ട്രെയിൻയാത്രാ ദുരിതത്തിൽ 
യുവജന പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 02:10 AM | 0 min read


തിരുവനന്തപുരം/കൊച്ചി
കേരളത്തിലെ ട്രെയിൻ യാത്രാദുരിതത്തിന്‌ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട്‌ റെയിൽവേ സ്‌റ്റേഷനുകളിലേക്ക്‌ യുവജനങ്ങളുടെ പ്രതിഷേധം. വിവിധ ജില്ലകളിൽ ഡിവൈഎഫ്‌ഐ നേതൃത്വത്തിലായിരുന്നു മാർച്ച്‌. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ പാലക്കാട്ട്‌ മാർച്ചിന്‌ നേതൃത്വം നൽകി.  സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു കൊല്ലത്തും കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് കോട്ടയത്തും ഉദ്‌ഘാടനം ചെയ്‌തു. 

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടന്ന മാർച്ച്‌ ജില്ലാസെക്രട്ടറി ഷിജൂഖാൻ ഉദ്‌ഘാടനം ചെയ്‌തു.കേരളത്തിലെ ട്രെയിൻയാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണനയിൽ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് യുവജന മാർച്ച്‌ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്‌തു.

കേരളത്തിലൂടെയുള്ള ട്രെയിൻയാത്ര വാഗൺ ട്രാജഡിക്ക് സമാനമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് വേണാട് എക്സ്പ്രസിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞുവീണത്. ദിവസം ശരാശരി അഞ്ചുലക്ഷം യാത്രക്കാരുള്ള കേരളത്തിന്‌ പുതിയ കൂടുതൽ ട്രെയിനുകളും പാതകളും അനുവദിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.  ഏറ്റവും കൂടുതൽ ടിക്കറ്റ്‌ വരുമാനം ലഭിക്കുന്ന സംസ്ഥാനമായിരുന്നിട്ടും യാത്രികരുടെ എണ്ണത്തിനനുസരിച്ച്‌ ട്രെയിനുകളില്ല. എല്ലാ ട്രെയിനുകളിലും തിങ്ങിനിറഞ്ഞാണ്‌ യാത്ര. ഇതുമൂലം യാത്രക്കാരുടെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുന്ന സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. ട്രെയിനുകളുടെ അവസ്ഥയും ശോചനീയമാണ്. ഇതിനെല്ലാം അടിയന്തര പരിഹാരമുണ്ടാക്കണമെന്നും മാർച്ചിൽ ആവശ്യമുയർന്നു. ദർബാർഹാൾ മൈതാന പരിസരത്തുനിന്നാണ്‌ മാർച്ച്‌ ആരംഭിച്ചത്‌. സൗത്ത്‌ റെയിൽവേ സ്‌റ്റേഷന്‌ മുന്നിലെ പ്രതിഷേധയോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മീനു സുകുമാരൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി അമൽ സോഹൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മനീഷ രാധാകൃഷ്ണൻ, കെ ടി  അഖിൽദാസ്, കെ സി അരുൺകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനുശങ്കർ, പി ബി ദീപക്‌കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home