അതിജീവനവഴിയിൽ പുരസ്‌കാരമധുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 02:53 AM | 0 min read


കൊച്ചി
അതിജീവനത്തിന്റെ, പ്രചോദനത്തിന്റെ തിളക്കമുണ്ട്‌ മുഹമ്മദ്‌ ജാബിറിന്റെയും റോബി ടോമിയുടെയും വാക്കുകളിൽ. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനും ഇനിയും ഏറെ വ്യക്തികൾക്ക്‌ പുതുജീവിതം പകരാനുമുള്ള ഊർജമാണ്‌ ഇരുവർക്കും സാമൂഹ്യനീതിവകുപ്പിന്റെ പുരസ്‌കാരം സമ്മാനിക്കുന്നത്‌. ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ചവർക്കുള്ള പുരസ്‌കാരത്തിനാണ്‌ ഇരുവരും അർഹരായത്‌.

‘ഒരിക്കലും നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങരുത്‌. നമ്മളും മറ്റുള്ളവരെപ്പോലെയാണ്‌. അസാധ്യമായി ഒന്നുമില്ല’–- മുഹമ്മദ്‌ ജാബിറിന്റെ വാക്കുകളിൽ ആത്മവിശ്വാസം. മസ്‌കുലർ ഡിസ്‌ട്രോഫി ബാധിതനാണ്‌ മുഹമ്മദ്‌ ജാബിർ. എന്നെപ്പോലുള്ളവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ്‌ മൊബിലിറ്റി ഇൻ ഡിസ്‌ട്രോഫി (മൈൻഡ്‌) ട്രസ്‌റ്റിൽ എത്തിച്ചത്‌. നൈപുണ്യ പദ്ധതിയുടെ കോ–-ഓർഡിനേറ്ററാണ്‌. ഗ്രാഫിക്‌ ഡിസൈനിങ്‌, ഡിജിറ്റൽ മാർക്കറ്റിങ് മുതൽ പേന നിർമാണംവരെയുള്ള വിവിധ മേഖലകളിൽ മസ്‌കുലർ ഡിസ്‌ട്രോഫി, എസ്‌എംഎ ബാധിതർക്ക്‌ പരിശീലനം നൽകുകയും ജോലി നേടി കൊടുക്കുകയുമാണ്‌ ചെയ്യുന്നത്‌. ഇതിനകം 94 പേർക്ക്‌ തൊഴിൽ ലഭിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ മുഹമ്മദ്‌ ജാബിറിന്‌ കൊച്ചി ഇൻഫോപാർക്കിലെ ഫ്രാഗ്‌മെൻ ഇമിഗ്രേഷൻ സർവീസിലാണ്‌ ജോലി.

‘എല്ലാവർക്കും കഴിവുണ്ട്‌. അത്‌ തിരിച്ചറിയണം. എല്ലാവർക്കും പ്രശ്‌നങ്ങളുമുണ്ട്‌. അത്‌ കണ്ടെത്തി പരിഹരിക്കണം. ഒരുമിച്ച്‌ നിന്നാൽ വലിയ മാറ്റം സൃഷ്ടിക്കാം’–- റോബി ടോമി സംസാരിക്കുമ്പോൾ തെളിയുന്നത്‌ ജീവിതവിജയത്തിലേക്കുള്ള വഴി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ മേഖലയിലാണ്‌ റോബിയുടെ പ്രവർത്തനം.  ഇതിനായി ഇൻക്ലുസീവ്‌ ന്യൂറോ ഓർഗ്‌ സ്ഥാപിച്ചു. പൊന്നുരുന്നിയിലാണ്‌ ആസ്ഥാനം. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള മേഖലകളിൽ പരിശീലനം, ഇതുവഴി ജോലി ലഭ്യമാക്കുകയുമാണ്‌ ചെയ്യുന്നത്‌. ഇതേ പേരിലുള്ള സ്‌റ്റാർട്ടപ്പുമുണ്ട്‌. ഇത്തരം വെല്ലുവിളി നേരിടുന്നവർക്ക്‌ ദൈനംദിന ആവശ്യങ്ങൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുൾപ്പെടെയുള്ള ഉപകരണങ്ങൾ വികസിപ്പിക്കുന്ന സ്‌റ്റാർട്ടപ്പാണിത്‌. ഇതിനകം നിരവധിപേർക്ക്‌ ജോലി നേടിക്കൊടുക്കാനായി. കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവാണ്‌ സ്വദേശം.



deshabhimani section

Related News

View More
0 comments
Sort by

Home