തൃക്കാക്കര നഗരസഭ ; ഗ്രൂപ്പ് തർക്കം, രാജിനാടകം തുടർക്കഥയാകുന്നു

തൃക്കാക്കര
ഗ്രൂപ്പ് തർക്കവും അധികാരവടംവലിയും രൂക്ഷമായ തൃക്കാക്കര നഗരസഭയിൽ സ്ഥിരംസമിതിയിൽനിന്നുള്ള രാജി തുടർക്കഥയാകുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും യുഡിഎഫ് കൗൺസിലറുമായ റാഷിദ് ഉള്ളമ്പള്ളി വ്യാഴാഴ്ച ആരോഗ്യ സ്ഥിരംസമിതി അംഗത്വം രാജിവച്ചു. വെള്ളിയാഴ്ച ധനകാര്യ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റാഷിദ് പറഞ്ഞു.
റാഷിദിന്റെ രാജിയോടെ ആരോഗ്യ സ്ഥിരംസമിതിയിൽ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു. നിലവിൽ യുഡിഎഫ് മൂന്ന്, എൽഡിഎഫ് രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആരോഗ്യസമിതിയിൽ മാലിന്യസംസ്കരണത്തിൽ വ്യാജ ബില്ലുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ കോൺഗ്രസിലുണ്ടായ പടലപ്പിണക്കമാണ് സ്ഥിരംസമിതി മാറാനുള്ള റാഷിദിന്റെ തീരുമാനത്തിന് പിന്നിൽ. ഒരുമാസംമുമ്പ് ആരോഗ്യസമിതി അംഗത്വം രാജിവച്ച് പൊതുമരാമത്ത് അധ്യക്ഷയാകാൻ യുഡിഎഫിലെ ലാലി ജോഫിൻ ശ്രമം നടത്തി. എന്നാൽ, പത്രിക വരണാധികാരി തള്ളി. ഇതോടെ തൊട്ടടുത്ത ആഴ്ച നടന്ന തെരഞ്ഞടുപ്പിൽ ആരോഗ്യസമിതിലേക്ക് തിരികെവരാൻ എൽഡിഎഫിലെ ലിയ തങ്കച്ചനോട് വീണ്ടും മത്സരിച്ചു. സ്ഥിരംസമിതി യോഗത്തിൽ തുടർച്ചയായി പങ്കെടുക്കാതിരുന്ന മുൻ നഗരസഭാ അധ്യക്ഷയും യുഡിഎഫ് കൗൺസിലറുമായ അജിത തങ്കപ്പനെ അയോഗ്യയാക്കിയിരുന്നു. അയോഗ്യത നീക്കണമെന്ന അജിതയുടെ അപേക്ഷ നഗരസഭ ചർച്ചയ്‌ക്കെടുത്ത് വോട്ടിനിടും. 23ന് ആരോഗ്യ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷരോട് രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇരുവരും രാജിക്ക് സമ്മതം അറിയിച്ചിട്ടില്ല.









0 comments