യുഡിഎഫ് വാർഡ‌് മെമ്പർ തെറ്റിദ്ധാരണയുണ്ടാക്കുന്നു: സിപിഐ എം

കോതമംഗലം
കുട്ടമ്പുഴ പഞ്ചായത്തിലെ 11–ാംവാർഡ് യുഡിഎഫ് മെമ്പർ അരുൺ ചന്ദ്രൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ സിപിഐ എം മാമലക്കണ്ടം ലോക്കൽ കമ്മിറ്റി. പ്രൊമോട്ടറെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് മൂവാറ്റുപുഴ ടിഡി ഓഫീസ് ഉപരോധം രാഷ്ട്രീയപ്രേരിതമാണ‌്. എളംബ്ലാശേരിക്കുടിയിൽത്തന്നെ തൊട്ടടുത്തുള്ള കുടിവെള്ളം മുട്ടിച്ചു എന്നും വർഗീയമായി പ്രൊമോട്ടർ ഇടപെട്ടു എന്നും വ്യാജപ്രചാരണം നടത്തിയും വസ്തുതാവിരുദ്ധമായ മറ്റാരോപണങ്ങളും ഉന്നയിച്ച് ആളുകളെ പങ്കെടുപ്പിച്ചാണ് ഉപരോധസമരം നടത്തിയിട്ടുള്ളത്. ഇതരജില്ലയിലെ ആളുകളെ ഉൾപ്പെടെ വിളിച്ചാണ് മെമ്പർ ആ സമരം നടത്തിയത്.
എളംബ്ലാശേരിക്കുടിയിലെ ആദിവാസിജനങ്ങളെയും ട്രൈബൽ ഓഫീസർമാരെയും തെറ്റിദ്ധരിപ്പിച്ച് ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ പൊതുകുളം ഒഴിവാക്കി അമ്പലംവക ആറാട്ടുകുളം നവീകരണം നടത്താൻ പഞ്ചായത്ത് മെമ്പർ ഫീസബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പൊതുകുളം അല്ലാത്തതിനാലും ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ അനുമതിപത്രം ഇല്ലാത്തതിനാലും അടിയന്തര ഉരുകൂട്ടം കൂടി ഊരുകൂട്ടത്തിന്റെ തീരുമാനമനുസരിച്ച് ഫീസബിലിറ്റി നൽകാവുന്നതാണെന്ന് പ്രൊമോട്ടർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടു ള്ളതുമാണ്.
നിലവിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രൊമോട്ടറെ മാറ്റിനിർത്തിയാൽ വാർഡ് മെമ്പർക്കും കൂട്ടാളിക്കൾക്കും സുഖമായി അഴിമതി നടത്തുന്നതിന് കഴിയും. അതിനാലാണ് തരംതാണ രാഷ്ട്രീയ പകപോക്കൽ ജനപ്രതിനിധി നടത്തുന്നത്.
അപവാദപ്രചാരണങ്ങളിൽനിന്ന‌് മെമ്പർ പിന്മാറിയില്ലെങ്കിൽ അതിശക്തമായ പ്രതിഷേധങ്ങൾ തുടർന്ന് സംഘടിപ്പിക്കുമെന്ന് മാമലക്കണ്ടം ലോക്കൽ സെക്രട്ടറി പി എൻ കുഞ്ഞുമോൻ പറഞ്ഞു.









0 comments