ജനറൽ ആശുപത്രിയിൽ ടിഎവിആർ; വയോധികയ്‌ക്ക്‌ പുതുജീവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 02:33 AM | 0 min read


കൊച്ചി
ജനറൽ ആശുപത്രിയിൽ ടിഎവിആർ ചികിത്സയിലൂടെ വയോധികയ്‌ക്ക്‌ പുതുജീവൻ. ഹൃദയത്തിൽനിന്ന്‌ മഹാ രക്തധമനിയിലേക്കുള്ള അയോട്ടിക് വാൽവ് അപകടകരമാംവിധം ചുരുങ്ങിപ്പോയതിനാൽ ഗുരുതരമായ ശ്വാസതടസ്സവുമായെത്തിയ എൺപത്തിനാലുകാരിയാണ്‌ ടിഎവിആറിന്‌ (ട്രാൻസ്‌ കത്തീറ്റർ അയോട്ടിക്‌ വാൽവ്‌ റീപ്ലേസ്‌മെന്റ്‌) വിധേയയായത്‌.

അനസ്‌തേഷ്യ കൂടാതെയും നെഞ്ച് തുറക്കാതെയും തുടയിൽ അഞ്ച്‌ മില്ലിമീറ്റർ മാത്രം വലുപ്പമുള്ള മുറിവിലൂടെ കത്തീറ്റർ കടത്തി ഹൃദയ വാൽവ്‌ മാറ്റിവയ്‌ക്കുകയായിരുന്നു. മൂന്നാംദിവസം പരസഹായമില്ലാതെ ഇവർ നടക്കുകയും ചെയ്‌തു. ഇത്രയും പ്രായമുള്ള രോഗിയിൽ ടിഎവിആർ ചികിത്സ ജനറൽ ആശുപത്രിയിൽ ഇതാദ്യമാണ്‌.

2022ൽ രാജ്യത്താദ്യമായി ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ച് തുറക്കാതെ വാൽവ്മാറ്റ ശസ്ത്രക്രിയ നടത്തി ഇവിടുത്തെ ഹൃദ്‌രോഗ വിഭാഗവും ഹൃദ്‌രോഗശസ്ത്രക്രിയ വിഭാഗവും ചരിത്രംകുറിച്ചിരുന്നു. വിശ്വാസപരമായ കാരണങ്ങളാൽ രക്തം സ്വീകരിക്കാനാകാത്ത രോഗിയിൽ നേരത്തേ ടിഎവിആർ വിജയകരമായി നടത്തുകയും നൂതനമായ കണ്ടക്ഷൻ സിസ്റ്റം പേസിങ് പേസ്‌മേക്കർ ഘടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇത്‌ തുർക്കിയിലെ അന്താരാഷ്ട്ര പേസിങ് സിരീസ് കോൺഫറൻസിൽ ശ്രദ്ധനേടി. ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന എറണാകുളം ജനറൽ ആശുപത്രിക്ക് ഈ വിജയങ്ങൾ ഊർജം കൂട്ടിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ പറഞ്ഞു. ടിഎവിആർ വിജയകരമായി പൂർത്തിയാക്കിയ സംഘത്തെ സൂപ്രണ്ട് അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home