കരുത്തിന്റെ കടലിരമ്പം

കൊച്ചി
അവകാശനിഷേധങ്ങൾക്കെതിരായ പോരാട്ടങ്ങളിലൂടെ ചരിത്രം രചിച്ച കൊച്ചിയുടെ മണ്ണിൽ പുതിയ അധ്യായം എഴുതിച്ചേർത്ത‌് എൽഡിഎഫിന്റെ സമരസംഗമം. ശബരിമലവിഷയത്തിൽ സുപ്രീംകോടതി വിധിയുടെ മറപിടിച്ച‌് നാട്ടിൽ കലാപം വിതയ‌്ക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ എൽഡിഎഫ‌് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും, നാട്ടിൽ വർഗീയതയുടെ വിഷവിത്ത‌് വിതയ‌്ക്കാനുള്ള നീക്കത്തിനെതിരായ ഉശിരൻ ചെറുത്തുനിൽപ്പായി മാറി. ഈ നാടിന്റെ നവോത്ഥാനപാരമ്പര്യം സംരക്ഷിക്കാൻ എന്തുവിലകൊടുത്തും മുന്നോട്ടുപോകുമെന്ന‌് റാലിയിൽ അണിനിരന്ന പതിനായിരങ്ങൾ പ്രഖ്യാപിച്ചു.
കലൂർ ജവാഹർലാൽ നെഹ‌്റു സ‌്റ്റേഡിയത്തിനുസമീപം പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ പന്തലിന‌്, ശബരിമലയിലെ സർക്കാർ നടപടിക്ക‌് പിന്തുണയർപ്പിച്ച‌് എത്തിയ ജനസഹസ്രങ്ങളെ ഉൾക്കൊള്ളാനായില്ല. നഗരം ഉച്ചമുതൽതന്നെ ജനനിബിഡമായിരുന്നു. വാഹനങ്ങൾ സ‌്റ്റേഡിയത്തിനു കിലോമീറ്ററുകൾ അകലെ നിർത്തി ചെറുജാഥകളായി ജനങ്ങൾ സമ്മേളനസ്ഥലത്തേക്ക‌് ഒഴുകി. അഞ്ചുമണിക്കാണ‌് പൊതുസമ്മേളനം നിശ‌്ചയിച്ചിരുന്നതെങ്കിലും മൂന്നുമണിക്കുമുമ്പേ പന്തൽ നിറഞ്ഞുകവിഞ്ഞു. പിന്നീടെത്തിയവർ പന്തലിന‌് ഇരുവശത്തും റോഡുകളിലുമായി നിന്ന‌് പ്രസംഗങ്ങൾ ശ്രവിച്ചു.
കൃത്യം അഞ്ചിനുതന്നെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആയിരം കണ്‌ഠങ്ങളിൽനിന്നുയർന്ന മുദ്രാവാക്യങ്ങളോടെ വേദിയിലേക്ക‌് ആനയിച്ചു. നാടിന്റെ നവോത്ഥാനപാരമ്പര്യവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാനുമുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക‌് തങ്ങളൊപ്പമുണ്ടെന്ന മുദ്രാവാക്യമാണ‌് എങ്ങും മുഴങ്ങിയത‌്.
സമ്മേളനം ഉദ‌്ഘാടനം ചെയ‌്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഓരോ വാക്കും സദസ്സ‌് സശ്രദ്ധം കേട്ടിരുന്നു. നാടിന്റെ നവോത്ഥാനചരിത്രവും അവകാശലബ്ധിക്കായി കൊച്ചി നടത്തിയ പോരാട്ടങ്ങളും വിശദീകരിച്ചാണ‌് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത‌്. കരയിൽ സമ്മേളനം കൂടാൻ അനുവദിക്കാതെ വന്നപ്പോൾ കായലിൽ വള്ളങ്ങൾ ചേർത്തുകെട്ടി കൂടിയ കായൽസമ്മേളനവും വഴിനടക്കാനുള്ള അവകാശത്തിനായി നടന്ന പാലിയം സമരചരിത്രവും മുഖ്യമന്ത്രി ഓർമിപ്പിച്ചു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും വിശ്വാസത്തിന്റെ മറപിടിച്ച‌് നാട്ടിൽ കലാപമുണ്ടാക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തടയുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യു ടി തോമസ‌്, എൻസിപി ദേശീയ സെക്രട്ടറി ടി പി പീതാംബരൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരള കോൺഗ്രസ‌് ചെയർമാൻ സ‌്കറിയാ തോമസ‌് എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സ്വാഗതവും എൽഡിഎഫ‌് ജില്ലാ കൺവീനർ ജോർജ‌് എടപ്പരത്തി നന്ദിയും പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവ‌്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ‌്മണി, കെ ചന്ദ്രൻപിള്ള, ഗോപി കോട്ടമുറിക്കൽ, മുതിർന്ന നേതാവ‌് എം എം ലോറൻസ‌്, എംഎൽഎമാരായ എസ‌് ശർമ, ജോൺ ഫെർണാണ്ടസ‌്, കെ ജെ മാക‌്സി, ആന്റണി ജോൺ, എൽദോ എബ്രഹാം, ജിസിഡിഎ ചെയർമാൻ അഡ്വ. വി സലിം, പ്രൊഫ. എം കെ സാനു, ഡോ. സെബാസ‌്റ്റ്യൻ പോൾ, വിവിധ കക്ഷിനേതാക്കളായ സാബു ജോർജ‌്, ടി പി അബ്ദുൾ അസീസ‌്, ബി എ അഷ‌്റഫ‌്, അഡ്വ. വർഗീസ‌് മൂലൻ, മുഹമ്മദ‌് നജീബ‌്, പൗലോസ‌് മുടക്കുംതല, നിയാസ‌് കരിമുകൾ, അനിൽ ജോസ‌്, ചാൾസ‌് ജോർജ‌് തുടങ്ങിയവർ പങ്കെടുത്തു.









0 comments