സൈബർ ക്രിമിനലുകൾ തട്ടിയത് 25 കോടി

കൊച്ചി
ഇരുപത്തിനാലുകാരിയായ കോളേജ് വിദ്യാർഥിനി പതിവില്ലാതെ ധൃതിയിൽ വീട്ടിലെത്തി മുറിയിൽ കയറി കതകടച്ചു. വീട്ടുകാർ വിളിച്ചിട്ടും കതക് തുറക്കാൻ കൂട്ടാക്കിയില്ല. ഭയന്ന വീട്ടുകാർ ഇൻഫോപാർക്ക് പൊലീസിനെ വിളിച്ചു. ഒടുവിൽ അമ്മ ജനലിന് അരികിലെത്തി മകളുടെ കൈയിൽനിന്ന് മൊബൈൽ ഫോൺ വാങ്ങിയെടുത്തു. സംഭവങ്ങളുടെ ചുരുളഴിഞ്ഞത് അപ്പോൾ.
സൈബർ തട്ടിപ്പുകാരുടെ വെർച്വൽ അറസ്റ്റ് ഭീഷണിയിൽ അകപ്പെട്ടിരിക്കുകയായിരുന്നു പെൺകുട്ടി. കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടിൽ പെൺകുട്ടിയുടെ സിം കാർഡ് ഉപയോഗിച്ചെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ഫോൺ വിളിച്ചത്. പൊലീസിൽനിന്നാണെന്നും അറസ്‌റ്റിലാണെന്നും അവർ പറഞ്ഞു. ഉത്തരേന്ത്യക്കാരനായ പൊലീസുകാരൻ യൂണിഫോമിൽ വീഡിയോ കോളിലെത്തി. അയാളുടെ പിന്നിൽ ഇരുട്ടിൽ കൈകൾ കെട്ടിയിട്ടനിലയിൽ ഒരു പെൺകുട്ടിയുടെ കരച്ചിലും.
കോൾ കട്ട് ചെയ്യരുതെന്നായിരുന്നു നിർദേശം. അവൾ സ്‌കൂട്ടർ ഓടിച്ച് വീട്ടിലെത്തി. മുറിയിൽ കയറി വീട്ടിലെ കംപ്യൂട്ടർ ഓണാക്കി. ഇ -മെയിൽ തുറക്കാനുള്ള അടുത്ത നിർദേശവും അനുസരിച്ചു. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി നോക്കിയില്ലായിരുന്നെങ്കിൽ പെൺകുട്ടിയുടെ അക്കൗണ്ടിലെ പണം സൈബർ തട്ടിപ്പുകാരുടെ കൈകളിലായേനെയെന്ന് ഇൻഫോപാർക്ക് പൊലീസ്.
വെർച്വൽ അറസ്‌റ്റിന്റെ പേരിൽ കൊച്ചിയിൽ ആറു മാസത്തിനിടെ സൈബർ തട്ടിപ്പുകാർ കൊണ്ടുപോയത് 25 കോടിയോളം രൂപയാണ്. അമ്പത് കേസ് രജിസ്‌റ്റർ ചെയ്‌തു. പതിനഞ്ചുപേർ അറസ്‌റ്റിലായി. തട്ടിപ്പുകാർ കൂടുതലും ലക്ഷ്യമിടുന്നത് മുതിർന്ന പൗരൻമാരെയാണ്. എൺപത് ശതമാനവും 55 വയസ്സിന് മുകളിലുള്ളവർ.
എറണാകുളത്തെ അസി. പ്രൊഫസറിൽനിന്ന് 4.12 കോടി തട്ടിയ രണ്ടുപേരെ സൈബർ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മുംബൈ പൊലീസിന്റെ പേരിൽ എറണാകുളം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തയാളും വലയിലായി.
ശ്രദ്ധിക്കാം,
പതിവ് ഭീഷണികൾ
നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്‌ത് എടുത്ത മൊബൈൽ നമ്പർ ഉപയോഗിച്ച് അനധികൃത കാര്യങ്ങൾ നടന്നു, നിങ്ങൾക്ക് വന്ന കൊറിയറിൽ എംഡിഎംഎ അല്ലെങ്കിൽ അനധികൃത വിദേശ കറൻസിയുണ്ട് തുടങ്ങിയ ഭീഷണികളാണ് സൈബർ ക്രിമിനലുകൾ നിരത്തുക. നിങ്ങളുടെ അക്കൗണ്ടിലെ പണം ആധികാരികമാണോ എന്ന് പരിശോധിക്കാൻ അവർ പറയുന്ന അക്കൗണ്ടിലേക്ക് അയക്കാൻ പറയും. പണം തിരികെ കിട്ടാതാകുമ്പോഴാണ് പലരും പരാതിപ്പെടുക.
ആദ്യം പണം എത്തുന്നത് ഉത്തരേന്ത്യക്കാരുടെ അക്കൗണ്ടുകളിലേക്കാണ്. ഈ അക്കൗണ്ടുകളിൽനിന്ന് രണ്ടാംഘട്ടം പണം കൈമാറ്റമുണ്ടാകുന്നുണ്ട്. ഇതിൽ 40 ശതമാനവും മലയാളികളുടെ അക്കൗണ്ടുകളിലേക്കാണെന്നും പൊലീസ് പറയുന്നു.
അടുത്ത
സ്‌റ്റേഷനിൽ വിളിക്കൂ
വെർച്വൽ അറസ്റ്റ് കോൾ വന്നാൽ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് ഈ വിവരം കൈമാറാൻ ആവശ്യപ്പെടുക. ആ സ്റ്റേഷനുമായി ബന്ധപ്പെട്ട് നിയമനടപടികൾ കൈക്കൊള്ളാമെന്ന് അവരോട് പറയുക. ഇതോടെ കോൾ കട്ട് ചെയ്‌ത് തട്ടിപ്പുകാർ തടിതപ്പുമെന്ന് പൊലീസ്.









0 comments