പരിമിതികളെ മറികടന്ന് ക്രിക്കറ്റ് സ്വപ്‌നങ്ങളിലേക്ക്

സ്വന്തം ലേഖിക
കൊച്ചി
കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ആഗോളതലത്തിൽ വിപുലീകരിക്കാൻ പ്രവർത്തനങ്ങൾ നടത്തുമെന്ന് വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (ഡബ്ല്യുബിസിസി) സെക്രട്ടറി ജനറലായി തെരഞ്ഞെടുത്ത രജനീഷ് ഹെൻറി. കൊച്ചിയിൽ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പംമുതൽ കൂടെ കൂട്ടിയ, ആറാംവയസ്സിൽ കാഴ്‌ച നഷ്‌ടപ്പെട്ടപ്പോഴും കൈവിടാതിരുന്ന ക്രിക്കറ്റ് സ്വപ്‌നങ്ങളും രജനീഷ് ഹെൻറി പങ്കുവച്ചു.
14 വർഷം കേരളത്തിനായി പാഡ് അണിഞ്ഞിട്ടുണ്ട് രജനീഷ്. വൺഡൗൺ ബാറ്ററായിരുന്നു. മഹാരാജാസ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നപ്പോഴാണ് രജനീഷും സുഹൃത്തുക്കളും ചേർന്ന് ആദ്യമായി ബ്ലൈൻഡ് ക്രിക്കറ്റ് ടീം രൂപീകരിച്ച് മാച്ചുകൾ സംഘടിപ്പിച്ചത്. ഇന്ത്യൻ എ ടീം താരവുമായിരുന്നു. 2012ൽ ക്രിക്കറ്റ് അസോസിയേഷൻ ബ്ലൈൻഡ് ഫോർ ബ്ലൈൻഡ് ഇൻ കേരള എന്ന പേരിൽ സംസ്ഥാനതലത്തിൽ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിച്ചപ്പോൾ ജനറൽ സെക്രട്ടറിയായി. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് പാകിസ്ഥാനിലെ മുൾട്ടാനിൽ ചേർന്ന ഡബ്ല്യുബിസിസിയുടെ 26–-ാമത് വാർഷിക പൊതുയോഗത്തിലാണ് സെക്രട്ടറി ജനറലായി രജനീഷിനെ തെരഞ്ഞെടുത്തത്.
ബ്ലൈൻഡ് ക്രിക്കറ്റിന്റെ ഉന്നമനത്തിനാണ് പ്രഥമ പരിഗണനയെന്ന് രജനീഷ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന വെല്ലുവിളി. തുടർച്ചയായി കളികൾ സംഘടിപ്പിച്ച് ഫണ്ട് സമാഹരിക്കും. ഡബ്ല്യുബിസിസിയുടെ ആസ്ഥാനം ലണ്ടനിൽനിന്ന് ദുബായിലേക്ക് എത്തിക്കുന്ന വലിയ ഉത്തരവാദിത്വവും നിർവഹിക്കാനുണ്ട്. സമർത്തൻ ട്രസ്റ്റ് ഫോർ ദ ഡിസേബിൾഡുമായി സഹകരിച്ച് കാഴ്ചപരിമിതർക്കായുള്ള ആദ്യ വനിതാ ട്വന്റി20 ലോകകപ്പ് 2025 നവംബറിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ്എസിലെ ഇംഗ്ലീഷ് അധ്യാപകനുമാണ് രജനീഷ്. ഡബ്ല്യുബിസിസിയുടെ ഫിനാൻസ് ഡയറക്ടറായി തെരഞ്ഞെടുത്ത കെ എൻ ചന്ദ്രശേഖറിനെയും ചടങ്ങിൽ ആദരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, നാവിയോ ഷിപ്പിങ് കമ്പനി ചെയർമാൻ അജയ് തമ്പി, സിഎബികെ പ്രസിഡന്റ് അനിൽകുമാർ, ഡോ. ബിന്ദു ദിവശങ്കർ തുടങ്ങിയവർ സംസാരിച്ചു.









0 comments