അഭിമന്യു സ്‌മാരകത്തിനെതിരെ വ്യാജപ്രചാരണം ; പിന്നിൽ കൊലയാളിസംഘത്തിന്റെ
കൂട്ടാളികൾ : സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 03:01 AM | 0 min read


കൊച്ചി
ക്യാമ്പസ്‌ ഫ്രണ്ട്‌ കൊലക്കത്തിക്കിരയാക്കിയ രക്തസാക്ഷി അഭിമന്യുവിന്റെ സ്‌മരണയിൽ കലൂരിൽ നിർമിച്ച സ്മാരകവുമായി ബന്ധപ്പെടുത്തി ഒരുവിഭാഗം കോൺഗ്രസ്‌ നേതാക്കൾ നടത്തുന്നത്‌ വ്യാജപ്രചാരണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌. ക്യാമ്പസ്‌ ഫ്രണ്ടും അതിന്റെ രക്ഷാകർത്താവായ എസ്‌ഡിപിഐയുമായും മുന്നണിയുണ്ടാക്കി എസ്‌എഫ്‌ഐയെ തകർക്കാൻ മഹാരാജാസ്‌ കോളേജിൽ ഉൾപ്പെടെ ഒന്നിച്ച്‌ പ്രവർത്തിക്കുന്ന കെഎസ്‌യുവിന്റെ സംരക്ഷകരാണ്‌ വ്യാജപ്രചാരണം നടത്തുന്നത്‌. മഹാരാജാസിന്‌ പുറത്ത്‌ അഭിമന്യു കുത്തേറ്റ്‌ വീണപ്പോഴും കൊലയാളിസംഘവുമായി ബന്ധം തുടർന്നവരാണിവർ.

ജനങ്ങൾ നൽകിയ സംഭാവനയെക്കാൾ കൂടുതൽ തുക ചെലവഴിച്ചാണ്‌ സിപിഐ എം അഭിമന്യു സ്‌മാരകം നിർമിച്ചത്‌. ഉദ്ഘാടനശേഷം ഇവിടെ തുടർച്ചയായി വിവിധ പരിപാടികൾ നടന്നുവരുന്നു. വിദ്യാർഥികൾക്ക്‌ ഓൺലൈൻ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അക്കാദമിക്‌ ഡയറക്ടറായി ഒരാളെ ചുമതലപ്പെടുത്തി. ചില വിദേശ സർവകലാശാലകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാൻ പ്രാരംഭനടപടികളും സ്വീകരിച്ചു. സാമൂഹ്യമാധ്യമരംഗത്ത്‌ വിദ്യാർഥികൾക്കും പ്രാന്തവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ഫ്രസ്വകാല പരീശിലന കോഴ്‌സുകൾക്കുള്ള അടിസ്ഥാനസാകര്യങ്ങൾ തയ്യാറാക്കുകയും ചെയ്തു. നഗരത്തിലെത്തുന്ന പട്ടികവർഗ / പട്ടികജാതി വിദ്യാർഥികൾക്ക്‌ മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പിനും സംവിധാനമൊരുക്കുന്നു.

സ്മാരകത്തിന്റെ താഴത്തെനിലയിൽ സഹകരണ ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്നുണ്ട്‌. പ്രതിമാസ ചെലവുകൾ, വെള്ളം, വൈദ്യുതി, മറ്റു ആവശ്യങ്ങൾ എന്നിവയ്ക്ക്‌ അഭിമന്യു ട്രസ്റ്റിന്‌ വേറെ വരുമാനമാർഗങ്ങളില്ല. ഏതെങ്കിലും കോർപറേറ്റിന്‌ സ്മാരക മന്ദിരത്തിന്റെ ഒരിഞ്ച്‌ സ്ഥലംപോലും നൽകിയിട്ടില്ല. സഹകരണ സ്ഥാപനത്തിൽനിന്ന്‌ വാടകയിനത്തിൽ കിട്ടുന്ന വരുമാനം പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും ദൈനംദിന ചെലവുകൾക്കുമാണ്‌ ഉപയോഗിക്കുന്നത്‌.
ഇതിനെയാണ്‌ വിവാദമാക്കുന്നത്‌. ഭൂമിതട്ടിപ്പ്‌ കേസിൽ കുടുങ്ങിയവരും ആജീവാനന്ത മാർക്സിസ്റ്റ്‌ വിരുദ്ധരുമാണ്‌ അഭിമന്യുവിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത്‌. അഭിമന്യുവിന്റെ ചേതനയറ്റ ശരീരം മഹാരാജാസിൽ പൊതുദർശനത്തിന്‌ വച്ചപ്പോൾപ്പോലും തിരിഞ്ഞുനോക്കാത്തവരാണ്‌ ഇവരെന്നും കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home