മഴ തന്നെ മഴ..

കൊച്ചി
കനത്ത മഴയിൽ കിഴക്കൻ മേഖലകളിൽ വെള്ളക്കെട്ടും ഗതാഗത കുരുക്കും ജനജീവിതം ദുസഹമാക്കി. ചെല്ലാനത്ത‌് വീണ്ടും കടൽ കയറിയത‌് തീരപ്രദേശത്തെ ആശങ്കയിലാക്കി. ഫോർട്ട‌്കൊച്ചിയിൽ സ‌്കൂൾ കെട്ടിടം തകർന്നുവീണു.
കോതമംഗലം മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പുഴയിൽ വെള്ളം ഉയർന്നതോടെ താഴ‌്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ‌്. മൂവാറ്റുപുഴയിലെ വാളകം പഞ്ചായത്തിലെ കടാതി, റാക്കാട‌്, മേക്കടമ്പ‌്, കുന്നയ‌്ക്കൽ, പെരുവംമൂഴി എന്നിവിടങ്ങളിലും മാറാടി പഞ്ചായത്തിലെ നോർത്ത‌് മാറാടി, സൗത്ത‌് മാറാടി, കായനാട‌് തുടങ്ങിയ സ്ഥലങ്ങളിലെ പാടശേഖരങ്ങളിലും മറ്റ‌് കൃഷിയിടങ്ങളിലും വെള്ളം കയറി. പെരുമ്പാവൂർ ഒക്കൽ പഞ്ചായത്തിലെ വെള്ളത്തിൽ മുങ്ങിയ തുരുത്ത‌് കലക‌്ടർ സന്ദർശിച്ചു. 36 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത‌് വേണ്ട സഹായപ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകിയാണ‌് കലകട‌്ർ മടങ്ങിയത‌്.
കോതമംഗലത്ത‌് തങ്കളം കുരുർ തോട് കരകവിഞ്ഞ് ഒഴുകിയതിനാൽ ജവഹർ കോളനിയിലെ വീടുകളിൽ വെള്ളം കയറി. കോളനിയിലെ 33 വീട്ടുകാരെ കോതമംഗലം ടൗൺ യുപി സ്കൂളിലെക്ക് മാറ്റി താമസിപ്പിച്ചു. ശക്തമായ മഴയുണ്ടാകുന്ന കാലവർഷങ്ങളിൽ കോളനിയിൽ വെള്ളം ഉയരാറുണ്ട്. മുനിസിപ്പൽ കൗൺസിലർ കെ എ നൗഷാദിന്റെ നേതൃത്വത്തിലാണ് ആളുകളെ മാറ്റി പാർപ്പിച്ചത്. കോതമംഗലം തഹസിൽദാർ, താലുക്ക് ഓഫിസ് ജീവനക്കാർ, പൊലിസ് , ഫയർ അൻഡ‌് റെസ്ക്യൂ, മറ്റ് സർക്കാർ സംവിധാനങ്ങളുടെ കൃത്യതയായ പ്രവർത്തനംമൂലം വേഗത്തിൽ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ കഴിഞ്ഞു.
ഫോർട്ട് കൊച്ചിയിൽ സ‌്കൂൾ കെട്ടിടം തകർന്നുവീണു. ഡെൽറ്റാ സ്കൂളിനോട് ചേർന്ന‌് അറ്റകുറ്റപ്പണികൾ നടത്തിവരുന്ന പഴയ കെട്ടിടമാണ‌് തകർന്നത‌്.
ചെല്ലാനത്ത് വീണ്ടും കടൽ കയറി. വേളാങ്കണ്ണി, ബസാർ പ്രദേശങ്ങളിലാണ് കടൽ തുടർച്ചയായി കയറുന്നത്. രാവിലെ ഏഴ് മുതലാണ് കടൽ കയറാൻ തുടങ്ങുന്നത്. ഇറിഗേഷൻ ഡിപ്പാർട‌്മെന്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക‌് ബാഗ് ഉപയോഗിച്ച് തടയണ നിർമാണം പുരോഗമിക്കുന്നുണ്ട്.
കൊച്ചി നഗരത്തിൽ പല ഭാഗത്തും വെള്ളക്കെട്ട‌് രൂക്ഷമായി. സൗത്ത‌് കെഎസ‌്ആർടിസി ബസ‌് സ്റ്റാൻഡ‌് പരിസരം, നോർത്ത‌് വെയിൽവേ സ‌്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ‌് വെള്ളക്കെട്ട‌്. ദേശാഭിമാനിയിൽനിന്ന‌് കറുകപ്പളളിയിലേക്ക‌് തിരിയുന്ന ജങ‌്ഷനിൽ കാന നിർമാണം അശാസ‌്ത്രീയമായതിനാൽ വെള്ളം കെട്ടിനിൽക്കുകയാണ‌്. ഗതഗത കുരുക്കും സൃഷ‌്ടിച്ചു. മഴ നാളെയും തുടരുമെന്നാണ‌് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത‌്.









0 comments