മയ്യഴിയിലെ മറക്കാത്ത കാഴ‌്ചകളൊരുക്കി മനോജിന്റെ ചിത്രപ്രദർശനം

കൊച്ചി
ആത്മാവുകൾ തുമ്പികളായി വിഹരിക്കുന്ന വെള്ളിയാങ്കല്ല‌് കാണാൻകൊതിക്കാത്ത മലയാളി ഉണ്ടാകില്ല. കാരണം മലയാളി മനസ്സിൽ അത്രയും ആഴത്തിൽ പതിഞ്ഞതാണ‌് എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’. വൈസ്രവണൻ ചെട്ടിയാർ കുഞ്ഞിമാണിക്യത്തെ പ്രാപിച്ച സ്ഥലവും ഷണ്ഡൻ സായ‌്‌വ‌് ദുഃഖഗാനം ആലപിച്ച മാളികയും അടങ്ങുന്ന പ്രദേശങ്ങളെ പുനർജനിപ്പിക്കുകയാണ‌് ടി മനോജിന്റെ ഫോട്ടോ പ്രദർശനം. ദർബാർ ഹാളിൽ ആരംഭിച്ച പ്രദർശനം എം മുകുന്ദൻ ഉദ‌്ഘാടനം ചെയ‌്തു. ജിസിഡിഎ ചെയർമാൻ സി എൻ മോഹനൻ, ഡോ. സെബാസ‌്റ്റ്യൻ പോൾ എന്നിവർ പങ്കെടുത്തു.
ഒന്നരവർഷം നീണ്ട പ്രയത്നത്തിലൂടെയാണ‌് മയ്യഴിപ്പുഴയിലെ വിവിധ കഥാസന്ദർഭങ്ങൾ മനോജ‌് ഫ്രെയിമിലാക്കിയത‌്. കുന്നിൻമുകളിലെ മൂപ്പൻ ബംഗ്ലാവിൽ എത്ര പാതിരാ കഴിഞ്ഞാലും പ്രകാശിക്കുന്ന ശരറാന്തലുകളും പള്ളിയിലെയും അമ്പലത്തിലെയും ആചാരാനുഷ‌്ഠാനങ്ങളും പ്രദർശനത്തിലുണ്ട‌്.
വടക്കൻ പറവൂർ സ്വദേശിയായ മനോജ‌് ചിത്രകാരനും മാധ്യമപ്രവർത്തകനുമാണ‌്. വൈക്കത്താണ‌് താമസം. മുമ്പ‌് ഖസാക്കിന്റെ ഇതിഹാസം ഇതുപോലെ ഫോട്ടോകളിലാക്കിയിരുന്നു. കർമപരമ്പരയിലെ കണ്ണികൾ എന്ന പേരിൽ ഈ ഫോട്ടോഗ്രഫി പഠനം പുസ‌്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട‌്. മയ്യഴിയിലൂടെയുള്ള യാത്രയും ഡിസി ബുക‌്സ‌് പുസ‌്തകമാക്കുകയാണ‌്.
പ്രദർശനം ഞായറാഴ‌്ച അവസാനിക്കും. കേരളത്തിനകത്തും പുറത്തും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട‌്. ഭാര്യ: ശ്രീജ. മക്കൾ: നന്ദിത, ദക്ഷിണാമൂർത്തി.








0 comments