വീട‌് കുത്തിത്തുറന്ന‌് 30 പവനും പണവും കവർന്നു

കളമശേരി
കളമശേരിയിൽ വീടിന്റെ പൂട്ടുതകർത്ത് 30 പവനും 10,000 രൂപയും കവർന്നു. ചങ്ങമ്പുഴനഗറിനടുത്ത് പാരിജാതം റോഡിൽ ദേശീയപാതയോരത്ത‌് റിസർവ‌് ബാങ്ക് മുൻ ജനറൽ മാനേജർ രാജു കുര്യന്റെ വീട്ടിലാണ് കവർച്ച നടന്നത്. രാജു കുര്യനും ഭാര്യ ഉഷയും ഉഷയുടെ അമ്മയുടെ അസുഖവിവരമറിഞ്ഞ‌് തിങ്കളാഴ്ച രാവിലെ ഏഴോടെ ഏറ്റുമാനൂരിലെ വീട്ടിലേക്കുപോയ സമയത്താണ‌് മോഷണം.
നാലു മാല, ഒരു വള, അരപ്പവൻ വീതമുള്ള മൂന്നു മോതിരങ്ങൾ, ഇരുപതോളം സ്വർണക്കമ്മലുകൾ എന്നിവയും 10,000 രൂപയും നഷ്ടപ്പെട്ടു.
ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജോലിക്കാരി വന്നപ്പോൾ വീടിന്റെ ഗേറ്റ‌് തുറന്നുകിടക്കുകയായിരുന്നു. വീട്ടുകാർ എത്തിയെന്നു കരുതി പെൺകുട്ടി കോളിങ്ബെൽ അടിച്ചു. ആരെയും കാണാതെവന്നതോടെ മുൻവാതിൽക്കലെത്തി നോക്കിയപ്പോഴാണ് വാതിലിന്റെ പൂട്ടുപൊളിച്ചതു കണ്ടത്. തിങ്കളാഴ്ച രാവിലെ എട്ടിനും ബുധനാഴ്ച രാവിലെ പത്തിനും ഇടയ‌്ക്കുള്ള സമയത്താണ‌് കവർച്ചയെന്നാണ് അനുമാനം.
നാല‌് അലമാരകളിലും രണ്ടു യാത്രാബാഗുകളിലുമായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. എല്ലാ അലമാരകളിലും താക്കോൽ കിടപ്പുണ്ടായിരുന്നു.
അലമാരകളിലും ബാഗുകളിലുമുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
തൃക്കാക്കര അസി. കമീഷണർ പി വി ഷംസ്, കളമശേരി പൊലീസ് ഇൻസ്‌പെക്ടർ എ പ്രസാദ്, സബ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത് ക്ലിന്റ്, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. വിരലടയാളവിദഗ‌്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. കതകു പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും ലഭിച്ചിട്ടുണ്ട്.









0 comments