കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി 
പുനഃസംഘടന: തർക്കം രൂക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 12:53 AM | 0 min read


പെരുമ്പാവൂർ
പെരുമ്പാവൂർ, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ പുനഃസംഘടനയിൽ ഭാരവാഹിപ്പട്ടിക പുറത്തുവന്നതോടെ കോൺഗ്രസിൽ കലാപം രൂക്ഷം. പ്രവർത്തകരെ കൂടെനിർത്താൻ ജംബോ പട്ടികയുണ്ടാക്കിയതിൽ നേതാക്കൾ രാജിഭീഷണിയുമായി രംഗത്തുവന്നു. മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിലും പ്രതിഷേധം കനക്കുകയാണ്.
പെരുമ്പാവൂർ, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളിലായി 250 പേരാണ് ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെട്ടത്. ഇരുകമ്മിറ്റികളും ഡിസിസിക്ക് പട്ടിക നൽകിയിട്ടുണ്ട്. പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയിൽ 16 വൈസ് പ്രസിഡന്റുമാരും 50 സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ 99 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കുറുപ്പുംപടിയിലും ഇത്രയും പേരുണ്ട്‌. തർക്കം പരിഹരിക്കാൻ ഇനിയും കുറച്ചുപേരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന്‌ നേതാക്കൾ പറയുന്നു.

ടൗണിലുള്ള ഇന്ദിരഭവനിൽ 75 കസേരകളാണുള്ളത്. ഇത്രയും പേരെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ എങ്ങനെ ബ്ലോക്ക് കമ്മിറ്റിയും ജനറൽ ബോഡിയും ചേരുമെന്നാണ്  പ്രതിഷേധമുള്ള നേതാക്കൾ ചോദിക്കുന്നത്. പട്ടികയിലെ എണ്ണം വർധിപ്പിച്ചതിൽ ബ്ലോക്ക് സെക്രട്ടറിമാരായ പലരും രാജിക്കൊരുങ്ങുകയാണ്. ബ്ലോക്ക് ഭാരവാഹികളായിരുന്ന ബേബി തോപ്പിലാൻ, എം വി ബെന്നി, സി ജെ ബാബു, എം ഒ ജോസ്, വി എച്ച് ഇബ്രാഹിം എന്നിവരെ ഒഴിവാക്കിയതിലും പ്രതിഷേധമുണ്ട്‌. ബെന്നി ബെഹനാൻ എംപി നേതൃത്വം നൽകുന്ന എ ഗ്രൂപ്പും എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഐ ഗ്രൂപ്പും ഡിസിസി ജനറൽ സെക്രട്ടറി ബേസിൽ പോളിന്റെ മൂന്നാം ഗ്രൂപ്പും സമവായത്തിലെത്തിയാണ് പട്ടിക തയ്യാറാക്കിയത്. എ വിഭാഗവും ഐ വിഭാഗവും തമ്മിലുള്ള പോരിന്റെ മറവിൽ മൂന്നാം ഗ്രൂപ്പ്‌ സ്വാധീനം വർധിപ്പിച്ചത് ഇരുവിഭാഗത്തിനും തലവേദനയായിട്ടുണ്ട്. വേങ്ങൂർ, വെങ്ങോല, കൂവപ്പടി, കോടനാട്, ഒക്കൽ മണ്ഡലം പ്രസിഡന്റുമാർ മൂന്നാം ഗ്രൂപ്പിലേക്ക് ചേക്കേറിയത് ഐ ഗ്രൂപ്പിന് തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Home