മാന്ത്രയ്ക്കൽ തുരങ്കപാത ; വെള്ളക്കെട്ട് ഒഴിവാക്കാൻ 
തൽസ്ഥിതി പുനഃസ്ഥാപിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 01:55 AM | 0 min read


ആലുവ
തായിക്കാട്ടുകര മാന്ത്രയ്ക്കൽ റെയിൽവേ തുരങ്കപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റെയിൽവേ നടത്തിയ അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ യാത്രക്കാർക്ക് ദുരിതമായെന്ന് ചൂർണിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് എ പി ഉദയകുമാർ ആരോപിച്ചു.

തുരങ്കത്തിൽ മുമ്പ് ഉണ്ടായിരുന്ന അവസ്ഥ പുനഃസ്ഥാപിക്കണം. തുരങ്കപാതയിൽ ഈയിടെയാണ് റെയിൽവേ നവീകരണപ്രവർത്തനങ്ങൾ നടത്തിയത്. റോഡ് ലെവലിൽനിന്ന്‌ താഴ്ത്തിയുണ്ടാക്കിയ തുരങ്കത്തിലെ വെള്ളക്കെട്ട് 200 മീറ്ററോളം തോട് കീറി ചവർപ്പാടം പാടശേഖരത്തിലൂടെയാണ് ഒഴുക്കുന്നത്. ശക്തമായ മഴയിൽ തുരങ്കത്തിലുണ്ടാകുന്ന വെള്ളക്കെട്ടുമൂലം അരമണിക്കൂറെടുത്താലേ തുരങ്കത്തിലൂടെ ഗതാഗതം സാധ്യമാകൂ. റെയിൽവേ നിർമിച്ച തുരങ്കത്തിലെ വെള്ളം ഒഴുക്കിവിടുന്ന തോട് ചൂർണിക്കര പഞ്ചായത്താണ് പരിപാലിക്കുന്നത്. ഇപ്പോൾ നിലവിലെ തോട്ടിലേക്കുള്ള ഒഴുക്ക് കെട്ടിയടച്ച് പ്രത്യേക കിണറിലേക്ക് വെള്ളംചാടിച്ച് മോട്ടോർവച്ച് പ്രത്യേകമായി നിർമിച്ച തോട്ടിലേക്ക് വെള്ളം അടിച്ചുകയറ്റിയശേഷം അത്‌ പഴയ തോട്ടിലേക്കുതന്നെ ഒഴുക്കുകയാണ് ചെയ്‌തത്. ഇതോടെ മഴയില്ലെങ്കിലും ഉറവയായി തുരങ്കത്തിൽ നിറയുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് മാറ്റിയാൽ മാത്രമേ ഗതാഗതം സാധ്യമാകൂ. നല്ല മഴയുള്ളപ്പോൾ ഒരുമണിക്കൂറെങ്കിലും മോട്ടോർ അടിച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതം സാധ്യമാക്കുന്നത്. ഇതോടെയാണ് റെയിൽവേ ഇപ്പോൾ വീണ്ടും പ്രത്യേക പൈപ്പ് തുരങ്കത്തിൽനിന്ന്‌ സ്ഥാപിച്ച് പഴയ തോട്ടിൽ വെള്ളം എത്തിക്കുന്നതിനുള്ള പ്രവർത്തനമാരംഭിച്ചത്. എന്നാൽ, ഇത് പ്രായോഗികമല്ലെന്നും വെള്ളക്കെട്ട് മാറില്ലെന്നുമാണ് അഭിപ്രായം. തുരങ്കത്തിൽ മുമ്പ് ഉണ്ടായിരുന്ന അവസ്ഥ തുടരണമെന്നും അനാവശ്യമായി നിർമാണം നടത്തുന്നതിന്‌ പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടം ഈടാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും ദക്ഷിണ റെയിൽവേ ഡിവിഷൻ മാനേജറോട് എ പി ഉദയകുമാർ ആവശ്യപ്പെട്ടു.

 



deshabhimani section

Related News

View More
0 comments
Sort by

Home