തൃപ്പൂണിത്തുറ 
താലൂക്കാശുപത്രി 
അത്യാഹിത 
വിഭാഗത്തിൽ 
സംഘർഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 02:09 AM | 0 min read


തൃപ്പൂണിത്തുറ
താലൂക്കാശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തിയവർ തമ്മിൽ സംഘർഷം. പിടിച്ചുമാറ്റാൻചെന്ന ആശുപത്രി ജീവനക്കാർക്ക് മർദനമേറ്റു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവർ ഞായർ വൈകിട്ട് അഞ്ചരയോടെയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഏറ്റുമുട്ടിയത്. പ്രതികളായ യുവതിയെയും സുഹൃത്തിനെയും ആശുപത്രി ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. തൃപ്പൂണിത്തുറ ചാത്താരി സ്വദേശിനി സൂര്യപ്രഭ, ഉദയംപേരൂർ വലിയകുളം സ്വദേശി സിബി ഏലിയാസ് (കുട്ടു) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഴ്‌സിങ്‌ ഓഫീസർ അരൂർ വഞ്ചിപ്പുരയ്ക്കൽ മേരി ഗാന്ധിരാജ് (28), നഴ്സിങ്‌ അസിസ്റ്റന്റ്‌ കുലശേഖരമംഗലം ഇടക്കാലയിൽ റെജിമോൾ (52) എന്നിവർക്കാണ് കൂട്ടത്തല്ലിനിടെ പരിക്കേറ്റത്.

വീണതാണെന്നുപറഞ്ഞ് പരിക്കുകളോടെ  സൂര്യപ്രഭയ്‌ക്കൊപ്പമെത്തിയ സിബി, മദ്യലഹരിയിൽ അസഭ്യം പറഞ്ഞതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. അതിനിടെ, അപകടത്തിൽ പരിക്കേറ്റെന്നുപറഞ്ഞ്‌ പ്രഭു എന്ന  യുവാവും എത്തി. ഇയാളുടെ കൂടെയുണ്ടായിരുന്ന ആളെ കുത്തിവയ്‌പിനുള്ള മരുന്നുവാങ്ങാൻ വിട്ട സമയത്താണ് സിബിയും സൂര്യപ്രഭയും ചേർന്ന്‌ പ്രഭുവിനെ മർദിച്ചത്. ശബ്ദം കേട്ട് ഓടിച്ചെല്ലുമ്പോൾ പ്രഭുവിന്റെ തലയിൽ സ്റ്റീൽ ഗ്ലാസുകൊണ്ട് ഇവർ ഇടിക്കുകയായിരുന്നുവെന്നും പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് തങ്ങൾക്കും മർദനമേറ്റതെന്ന് പരിക്കേറ്റ ആശുപത്രി ജീവനക്കാർ പറഞ്ഞു.

മറ്റു ജീവനക്കാരും ഓടിയെത്തി പ്രതികളെ വാതിൽ പൂട്ടി തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചു. അറസ്റ്റിലായവർ  വിവിധ കേസുകളിൽ പ്രതികളാണെന്ന് ഹിൽപാലസ് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ ഉൾപ്പെട്ട ചിലർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ  ആരംഭിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home