നീലവസന്തമായ് 
മേട്ടുക്കുറിഞ്ഞി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 11:46 PM | 0 min read

പീരുമേട് > പരുന്തുംപാറയിലെ കാഴ്‍ചകളുടെ പുസ്‍തകത്താളില്‍ നീലച്ചന്തമൊരുക്കി മേട്ടുക്കുറിഞ്ഞി. ഹൈറേഞ്ചിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ നിരനിരയായി പൂത്തുനില്‍ക്കുന്ന മേട്ടുക്കുറിഞ്ഞി കാണാനും ചിത്രങ്ങളെടുക്കാനും ആയിരങ്ങളാണ് ദിവസേനയെത്തുന്നത്. ഇവിടുത്തെ വിശാലമായ മൊട്ടക്കുന്നുകളും കൊക്കയും പ്രകൃതിമനോഹാരിതയും സഞ്ചാരികളെ എന്നും ആകര്‍ഷിച്ചിരുന്നു. അതിനൊപ്പമാണ് നീലിമ പടര്‍ത്തി മേട്ടുക്കുറിഞ്ഞി പൂത്തത്. ഇതോടെ സഞ്ചാരികളുടെ എണ്ണം വലിയതോതിൽ വർധിച്ചു. 
 
പ്രാദേശിക ഭരണത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിനെ തുടർന്ന് രണ്ടുപതിറ്റാണ്ടിനിടെയാണ് പരുന്തുംപാറ സഞ്ചാരികള്‍ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതായത്. കൊട്ടാരക്കര–-- ദിണ്ടിഗൽ ദേശീയപാതയിൽ പീരുമേടിനും പഴയ പാമ്പനാറിനും ഇടയിലാണ് പരുന്തുംപാറയിലേക്കുള്ള പ്രവേശന കവാടം. ഇവിടെനിന്നും 10കിലോമീറ്റർ സഞ്ചരിച്ചാൽ മനോഹരമായ മൊട്ടക്കുന്നുകളിലെത്താം. മുന്‍വര്‍ഷങ്ങളിലും ഇവിടെ കുറിഞ്ഞി പൂത്തിരുന്നു. എന്നാൽ ഇത്തവണ കുറച്ചധികം വിസ്‍തൃതിയിലാണ്. ശാസ്‍ത്രീയനാമം സ്ട്രോബൈലാന്തസ് വൈറ്റിയാനസ് എന്നാണ്. 
 
മൂന്നാർ, നീലഗിരി, എന്നിവിടങ്ങളിലാണ് കുറിഞ്ഞികള്‍ കൂടുതലായി കാണുന്നത്. പശ്ചിമഘട്ട മലനിരകളുടെ സ്വന്തമായ നീലക്കുറിഞ്ഞി 12വർഷത്തിൽ ഒരിക്കലാണ് പൂക്കുക. ഉപവിഭാഗമാണ് മേട്ടുക്കുറിഞ്ഞി. വർഷവും പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്നവ വരെയുണ്ട്. നീലനിറത്തിന്റെ വശ്യതയുള്ളതിനാല്‍ നീലക്കുറിഞ്ഞിയെന്നും മേടുകളിൽ കാണുന്നതിനാൽ മേട്ടുക്കുറിഞ്ഞിയെന്നും അറിയപ്പെടുന്നു. ഇളം വയലറ്റ്, നീല നിറങ്ങളിലാണ് പൂക്കുന്നത്. മഴയില്ലാത്ത കാലാവസ്ഥയില്‍ മൂന്നുമാസം വരെ നിലനിൽക്കും. ദക്ഷിണ ഭാരതത്തിന്റെ ചോലവനങ്ങളിൽ സമുദ്രനിരപ്പിൽനിന്നും 1300 മുതൽ 2400 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് കൂടുതലായും കാണുന്നത്. പരുന്തുംപാറയിൽ കുറിഞ്ഞി കാണാനെത്തുന്നവർ വ്യാപകമായി നശിപ്പിക്കുന്നതായും പരാതിയുണ്ട്.
 
 


deshabhimani section

Related News

View More
0 comments
Sort by

Home