പെരിയാറിൽ പെരുവെള്ളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2018, 09:39 PM | 0 min read


കൊച്ചി
ഇടമലയാർ അണക്കെട്ട‌് തുറന്നതോടെ പെരിയാർ കരകവിഞ്ഞു. വ്യാഴാഴ‌്ച പുലർച്ചെ 5.30 മുതൽ നദിയിലെ ജലനിരപ്പ‌് അതിവേഗം ഉയർന്നുതുടങ്ങി. ഏഴരയോടെ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി. ക്ഷേത്രത്തിന്റെ മേൽക്കൂര ഒഴികെ മറ്റുഭാഗങ്ങൾ വെള്ളത്തിനടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളംകയറി വിമാന സർവീസുകൾ തടസപ്പെട്ടു.
പെരുമ്പാവൂർ, ഏലൂർ, ആലുവ, കാഞ്ഞൂർ, നെടുമ്പാശേരി, പറവൂർ, വരാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ താഴ‌്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ജില്ലയിൽ 38 ദുരിതാശ്വാസ ക്യാമ്പുകളിലായി 525 കുടുംബങ്ങളിലെ 2301 പേരെ മാറ്റിപ്പാർപ്പിച്ചു. പെരിയാറിന‌് സമീപ പ്രദേശങ്ങളിൽ പലഭാഗത്തും റോഡ‌് ഗതാഗതം തടസപ്പെട്ടു.

ആലുവ, പറവൂർ , കുന്നത്തുനാട് ,  കണയന്നൂർ , താലൂക്കുകളിലാണ് ക്യാമ്പുകൾ തുറന്നിട്ടുള്ളത്. അണക്കെട്ട് തുറന്ന വ്യാഴാഴ‌്ച രാവിലെ അഞ്ചിന് ആലുവ പാലസിലെത്തിയ കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദേശം നൽകി. ജലനിരപ്പുയരുന്നതിനാൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാർ പൂർത്തിയാക്കിയിരുന്നു.  ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി  കലക്ടർ അറിയിച്ചു. മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ വിതരണം ചെയ്യും. ഓരോ ക്യാമ്പിലും ഒരു മെഡിക്കൽ ഓഫീസറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

ക്യാമ്പിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ചാർജ് ഓഫീസറെയും ചുമതലപ്പെടുത്തി. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. ആലുവ താലൂക്കിലെ കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിൽ തുറന്ന ക്യാമ്പിലാണ് ഏറ്റവുമധികം കുടുംബങ്ങൾ കഴിയുന്നത്. 166 കുടുംബങ്ങളിലെ 454 പേരാണ് ഇവിടെയുള്ളത്. 
വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ പൊലീസിനെയും ഫയർഫോഴ‌്സിനെയും നിയോഗിച്ചിരുന്നു. പെരിയാറിൽ വെള്ളം ഉയർന്നു തുടങ്ങിയതോടെ ആലുവ പാലത്തിൽനിന്ന‌് കാഴ‌്ചകാണാൻ ധാരാളം പേരെത്തി. ഇവരെ പൊലീസ‌് നിയന്ത്രിച്ചു.

തുടർന്ന‌് ഇവിടെനിന്ന‌് കാഴ‌്ച കാണാതിരിക്കാൻ പാലത്തിന്റെ വശങ്ങൾ  മറച്ചു. ജനങ്ങൾ പുഴയിലേക്ക‌് ഇറങ്ങുന്നത‌് കർശനമായി വിലക്കിയിരുന്നു. ഇറങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ‌് കയർ കെട്ടി സംരക്ഷണമൊരുക്കി.

പെരിയാറിന്റെ കൈവഴിയായ ചെങ്ങൽതോട‌് കരകവിഞ്ഞത‌് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. ഇവിടെനിന്നുള്ള വിമാന ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു. വിമാനത്താവളത്തിലെ ഫയർഫോഴ‌്സിന്റെ നേതൃത്വത്തിൽ വെള്ളം പുറത്തേക്ക‌് പമ്പു ചെയ‌്തു കളഞ്ഞ‌്  വൈകുന്നേരത്തോടെയാണ‌് ഗതാഗതം പുനഃസ്ഥാപിച്ചത‌്.   വിമാനത്താവളത്തിനു സമീപമുള്ള നായത്തോട‌്﹣കാഞ്ഞൂർ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ എൻ സി മോഹനൻ, ടി കെ  മോഹനൻ, ജോൺ ഫെർണാണ്ടസ‌് എംഎൽഎ തുടങ്ങിയവരും വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home