വട്ടവടയിൽ നിന്നെത്തും ഓണമുണ്ണാനുള്ളതത്രയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 11:50 PM | 0 min read

വട്ടവട > ഓണമടുത്തതോടെ വിളവെടുപ്പിന് തയാറെടുക്കുകയാണ് പച്ചക്കറി ഗ്രാമമായ വട്ടവട. ഓണവിപണി മുമ്പിൽകണ്ട് കർഷകർ വിത്തെറിഞ്ഞതൊക്കെയും വിളവെടുക്കാറായി. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വെളുത്തുള്ളി, ബീൻസ്, ഗ്രീൻപീസ്, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, ബ്രാക്കോളി, മല്ലിയില, പുതിന, മധുര മുള്ളങ്കി തുടങ്ങിയ നിരവധി പച്ചക്കറികളും സ്ട്രോബെറി, ഫാഷൻഫ്രൂട്ട്, അവക്കാഡോ, മരത്തക്കാളി തുടങ്ങിയ നിരവധി പഴവർഗങ്ങളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഏകദേശം 27,480 ടൺ പച്ചക്കറിയാണ് വട്ടവടയിലെ വാർഷിക ഉൽപ്പാദനം. 
 
വർഷത്തിൽ മൂന്ന് സീസണിലാണ് വട്ടവടയിൽ കൃഷി. ഏപ്രിൽ, മെയ് മാസത്തിലെ വേനൽ മഴയോടെ ഒന്നാംവിള കൃഷിയാരംഭിക്കുന്നു. മെയ് മുതൽ സെപ്തംബർ വരെയുള്ള ആദ്യ സീസണാണ് ഓണക്കാലത്തെ സമൃദ്ധമാക്കുന്നത്. കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, പലയിനം ബീൻസുകൾ, വെളുത്തുള്ളി എന്നിവയാണ് ഈ സമയത്തെ പ്രധാന കൃഷി ഇനങ്ങൾ. ഇവയിൽ ഭൂരിപക്ഷവും ഓണക്കാലത്ത് വിളവെടുക്കാൻ പാകമാകും. എന്നാൽ ഇത്തവണ ഉഷ്‌ണതരംഗവും വെെകിയെത്തിയ മഴയും കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്‌. 160 ഹെക്ടറിൽ കാരറ്റ്, 210 ഹെക്ടറിൽ കാബേജ്, 350 ഹെക്ടറിൽ ഉരുളക്കിഴങ്ങ്, 150 ഹെക്ടറിൽ ബീൻസ്, 80 ഹെക്ടറിൽ വെളുത്തുള്ളി എന്നിങ്ങനെയാണ് ഈ സീസണിലെ കൃഷിയുടെ അളവ്.

2400 ടൺ കാരറ്റ്, 3990 ടൺ കാബേജ്, 4550 ടൺ ഉരുളക്കിഴങ്ങ്, 1275 ടൺ ബീൻസ്, 640 ടൺ വെളുത്തുള്ളി എന്നിങ്ങനെയാണ് 2023ലെ കണക്കനുസരിച്ച് ശരാശരി ഉൽപ്പാദനം. എന്നാൽ കാലാവസ്ഥ ചതിച്ചതോടെ വിളവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. മിതമായ അളവിൽ തുടർച്ചയായി മഴ ലഭിക്കുമ്പോഴാണ് മികച്ച ഉൽപ്പാദനം ഉണ്ടാകുക. ഹെക്ടർ കണക്കിന് ആദ്യ വിളകൾ ഉഷ്ണതരംഗത്തിലും തുടർന്നുവന്ന തീവ്രമഴയിലും നശിച്ചു. എങ്കിലും കഠിനാധ്വാനത്താൽ കാലാവസ്ഥയെയും വന്യമൃഗങ്ങളെയും തോൽപിച്ച് മികച്ച വിളവ് കൊയ്യാനൊരുങ്ങുകയാണ് വട്ടവടയിലെ കർഷകർ.
 
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലും ഹോർട്ടികോർപ്പുമാണ് പച്ചക്കറികൾ സംഭരിക്കുന്നതിനുള്ള സർക്കാർ സംവിധാനം. എന്നാൽ വില ലഭിക്കാൻ താമസിക്കുമെന്നതുകൊണ്ട് നേരിട്ടെത്തുന്ന വ്യാപാരികൾക്ക് കൊടുക്കുന്നവരുമുണ്ട്. വട്ടവടയിലെ കർഷകർകൂടിയായ നാൽപ്പതിനടുത്ത് വ്യാപാരികളെയാണ് തദ്ദേശീയർ ആശ്രയിക്കുന്നത്. വ്യാപാരികളിൽനിന്ന് മുൻകൂർ പണംവാങ്ങി അവർക്കുവേണ്ടി കൃഷിചെയ്യുന്നവരുമുണ്ട്.
 
 


deshabhimani section

Related News

View More
0 comments
Sort by

Home