മൂവാറ്റുപുഴ നഗരവികസനം: 39.25 കോടിയുടെ പദ്ധതി കിഫ്ബി പരിഗണനയിൽ

മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരവികസനത്തിന്റെ ഭാഗമായി 39.25 കോടി രൂപയുടെ വിശദമായ പദ്ധതി കിഫ്ബിയിൽ സമർപ്പിച്ചു. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ വ്യാഴാഴ്ച പകൽ 11ന് ഉന്നതതലയോഗം ചേരും. എൽദോ എബ്രഹാം എംഎൽഎ, കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള, നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ റവന്യൂ, പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെഎസ്ഇബി, കെഎസ്ടിപി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. ടൗൺ വികസനത്തിനായി ഇതുവരെ നടത്തിയ പ്രവൃത്തികളുടെ വിലയിരുത്തൽ, പണംനൽകി ഏറ്റെടുത്ത ഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ആലോചിക്കുന്നതിനാണ് യോഗം. മൂവാറ്റുപുഴ ടൗൺ വികസനത്തിനായി 62 പേരുടെ ഭൂമി പണംനൽകി ഏറ്റെടുത്തു. 21 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് കെഎസ്ടിപി 8.90 കോടി രൂപ അനുവദിച്ചതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാവുന്നു. ബാക്കി 52 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനും ഏറ്റെടുത്ത സ്ഥലത്തെ നിർമാണപ്രവർത്തനങ്ങൾക്കുമാണ് പൊതുമരാമത്ത് റോഡ് വിഭാഗം 39.25 കോടി രൂപയുടെ വിശദമായ പദ്ധതി തയ്യാറാക്കി കിഫ്ബിക്കു സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം പൊതുമരാമത്ത് റോഡ് വിഭാഗം ഡിസൈൻ യൂണിറ്റ് ഉദ്യോഗസ്ഥരും മൂവാറ്റുപുഴ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. പണംനൽകി ഏറ്റെടുത്ത ഭൂമിയിലെ വ്യാപാരസ്ഥാപന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് തയ്യാറാക്കിയ ആർആർ പാക്കേജും ലാൻഡ് റവന്യൂ കമീഷണറുടെ അംഗീകാരവും ലഭിച്ചു. ഇതോടൊപ്പം ഗുണഭോക്താക്കളുടെ യോഗവും ചേരും.
ടൗൺ വികസനത്തിന് ചില സ്ഥലങ്ങളിൽ ഭൂമി പരിവർത്തനം ചെയ്യേണ്ടതുണ്ട്. ഇതിനായി മൂവാറ്റുപുഴ കൃഷി ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ട് അഗ്രികൾച്ചറൽ പ്രൊഡക‌്ഷൻ കമീഷണറുടെ പരിഗണനയിലാണ്. ഇതിനും അനുമതി ലഭിക്കുമെന്നും ടൗൺവികസനം വേഗത്തിൽ പൂർത്തിയാക്കാനുള്ള ഊർജിത പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും എൽദോ എബ്രഹാം എംഎൽഎ പറഞ്ഞു.









0 comments