സാമ്പത്തിക തട്ടിപ്പ്: നാടുവിട്ട പ്രോസിക്യൂട്ടറെ 11 വർഷത്തിന് ശേഷം കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 08:53 AM | 0 min read

തൊടുപുഴ > സാമ്പത്തിക തട്ടിപ്പ് നടത്തി നാടുവിട്ട പ്രോസിക്യൂട്ടറെ കണ്ടെത്തി. തൊടുപുഴ മുട്ടം മൈലാടിയിൽ എം എം ജെയിംസിനെയാണ് 11 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. 2021ൽ ഇയാളുടെ മകൾ മുട്ടം പൊലീസ് സ്റ്റേഷനിൽ മാൻമിസിങ് പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജെയിംസിനെ കണ്ടെത്തിയതെന്ന് സിഐ സോൾജിമോൻ പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയിൽനിന്ന് കണ്ടെത്തിയ ജെയിംസിനെ പീരുമേട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു അന്വേഷണം. ‌‌2018ൽ ഡ്രൈവിങ് ലൈസൻസ് പുതുക്കിയ വിവരത്തിൽനിന്നാണ് പൊലീസ് ഇയാളിലേക്കെത്തിയതെന്ന് തൊടുപുഴ ഡിവൈഎസ്‍പി പറഞ്ഞു. കാണാതായ പരാതിയിൽ പൊലീസ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

ജെയിംസിനെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജില്ലാ സിജെഎം കോടതിയുടെ വാറണ്ട് നിലവിലുണ്ട്. വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഇയാളോട് സെപ്‍തംബർ ആദ്യവാരം കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. പൊലീസ് പറഞ്ഞു. മുട്ടം സ്വദേശിനിയുടെ പരാതിയിലായിരുന്നു വാറണ്ട്. ഇവരെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ധരിപ്പിച്ച് 90ലക്ഷം രൂപ തട്ടിയെടുത്തു. പണം കൈപ്പറ്റിയശേഷം ഇയാൾ പകരം ചെക്ക് നൽകിയിരുന്നു. ഇത് വ്യാജമാണെന്ന് വ്യക്തമായതോടെ സ്‍ത്രീ കോടതിയെ സമീപിക്കുകയായിരുന്നു. വഞ്ചനാക്കുറ്റമാണ് നിലനിൽക്കുന്നത്. കോടതി ജെയിംസിന് സമൻസ് നൽകിയതോടെയാണ് നാടുവിട്ടതെന്നാണ് വിവരം.

ജെയിംസിന് നൽകാൻ പണത്തിനായി മുട്ടം സ്വദേശിനി ബാങ്കിൽ ഹാജരാക്കിയ രേഖകളും ബാങ്ക് ഇടപാടിന്റെ തെളിവുകളും സൂക്ഷിച്ചിട്ടുണ്ട്. ഈ കേസിൽ ജെയിംസിന്റെ ഹൈറേഞ്ചിലുള്ള വസ്‍തു കോടതി ജപ്‍തി ചെയ്‍തിരുന്നു. എന്നാൽ സ്ഥലവുമായി ബന്ധപ്പെട്ട നൂലാമാലകൾ വന്നതോടെ പരാതിക്കാരിക്ക് ​ഗുണമില്ലാതായി. ജെയിംസിനെ കണ്ടെത്തിയതോടെ മുട്ടം സ്വദേശിനിയുടെ പരാതി കോടതി വീണ്ടും പരി​ഗണിച്ചേക്കും. നിലവിൽ കേസ് ലോങ് പെൻഡിങ് രജിസ്‍റ്ററിലാണ്. ജെയിംസ് തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിലെ അഭിഭാഷകനായിരുന്നു. രണ്ടുതവണ പബ്ലിക്ക് പ്രോസിക്യൂട്ടറുമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home