കളമശേരിയിൽ ദേശീയപാതയിൽ വൻഗർത്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2018, 09:42 PM | 0 min read


കളമശേരി
ദേശീയപാതയിൽ എസ‌്‌സിഎംഎസ‌് കോളേജിനുമുന്നിൽ എറണാകുളം ഭാഗത്തേക്കുള്ള റോഡിൽ വൻഗർത്തം. രണ്ടടി വ്യാസമുള്ള ദ്വാരമാണ് പുറത്തേക്കു കാണുന്നത്. ഏഴടിയിലേറെ താഴ്ചയുള്ള ഗർത്തത്തിന്റെ ചുവട്ടിൽ എട്ടടി നീളവും അഞ്ചടിയോളം വീതിയുമുണ്ട‌്. 208–ാം നമ്പർ മെട്രോ തൂണിനടുത്ത് റോഡിന്റെ  മീഡിയനിൽനിന്ന‌് എട്ടടി വിട്ടാണ് ദ്വാരം. ടാറിങ്ങിന്റെ ബലത്തിൽ മേൽഭാഗം അടർന്നുപോകാതെ നിൽക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ  റോഡിലെ കുഴി ശ്രദ്ധയിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരനാണ‌് പൊലീസ് കൺട്രോൾറൂമിൽ അറിയിച്ചത‌്. 

സ്പീഡ് ട്രാക്കിലൂടെ പോകുന്ന വാഹനങ്ങളുടെ ടയർ വരുന്നിടത്തല്ല ഗർത്തമെന്നതിനാലാണ‌് വലിയ അപകടം ഒഴിവായത‌്. 
വിവരമറിഞ്ഞ് ആലുവ ട്രാഫിക് എസ്ഐ കബീറിന്റെ നേതൃത്വത്തിലെത്തിയ സംഘം പട്ടിക ഉപയോഗിച്ച‌് ഗർത്തത്തിന്റെ ആഴവും വിസ്തൃതിയും കണക്കാക്കി റോഡിൽ അടയാളപ്പെടുത്തി. തുടർന്ന് റോഡിൽ കയറു കെട്ടിത്തിരിച്ച് വാഹനങ്ങൾ തിരിച്ചുവിട്ടു. ഇതോടെ മുട്ടം –എറണാകുളം റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. 

പതിനൊന്നോടെ മെട്രോ എൻജിനിയർമാരും ദേശീയപാത അധികൃതരും സ്ഥലത്തെത്തി. ഗർത്തം രൂപപ്പെട്ടഭാഗം  ബാരിക്കേഡുകൊണ്ട‌് മറച്ച് മണ്ണുമാന്തി ഉപയോഗിച്ച് ടാറിങ് പൊളിച്ചുനീക്കി. കുഴിയിൽ എംസാൻഡ‌് നിറച്ച് ശക്തിയായി വെള്ളം പമ്പുചെയ‌്ത‌് ഉള്ളിലെ ഒഴിഞ്ഞഭാഗങ്ങളടച്ച‌് ടാർ ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.  പണിനടക്കുന്നതിനാൽ വൈകിട്ടോടെ  ഗതാഗതക്കുരുക്ക‌് രൂക്ഷമായി.

പ്രളയസമയത്ത് റോഡിന്റെ ഇരുവശവും വെള്ളക്കെട്ടുണ്ടായിരുന്നു. ഈ സമയത്ത് മെട്രോ പൈലിങ്ങിനായി കുഴിയെടുത്ത ഭാഗങ്ങളിലേക്ക് മണ്ണ് നീങ്ങിയതാകാം ഗർത്തമുണ്ടാകാൻ കാരണമെന്നാണ‌് പ്രാഥമിക നിഗമനം. റോഡിൽ മറ്റുഭാഗങ്ങളിലും ഇത്തരം ഗർത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

 



deshabhimani section

Related News

View More
0 comments
Sort by

Home