റിട്ട. അക്കൗണ്ട്‌ ഓഫീസർക്ക്‌ 
1.74 ലക്ഷം നഷ്‌ടമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 01:10 AM | 0 min read

ചെങ്ങന്നൂര്‍
ഓൺലൈൻ തട്ടിപ്പിലൂടെ 1.74 ലക്ഷം രൂപ നഷ്‌ടമായെന്ന്‌  പരാതി.  ചെങ്ങന്നൂര്‍ തിട്ടമേൽ യമുനാനഗർ ആശാരിപറമ്പില്‍ കെ ജി മാത്യുവാണ് തട്ടിപ്പിനിരയായത്.  കേന്ദ്രസര്‍ക്കാരിന്റെ പേ ആൻഡ്‌ അക്കൗണ്ട്സ്‌ റിട്ട. സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസറാണ്‌ മാത്യു. കനറാ ബാങ്ക് ചെങ്ങന്നൂര്‍ ശാഖയിലെ എസ്ബി അക്കൗണ്ടില്‍നിന്നാണ്‌ രണ്ടു തവണയായി പണം തട്ടിയത്‌. മാർച്ച്‌ 23 നാണ്‌ സംഭവം. 1.49 ലക്ഷം രൂപ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും 25,000 രൂപ ഓണ്‍ലൈന്‍ ബാങ്കിങ്‌ വഴിയുമാണ് തട്ടിയത്‌. 
  മാത്യു മൊബൈല്‍ ഫോണിൽ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം പിന്‍വലിക്കുന്നതിനുള്ള ഒടിപി നമ്പര്‍ ഉള്‍പ്പടെ കണ്ടത്. രണ്ട് തവണ പണം പിന്‍വലിച്ചതായും കണ്ടു. പണം നഷ്ടമായെന്ന് മനസിലായ ഉടന്‍തന്നെ ബാങ്ക്‌ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തു.  ഇതുസംബന്ധിച്ച് ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയിലും പൊലീസിലും പരാതി നല്‍കി. എന്നാല്‍ ബാങ്ക് അധികൃതർ കൈയൊഴിയുകയാണെന്ന്‌ മാത്യു പറഞ്ഞു.  മാത്യുവിന്റെ കുറ്റം കൊണ്ടാണ് പണം നഷ്ടപ്പെട്ടതെന്നാണ് ബാങ്ക്  അധികൃതരുടെ വാദം. 
  അക്കൗണ്ട് ഉടമയ്ക്ക് മാത്രം അറിയാവുന്ന എംപിന്‍, യുപിന്‍ ലോഗിന്‍ സംവിധാനം ഉപയോഗിച്ച് പണമിടപാട്‌  നടത്തിയതിനാല്‍ പണം തിരികെ തരാനാവില്ലെന്ന്‌ ബാങ്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. മാത്യുവിന്റെ ഫോണില്‍ ലഭിച്ച ഒടിപി സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ക്കും കിട്ടിയെന്നാണ് കരുതുന്നത്. ഇത് ഉപയോഗിച്ചാണ് പണം തട്ടിയതെന്നാണ്‌ സൂചന. എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയത്.  മാത്യു സൈബർ സെൽ, ബാങ്കിങ്‌ ഓംബുഡ്‌സ്‌മാൻ എന്നിവിടങ്ങളിലും പരാതി നൽകിയിട്ടുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home