ഇന്ന്‌ 
കൊടിയിറക്കം ; കിരീടപ്പോരാട്ടം 
ആലുവയും 
എറണാകുളവും തമ്മിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 02:43 AM | 0 min read

പെരുമ്പാവൂർ
ജില്ലാ കലോത്സവം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ കിരീടപ്പോരാട്ടത്തിൽ എറണാകുളം നേരിയ ലീഡുമായി മുന്നിലാണ്‌. 816 പോയിന്റോടെയാണ് നിലവിലെ ചാമ്പ്യന്മാർ മുന്നിൽ കയറിയത്. ആലുവ 790 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്‌. ആതിഥേയരായ പെരുമ്പാവൂരിനെ (712) നാലാംസ്ഥാനത്തേക്ക് പിന്തള്ളി, 732 പോയിന്റുമായി നോർത്ത് പറവൂർ മൂന്നാംസ്ഥാനത്തെത്തി. സ്‌കൂൾ വിഭാഗത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസ് (291) കിരീടമുറപ്പിച്ചു. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസും (221) നിലവിലെ ചാമ്പ്യൻമാരായ എറണാകുളം സെന്റ് തെരേസാസും (218) തമ്മിലാണ് രണ്ടാംസ്ഥാനത്തിനായുള്ള പോരാട്ടം. നോർത്ത് പറവൂർ പുല്ലംകുളം എസ്‌എൻ എച്ച്എസ്എസാണ്‌ (193) നാലാമത്‌.

സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ ആലുവ ചാമ്പ്യന്മാരായി (93). നോർത്ത് പറവൂർ (90) രണ്ടാംസ്ഥാനക്കാരായി. പെരൂമ്പാവൂർ, തൃപ്പൂണിത്തുറ ഉപജില്ലകൾ 88 വീതം പോയിന്റുകൾ നേടി മൂന്നാംസ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ നോർത്ത് പറവൂർ (88), അങ്കമാലി (84) ഉപജില്ലകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇരുവിഭാഗങ്ങളിലും ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസിനാണ് സ്‌കൂൾ കിരീടം. എച്ച്എസിൽ 83 പോയിന്റ്, യുപിയിൽ 60 പോയിന്റ്. അറബിക് കലോത്സവം യുപി വിഭാഗത്തിൽ ആലുവ, മൂവാറ്റുപുഴ ഉപജില്ലകൾ 65 പോയിന്റുമായി ഒന്നാംസ്ഥാനം പങ്കിട്ടു. വൈപ്പിൻ എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം എച്ച്എസ്എസ് സ്‌കൂൾ ചാമ്പ്യന്മാരായി (45 പോയിന്റ്). ഹൈസ്‌കൂൾ വിഭാഗത്തിൽ ഒരിനം ബാക്കിയുണ്ട്. പെരുമ്പാവൂർ ഉപജില്ലയാണ് മുന്നിൽ (90), ഹിദായത്തുൽ ഇസ്‌ലാം എച്ച്എസ്എസ് സ്‌കൂൾ കിരീടം ഉറപ്പിച്ചു (78).

അവസാനദിനം ഒമ്പത്‌ വേദികളിൽ മാത്രമാണ് മത്സരം. സംഘനൃത്തം, മാർഗംകളി, വഞ്ചിപ്പാട്ട്, ബാൻഡ് മേളം, വൃന്ദവാദ്യം, അറബിക് നാടകം ഇനങ്ങളിൽ മത്സരമുണ്ട്. വൈകിട്ട് നാലിനാണ് സമാപന സമ്മേളനം.

പാളിയില്ല, 
ഹിറ്റായി പളിയനൃത്തം
പളിയനൃത്തത്തിൽ വിജയികളായി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ്. തേക്കടിക്കടുത്തുള്ള പളിയക്കുടി നിവാസിയായ അഞ്ജലി ലാലുവാണ് 12 അംഗ സംഘത്തെ പളിയനൃത്തം പഠിപ്പിച്ചെടുത്തത്. എച്ച്എസ് വിഭാഗം പളിയനൃത്തത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ വീട്ടൂർ എബനേസർ എച്ച്‌എസ്‌എസ്‌ അടക്കം കൂടുതൽ ടീമുകളും യൂട്യൂബ്‌ നോക്കിക്കൂടിയാണ്‌ പഠിച്ചത്‌. 

 

നാലു ടീം മാറ്റുരച്ച മത്സരത്തിൽ എല്ലാവരും എ ഗ്രേഡ് നേടി. ഇടുക്കി കുമളിയിലുള്ള പളിയർ ആദിവാസിവിഭാഗത്തിന്റെ പരമ്പരാഗതനൃത്തമാണിത്. പളിയക്കുടിയിലെ ഉത്സവത്തോടനുബന്ധിച്ച് നോമ്പുനോറ്റാണ് നൃത്തം ചെയ്യുക. 22 പേർ ഒരുമണിക്കൂർ നൃത്തമാടും. കലോത്സവമത്സരത്തിന് 15 മിനിറ്റും 12 ടീം അംഗങ്ങളുമാണ്‌. മുഴക്കമുള്ള ജമ്പ, ഡ്രമ്മിനുസമാനമായ നകാര, ദാൽറ, മുളവാദ്യം, ചിലങ്ക എന്നിവയാണ് വാദ്യങ്ങൾ. ഇഞ്ചമരത്തിന്റെ തോല് ഉപയോഗിച്ചുള്ള അരക്കെട്ടും അതിനു പുറത്തുള്ള മുരിക്കിന്റെ മുത്തുകെട്ടും തലയിൽ തൂവലുമാണ് വേഷം.
 

ഇതാണ്‌ ചേട്ടാ, 
മികച്ച നടൻ
ഹൈസ്കൂൾ വിഭാഗം നാടകത്തിൽ മികച്ച നടനായി വിശ്വാസ്‌ വാസ്‌. ചേട്ടൻ വിസ്‌മയ്‌ വാസും സുഹൃത്ത്‌ അബിൻ രാജും ചേർന്ന്‌ സംവിധാനം ചെയ്ത "അൽഷിമേഴ്‌സ്' എന്ന നാടകത്തിൽ രാജാവ്, ഭരതന്റെ അനുജൻ എന്നീ വേഷങ്ങളാണ്‌ വിശ്വാസ്‌ അവതരിപ്പിച്ചത്‌. കടയിരുപ്പ് ഗവ. എച്ച്‌എസ്‌എസിലെ എട്ടാംക്ലാസ്‌ വിദ്യാർഥിയാണ്‌. ബാലസംഘം ജില്ലാ പ്രസിഡന്റാണ്‌ നാടകം സംവിധാനം ചെയ്ത വിസ്‌മയ്‌. നാടകത്തിന്‌ എ ഗ്രേഡ്‌ ലഭിച്ചു. സിപിഐ എം കുന്നത്തുനാട് ലോക്കൽ സെക്രട്ടറി എൻ വി വാസുവിന്റെയും  മിനിയുടെയും മകനാണ്‌.

ഉറുദു ഗസലിൽ സർഗ
ഉറുദു ഗസലിൽ മൂന്നാംതവണയും സംസ്ഥാനതലത്തിൽ മത്സരിക്കാൻ സർഗ ജേഥു. എച്ച്‌എസ്‌എസ്‌ വിഭാഗം ഉറുദു ഗസലിൽ ഒന്നാമതെത്തിയ സർഗ പ്ലസ്‌ടു വിദ്യാർഥിനിയായതിനാൽ ഇനി സ്കൂൾതല കലോത്സവങ്ങളിൽ അവസരമില്ല. പത്താംക്ലാസിൽ മലപ്പുറത്തെ പ്രതിനിധാനംചെയ്‌താണ്‌ സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചത്‌. പ്ലസ്‌ വണ്ണിനാണ്‌ എറണാകുളത്തേക്ക്‌ വരുന്നത്‌. സ്വന്തമായി ഹാർമോണിയം വായിച്ചാണ്‌ സർഗ പാടുന്നത്‌. തബല വായിക്കുന്നത്‌ ചേട്ടൻ സിദ്ധാർഥ്‌ ജേഥുവും. പറവൂർ പുല്ലംകുളം എസ്‌എൻ എച്ച്‌എസ്‌എസിലെ വിദ്യാർഥിയാണ്‌ സർഗ.
 



deshabhimani section

Related News

View More
0 comments
Sort by

Home