അധ്യാപകനായാണ് തുടക്കം. മൂന്ന് പാരലൽ കോളേജുകളിലായി എട്ടുവര്‍ഷക്കാലം വിദ്യാര്‍ഥികള്‍ക്കൊപ്പം. ജീവിതത്തിലെ സുന്ദരകാലമായി ഇപ്പോഴും ജോസിന്റെ മനസിലുണ്ട്. പിന്നീട് നാടകത്തിലേക്ക്. രാമപുരത്ത് വാര്യരുടെ ജീവിതം പ്രമേയമാക്കിയ ‘അക്ഷരമന്ത്രം’ നാടകം മതി ജോസിന്റെ പ്രതിഭയറിയാൻ. ഇതിനകം 40നാടകങ്ങളെഴുതി. 150എണ്ണം സംവിധാനംചെയ്തു. 4000ലേറെ വേദികളിൽ നാടകം കളിച്ചു. ജോസിന്റെ അമ്പതോളം ലളിതഗാനങ്ങൾ ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഏഴുവർഷത്തോളം സംസ്ഥാന യുവജനോത്സവങ്ങളിൽ കുട്ടികൾ ആദ്യസ്ഥാനങ്ങളിലെത്തിയതും ജോസിന്റെ സംഘഗാനങ്ങളിലൂടെ. 
സിനിമ, ഡബിങ്
മമ്മൂട്ടിയുടെ ‘ലൗഡ്സ്‍പീക്കര്‍’ ഒരുങ്ങിയത് ജോസിന്റെ കഥയിലും തിരക്കഥയിലുമാണ്. ജോൺ എബ്രഹാം നിർമിച്ച് മൂന്ന് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ‘മദ്രാസ്‍കഫേ’യിലൂടെ സിനാമാഭിനയം തുടങ്ങി. നിലവില്‍ അഞ്ച് ചിത്രങ്ങള്‍. 2000ലേറെ സിനിമകൾക്കും ആയിരത്തോളം ഡോക്യുമെന്ററികൾക്കും ശബ്ദംനൽകി.  ഈശ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരുവിന്റെ പ്രഭാഷണങ്ങളുടെ മലയാള പരിഭാഷയില്‍ ശബ്ദം ജോസിന്റേതാണ്. സീരിയല്‍ ഡബിങ് 15,000 ഭാ​ഗങ്ങള്‍ പിന്നിട്ടു. ‘ബാഹുബലി’യിൽ നാസറിനും ‘സൈറ നരസിംഹറെഡി’യിൽ അമിതാഭ് ബച്ചനും ‘പുഷ്‍പ’ ഒന്നാംഭാ​ഗത്തിലെ വില്ലനും ജോസിന്റെ ശബ്‌‍ദമാണ്. നിലവിൽ രണ്ടാംഭാഗം ചെയ്യുന്നു. കവിത, ചെറുകഥ, ഉപന്യാസം, നാടകരചന തുടങ്ങിയവയ്‍ക്ക് 27സംസ്ഥാന പുരസ്‍കാരങ്ങൾ ലഭിച്ചു. 2014ല്‍ ദേശീയ അവാർഡും ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചു. നിലവില്‍ ഫെഫ്ക ഡബിങ് ആർട്ടിസ്റ്റ് യൂണിയൻ ജോയിന്റ് സെക്രട്ടറിയാണ്. 
 സ്വപ്‍നത്തിലേക്ക്
ഹൈറേഞ്ചിൽ എല്ലാ കലകളും പഠിപ്പിക്കാൻ ഒരു സ്ഥാപനമെന്ന ജോസിന്റെ സ്വപ്‍ന സാക്ഷാത്കാരത്തിലേക്ക് സുഹൃദ്ബന്ധങ്ങളുടെ സഹായത്തോടെ കെട്ടിടം പൂർത്തിയായി. നിലവിൽ ഭാര്യ സോഫിയയോടും ഹൈക്കോടി അഭിഭാഷകയായ മകൾ മരിയോടുമൊപ്പം എറണാകുളം പൂക്കാട്ടുപടിയിലാണ് താമസെങ്കിലും  സ്വപ്‍നങ്ങള്‍ ഹൈറേഞ്ചിലാണ്.


deshabhimani section

Related News

View More
0 comments
Sort by

Home