ഹർത്താൽ പൂർണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2018, 09:13 PM | 0 min read

കൊച്ചി
അനിയന്ത്രിതമായ പെട്രോൾ‐ഡീസൽ വിലവർധനവിനെതിരെ ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ‌്ത ഹർത്താൽ വ്യവസായ ജില്ലയിൽ പൂർണം. ഏതാനും സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അവശ്യസർവീസുകളും മാത്രമാണ‌് നിരത്തിലിറങ്ങിയത‌്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. എന്നാൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടന്നു.

സർക്കാർ ഓഫീസുകളിൽ ഹാജർ നന്നേ കുറവായിരുന്നു. സ‌്കൂളുകളും മറ്റ‌് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വ്യവസായ സ്ഥാപനങ്ങൾ ഏറിയപങ്കും പ്രവർത്തിച്ചില്ല. ഫാക്ടിലും ഹാജർനില വളരെ കുറവായിരുന്നു. കൊച്ചി മെട്രോ മുടക്കമില്ലാതെ പ്രവർത്തിച്ചെങ്കിലും തിരക്കു നന്നേ കുറവായിരുന്നു.

175 ജീവനക്കാരുള്ള കലക്ടറേറ്റിൽ തിങ്കളാഴ്ച 35 പേർ മാത്രമാണ് ജോലിക്കെത്തിയത്. കലക്ടറും എഡിഎമ്മും ഉൾപ്പെടെയാണിത്. സിവിൽ സ്റ്റേഷനിലെ മറ്റ് ഒാഫീസുകൾ 80 ശതമാനവും പ്രവർത്തിച്ചില്ല. തുറന്ന ഒാഫീസുകളിൽ പത്തിൽ താഴെ ജീവനക്കാർ മാത്രമാണ് ഹാജരായത്.

ഇൻഫോപാർക്കിൽ 60 ശതമാനത്തോളം പേരാണ‌്  ജോലിക്ക‌് എത്തിയത‌്. രാവിലെ 9 മുതൽ പകൽ 3 വരെ കോൺഗ്രസും ബന്ദിന‌് ആഹ്വാനം ചെയ‌്തിരുന്നു. എന്നാൽ, വൈകിട്ട‌് ആറു കഴിഞ്ഞാണ‌് വാഹനങ്ങൾ നിരത്തിലിറങ്ങിയതും വ്യാപാര സ്ഥാപനങ്ങൾ തുറന്നതും.  ഗ്രാമീണ‐തീരദേശ മേഖലകളിലും ഹർത്താൽ പൂർണമായിരുന്നു. സ്വകാര്യ ബസുകളും കെഎസ‌്ആർടിസിയും ഓട്ടോ‐ടാക‌്സി തൊഴിലാളികളും പൂർണമായും പണിമുടക്കിയതിനാൽ നിരത്തുകൾ ഒഴിഞ്ഞുകിടന്നു.

ഹർത്താലിനോടനുബന്ധിച്ച‌് ജില്ലയിലെ വിവധ കേന്ദ്രങ്ങളിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു. കോൺഗ്രസ‌് പ്രവർത്തകരും പ്രകടനങ്ങൾ നടത്തി. എൽഡിഎഫ‌് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ എറണാകുളത്ത‌് നടന്ന പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. പ്രകടനം  ടൗൺഹാളിനുമുന്നിൽ നിന്നാരംഭിച്ച‌് ഹൈക്കോടതി ജങ‌്ഷനിൽ സമാപിച്ചു. തുടർന്ന‌് ചേർന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ‌്ഘാടനം ചെയ‌്തു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി.
എൽഡിഎഫ‌് ജില്ലാ കൺവീനർ ജോർജ‌് ഇടപ്പരത്തി, പി ജെ കുഞ്ഞുമോൻ (എൻസിപി), കെ ചന്ദ്രൻപിള്ള, സി കെ മണിശങ്കർ (സിപിഐ എം), ടി സി സഞ‌്ജിത‌് (സിപിഐ), മനോജ‌് പെരുമ്പിള്ളി (ജനതാദൾ), ചാൾസ‌് ജോർജ‌് (സിപിഐ എംഎൽ) എന്നിവർ സംസാരിച്ചു. എൽഡിഎഫ‌് മണ്ഡലം കൺവീനർ സാബു ജോർജ‌് സ്വാഗതവും സിപിഐ എം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ നന്ദിയും പറഞ്ഞു.

എൽഡിഎഫ‌് നേതാക്കളായ ടി എസ‌് ഷൺമുഖദാസ‌്, വി വി പ്രവീൺ, കെ വി മനോജ‌്, കെ കെ കലേശൻ, എൽ എ ഷക്കീർ, ഷാജൻ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. എൽഡിഎഫിനെ പുറത്തുനിന്നു പിന്തുണയ‌്ക്കുന്ന കക്ഷികളുടെ നേതാക്കളും പ്രവർത്തകരും അടക്കം പ്രകടനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home