ഗോപിയാശാനില്‍ അത്ഭുതമുണര്‍ത്തി സ്വന്തം "നവരസങ്ങള്‍'

നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിൽ പ്രദർശിപ്പിച്ചിട്ടുള്ള തന്റെതന്നെ നവരസഭാവങ്ങൾ കാണാൻ കലാമണ്ഡലം ഗോപിയെത്തി. പച്ചവേഷത്തിൽ ‘ഗോപിയാശാന്റെ' ഒമ്പതു രസഭാവങ്ങളുടെ സൂക്ഷ്മാംശങ്ങൾ തനിമ ചോരാതെ പെയിന്റിങ്ങിൽ ആവിഷ്‌കരിച്ചാണ് സിയാലിൽ സൂക്ഷിച്ചിട്ടുള്ളത്.
കലാമണ്ഡലം ഗോപി കഥകളിവേഷം ധരിച്ച് ഭാവപ്രകാശം നടത്തിയത് ഫോട്ടോഗ്രാഫുകളിലാക്കിയത് ചിത്രകാരൻ മോപ്പസാങ് വാലത്ത് പെയിന്റിങ്ങിൽ ആവിഷ്‌കരിക്കുകയായിരുന്നു. യാത്രാസംവിധാനം എന്നതിലപ്പുറം വിമാനത്താവളത്തിൽ കലാ-സാംസ്‌കാരിക വേദിയൊരുക്കുകയാണ് സിയാലെന്ന് മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.
സിയാൽപോലുള്ള അഭിമാനസ്ഥാപനങ്ങൾ ഇത്തരം കലാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു. വിമാനത്താവളങ്ങൾപോലെ രാജ്യാന്തരയാത്രക്കാർ എത്തുന്ന ഒരു സ്ഥലത്ത് ഇത്തരം പ്രദർശനങ്ങളിലൂടെ നൽകുന്ന പിന്തുണ വലുതാണെന്നും അദ്ദേഹം പറഞ്ഞു. പ്രോജക്ട് കോ–-ഓർഡിനേറ്ററും കഥകളി പണ്ഡിതനുമായ ഡോ. രാജശേഖർ പി വൈക്കം, മോപ്പസാങ് വാലത്ത്, കഥകളിഗായകൻ കോട്ടക്കൽ മധു, വിമാനത്താവള ഡയറക്ടർ ജി മനു, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ ജോർജ്, വി ജയരാജൻ എന്നിവരും പങ്കെടുത്തു.









0 comments