വ്യാജ യൂണിയന്റെ പേരിൽ കോൺഗ്രസുകാരുടെ പിരിവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 12:35 AM | 0 min read

മൂന്നാർ 
ഹെെഡൽ ടൂറിസത്തിന്റെ മറവിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാജ യൂണിയന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. കേരള സ്റ്റേറ്റ് ഹൈഡൽ ടൂറിസം എംപ്ലോയീസ് കോൺഗ്രസ്(ഐഎൻടിയുസി) എന്ന സംഘടനയുടെ പേരിൽ ടൂറിസം ജീവനക്കാരിൽനിന്ന്  പണപ്പിരിവ് നടത്തുന്നതായാണ്‌ പരാതി.  ഐഎൻടിയുസിയുമായി സഹകരിക്കുന്ന ഹൈഡൽ ജീവനക്കാരെ വിശ്വസിപ്പിക്കുന്നതിനായി സ്വന്തമായി ലെറ്റർ പാഡും സീലും നിർമിച്ചിട്ടുണ്ട്. ലെറ്റർ പാഡിൽ കാണിച്ചിട്ടുള്ള അഫിലിയേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ ജീവനക്കാർക്ക് നൽകുന്ന കത്തിലും മറ്റും മുൻ എംഎൽഎ എ കെ മണിയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. 
വ്യാജ സംഘടനയുടെ വർക്കിങ് പ്രസിഡന്റ് കെ മണികണ്ഠൻ, ജനറൽ സെക്രട്ടറി കെ സതീഷ് കുമാർ എന്നിവരാണ്. ഇവർക്ക് വ്യാഴാഴ്ച ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി) ജനറൽ സെക്രട്ടറി വി ജെ ജോസഫ് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഘടനയുടെ  ഭാരവാഹിയായ കെ സതീഷ് കുമാർ സർക്കാർ എയ്ഡഡ് സ്കൂൾ അധ്യാപകനാണ്. ഇയാൾക്കെതിരെ വകുപ്പ്തല നടപടിയുമുണ്ടാകുമെന്നറിയുന്നു.  
 അനധികൃതമായി മാനേജ്മെന്റിനും അധികാരികൾക്കും സർക്കാരിനും കത്തുകൾ നൽകുന്നതും പണപ്പിരിവ് നടത്തുന്നതും ക്രിമിനൽ കുറ്റകൃത്യമാണെന്ന് ജനറൽ സെക്രട്ടറി നൽകിയ കത്തിൽ തന്നെ ചൂണ്ടിക്കാട്ടുന്നു. വ്യാജ ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽനിന്ന് പിന്മാറാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും കത്തിലുണ്ട്.
 പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളിൽ നിയമാനുസൃതം അഫിലിയേറ്റ് ചെയ്യാതെ പേരും പതാകയും ഉപയോഗിക്കാൻ പാടില്ലെന്ന കോടതി ഉത്തരവും ഇവർ ലംഘിച്ചു. ഇതിൽ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾക്ക് പങ്കുണ്ടെന്നാണ് വിവരം. പാർടിയെയാകെ സംശയത്തിലാക്കിയ സംഭവത്തിൽ വരുംദിവസങ്ങളിൽ ദേവികുളം മണ്ഡലത്തിലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സൂചന. വ്യാജസംഘടനയുടെ പേരിൽ  നടത്തിയ പണമിടപാടുകളെക്കുറിച്ച്  അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ കേസുകൊടുക്കാനൊരുങ്ങുകയാണ് കബളിപ്പിക്കപ്പെട്ടവർ.


deshabhimani section

Related News

View More
0 comments
Sort by

Home