ഗ്രൂപ്പ്‌ തർക്കം, അഴിമതി, അയോഗ്യത : 
നാണംകെട്ട്‌ തൃക്കാക്കര നഗരസഭ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 02:23 AM | 0 min read


തൃക്കാക്കര
അധികാരത്തിൽവന്ന്‌ നാലുവർഷം പൂർത്തിയാകാനിരിക്കെ തൃക്കാക്കര നഗരസഭയിലെ യുഡിഎഫ്‌ ഭരണസമിതി വാർത്തകളിൽ ഇടംപിടിച്ചത്‌ വിവാദങ്ങളിൽ മാത്രം. ഐടി നഗരത്തിന്റെ പെരുമയ്‌ക്കു ചേർന്ന വികസനപ്രവർത്തനങ്ങൾ ഒന്നുപോലും എടുത്തുപറയാനില്ലാത്ത ഭരണസമിതിയിൽനിന്ന്‌ പുറത്തുവന്നത്‌ അധികാരത്തർക്കത്തിന്റെയും അഴിമതിയുടെയും നാണംകെട്ട കഥകൾ. അതിലെ ഒടുവിലെ ഏടാണ്‌ മുൻ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി.  നാൽപ്പത്തിമൂന്ന്‌ അംഗ കൗൺസിലിൽ കോൺഗ്രസിന് 16 ഉം  മുസ്ലിംലീഗിന് അഞ്ചും അംഗങ്ങളുണ്ട്‌. അഞ്ച്‌ കോൺഗ്രസ്‌ വിമതരുടെ പിന്തുണയിലാണ്‌ യുഡിഎഫ്‌ ഭരണം പിടിച്ചത്‌. വിമതരിൽ ഒരാൾ പിന്നീട്‌ എൽഡിഎഫിന്‌ ഒപ്പംചേർന്നു.

രണ്ടരവർഷംവീതം ഐ ഗ്രൂപ്പിലെ അജിത തങ്കപ്പനും എ ഗ്രൂപ്പിലെ രാധാമണിപിള്ളയും അധ്യക്ഷസ്ഥാനം വീതംവയ്ക്കണമെന്നായിരുന്നു തുടക്കത്തിലെ ധാരണ. അജിത അധ്യക്ഷയായിരിക്കെ ഓണസമ്മാനമായി കൗൺസിലർമാർക്ക് പണക്കിഴി നൽകിയതും ഓണാഘോഷം നടത്തിപ്പിൽ അഴിമതി നടത്തിയതായും ആരോപണം ഉയർന്നു. എൽഡിഎഫ്‌ പുറത്തുകൊണ്ടുവന്ന അഴിമതികൾക്ക്‌ കോൺഗ്രസിലെ എ ഗ്രൂപ്പും പിന്തുണയുമായെത്തി. പണക്കിഴി വിവാദത്തിൽ വിജിലൻസ് അജിത തങ്കപ്പനെ പ്രതിയാക്കി കേസെടുത്തിരുന്നു. ഇതുൾപ്പെടെ അഞ്ച്‌ പരാതികളിൽ അജിത വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്‌.

രണ്ടരവർഷം കഴിഞ്ഞ് അധ്യക്ഷസ്ഥാനം ഒഴിയാതിരിക്കാൻ ശ്രമം നടത്തിയെങ്കിലും എതിർവിഭാഗം നിലപാട്‌ കടുപ്പിച്ചതോടെ രാജിവച്ചു. പകരം വന്ന എ ഗ്രൂപ്പിലെ രാധാമണിപിള്ളയ്‌ക്ക് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട്‌ അസാധുവാക്കി അജിത വീണ്ടും വിവാദത്തിലായി.അധ്യക്ഷസ്ഥാനം ഒഴിഞ്ഞ അജിത, എ ഗ്രൂപ്പ് നേതാവ് നൗഷാദ് പല്ലച്ചി അധ്യക്ഷനായ വിദ്യാഭ്യാസ സ്ഥിരംസമിതിയിൽനിന്ന്‌ മറ്റൊരു സ്ഥിരംസമിതിയിലേക്ക് മാറ്റം  ആവശ്യപ്പെട്ടെങ്കിലും പാർടി അംഗീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് സമിതി യോഗങ്ങളിൽനിന്ന്‌ തുടർച്ചയായി വിട്ടുനിന്നു. ഇക്കാലയളവിലെ ഏതാനും കൗൺസിൽ യോഗങ്ങളിൽ അജിത എത്തിയിരുന്നു. ഒമ്പതു മാസം തുടർച്ചയായി സ്ഥിരംസമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്ന് നഗരപാലിക നിയമം സെക്‌ഷൻ - -91 (കെ) പ്രകാരമാണ്‌ അയോഗ്യയാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home