മന്ത്രി പി രാജീവിന്റെ ‘സ്നേഹവീട്' പദ്ധതി: എട്ടാമത്തെ വീടിന് കല്ലിട്ടു

കളമശേരി
മണ്ഡലത്തിലെ 30 കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് വ്യവസായമന്ത്രി പി രാജീവ് ആവിഷ്കരിച്ച "സ്നേഹവീട്' പദ്ധതിയിൽ എട്ടാമത്തെ വീടിന് കല്ലിട്ടു. ഏലൂർ കുറ്റിക്കാട്ടുകര പരേതനായ കുരീക്കാട്ടുപറമ്പിൽ ബഷീറിന്റെ ഭാര്യ ലൈല ബഷീറിനായി നിർമിക്കുന്ന വീടിനാണ് മന്ത്രി പി രാജീവ് കല്ലിട്ടത്. പദ്ധതിയിൽ ആദ്യഘട്ടമായി 20 വീടുകളാണ് നിർമിക്കുന്നത്.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതി നിർവഹണം പൂർത്തിയാക്കുക. ഇതോടൊപ്പം മറ്റു സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തും. ഒരാൾക്ക് എട്ടുലക്ഷം രൂപവീതം ചെലവഴിച്ചാണ് വീടുനിർമാണം. 500 ചതുരശ്രയടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്. സ്നേഹവീട് പദ്ധതിയുടെ ഭാഗമായി നാല് വീടുകളുടെ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. മറ്റു വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
ഒപ്പം എന്ന പേരിൽ വിവിധ വിഭാഗം ജനങ്ങൾക്കായി നടപ്പാക്കുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് ‘സ്നേഹവീട്' പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏലൂർ നഗരസഭ മുൻ അധ്യക്ഷ സി പി ഉഷ അധ്യക്ഷയായി. ചെയർമാൻ എ ഡി സുജിൽ, ജനപ്രതിനിധികളായ നിസി സാബു, പി എം ഷെറിൻ, എൽഡ ഡിക്രൂസ് തുടങ്ങിയവർ സംസാരിച്ചു.









0 comments