വിനോദയാത്രയിലെ ദുരനുഭവം: 
അന്വേഷണത്തിന്‌ ഉത്തരവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 02:09 AM | 0 min read


ആലുവ
എസ്എൻഡിപി  ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 135 പ്ലസ്ടു വിദ്യാർഥികൾ പെരുവഴിയിൽ നരകയാതന അനുഭവിച്ചെന്ന പരാതിയിൽ നടപടിയുമായി മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. വിശദവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ആർടിഒയെ ട്രാൻസ്പോർട്ട് കമീഷണർ ചുമതലപ്പെടുത്തണമെന്ന്‌ കമീഷൻ ഉത്തരവിട്ടു. മൂന്നാഴ്ചയ്‌ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സംഭവത്തിന് ഉത്തരവാദികളായ ടൂർ ഓപ്പറേറ്റർമാരുടെ പെർമിറ്റും ലൈസൻസും റദ്ദാക്കാൻ പര്യാപ്തമായ പാളിച്ചകളുണ്ടോയെന്നും ആർടിഒ അന്വേഷിച്ച് കമീഷനെ അറിയിക്കണം. ആലുവ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകണം.

റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വെള്ളി പുലർച്ചെ മൂന്നുബസുകളിലായി പുറപ്പെട്ട ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ സംഘത്തിന് കൊടൈക്കനാലിൽ താമസസൗകര്യം ഏർപ്പെടുത്താൻ ടൂർ ഓപ്പറേറ്റർമാർ തയ്യാറായില്ലെന്നാണ് പരാതി. ബസിൽ കഴിച്ചുകൂട്ടിയ സംഘത്തെ ഊട്ടിയിലേക്ക് കൊണ്ടുപോയി. അവിടെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻമാത്രമാണ്‌ സൗകര്യം നൽകിയതെന്നും പരാതിയിലുണ്ട്. ടൂർ ഓപ്പറേറ്റർമാരായ ആലുവയിലെ ഗ്രീൻ കേരള ഹോളിഡേയ്സിനെതിരെ പൊലീസിൽ പരാതി നൽകണമെന്ന് സ്‌കൂൾ അധികൃതരോട്‌ രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home