വള്ളികുന്നത്തെ ആക്രമണം ആസൂത്രിതം

ചാരുംമൂട്
വള്ളികുന്നത്തെ ആർഎസ‌്എസ‌് ആക്രമണം ആസൂത്രിതം. ഡിവൈഎഫ‌്ഐ നേതാവിനെയുൾപ്പെടെ കൊലപ്പെടുത്താനുളള നീക്കം തലനാരിഴയ‌്ക്കാണ‌് പാളിയത‌്. ഗുരുതര പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിന്റെ ജനാൽചില്ലുകളും അക്രമിസംഘം അടിച്ചു തകർത്തു. പരിക്കുപറ്റിയവരേയും കൊണ്ടുപോയ കാർ വഴിയിൽ തടഞ്ഞ‌് വീണ്ടും ആക്രമിക്കാനും ശ്രമിച്ചു.
ഡിവൈഎഫ്ഐ വളളികുന്നം കിഴക്ക് മേഖലാ ജോയിന്റ് സെക്രട്ടറിയും സിപിഐ എം അംഗവുമായ കാഞ്ഞിരവിളയിൽ ഉദിത്ത് ശങ്കർ (25), ഡിവൈഎഫ്ഐ പടയണിവെട്ടം യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമായ മണ്ണൂർ പുത്തൻവീട്ടിൽ ഹരികൃഷ‌്ണൻ (27), ശ്രീരാഗം സ്വരാജ് (22) എന്നിവർക്കെതിരെയാണ് ആക്രമിച്ചത‌്.
തിങ്കളാഴ‌്ച രാത്രി 9.45നാണ് സംഭവം. മൂന്നുപേർവീതം പത്തോളം ബൈക്കുകളിൽ മുഖംമറച്ചും മറ്റുമെത്തിയ സംഘമാണ‌് ആക്രമിച്ചത‌്. റോഡരുകിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ഉദിത്ത് ശങ്കറിനെ ലക്ഷ്യമാക്കിയാണ് ആക്രമണം തുടങ്ങിയത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടിലെ അംഗങ്ങളാണ് സൂരജും ആക്രമണത്തിൽ പരിക്കേറ്റ ഇലക‌്ട്രിക്കൽ വിദ്യാർഥി സ്വരാജും. ബഹളം കേട്ട് പുറത്തിറങ്ങിയ ഇവരുടെ അമ്മ ശ്രീകുമാരിയെ (48) മഴു കൊണ്ട് വെട്ടാൻ ശ്രമിക്കുന്നതിനിടെ മകൻ സൂരജ് ഓടിയെത്തി പിടിച്ചുമാറ്റി വീട്ടിനുള്ളിലേക്ക് മാറ്റിയതിനാൽ അത‌്ഭുതകരമായി രക്ഷപ്പെട്ടു. ഇതിനിടെ ഹരികൃഷ‌്ണൻ, സ്വരാജ് എന്നിവർക്ക് മർദ്ദനമേറ്റിരുന്നു. തല ലക്ഷ്യമാക്കി വന്ന അടി തടഞ്ഞാണ് ഇവർക്ക് പരിക്കേറ്റത‌്.
ഉദിത‌് ശങ്കറിനെ കാണാതായതിനെതുടർന്ന‌് പുറത്തിറങ്ങി അന്വേഷിക്കുന്നതിനിടെയാണ‌് വീടിന് പുറകുവശത്ത് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത‌്. പുറത്തും ഇരുകൈകൾക്കും മാരകമായി വെട്ടേറ്റിട്ടുണ്ടായിരുന്നു. അക്രമികൾ കൊണ്ടുവന്ന കത്തി, വടികൾ എന്നിവ സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. വീടിന്റെ ജനാലകൾ അടിച്ചു തകർത്തു. പരിക്കേറ്റവരെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആറു കിലോമീറ്റർ പിന്നിട്ട് ഇലിപ്പക്കുളം മങ്ങാരത്തെത്തിയപ്പോൾ ആർഎസ്‌എസുകാർ വാഹനം തടഞ്ഞുനിർത്തി വീണ്ടും ആക്രമണത്തിന് മുതിർന്നു. കാറോടിച്ചിരുന്ന ഡിവൈഎഫ്ഐ വള്ളികുന്നം കിഴക്ക് മേഖലാ പ്രസിഡന്റ് ജെ ജലീലിന്റെ സമയോചിത നീക്കത്തിൽ വഴിതിരിച്ചുവിട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആർ എസ് എസ് സംഘം ബൈക്കുകളിൽ കുറച്ചുദൂരം കാറിന് പിന്നാലെയെത്തിയാണ‌് മടങ്ങിയത‌്.
വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ ന്യൂ ലുക്ക് ജിം സ്ഥാപന ഉടമ നെടിയത്ത് ശ്രീമോനാണ് ആക്രമണത്തിന‌് നേതൃത്വം നൽകിയത‌്. ഇയാളാണ് ഉദിത്തിനെ മഴുകൊണ്ട് വെട്ടിയത്. മഹേഷ് ഭവനം മഹേഷാണ് പുറത്ത‌് വെട്ടിയതെന്നും ഉദിത‌് പറഞ്ഞു. ആകാശ് ഭവനം സുമിത്ത്, മണ്ണാടിയിൽ വിഷ‌്ണുദാസ്, ചിറയുടെ കിഴക്കതിൽ കാർത്തികയിൽ കൃഷ‌്ണദാസ് എന്നിവരും കണ്ടാലറിയാവുന്ന മൂന്നുപേരും മുഖം മൂടി ധരിച്ചിരുന്ന അഞ്ചു പേരുമാണ് അക്രമിസംഘത്തിലുണ്ടായിരുന്നവരെന്ന് പരിക്കേറ്റവർ പൊലീസിന‌് മൊഴി നൽകി.
സംഭവസ്ഥലത്ത് മാവേലിക്കര സിഐ മോഹൻലാൽ, നൂറനാട്, വള്ളികുന്നം, കുറത്തികാട് എസ്ഐ മാരായ വി ബിജു, വി അനീഷ്, വിപിൻ എന്നിവരെത്തി. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ രാഘവൻ, എം എ അലിയാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.വി കെ അജിത്ത്, അഡ്വ. വി കെ അനിൽ ,വളളികുന്നം കിഴക്ക് ലോക്കൽ സെക്രട്ടറി കെ രാജു, ഡിവൈഎഫ്ഐ ചാരുംമൂട് ഏരിയ സെക്രട്ടറി എസ് മുകുന്ദൻ എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
നാടിനെ ഭീതിയിലാഴ്‌ത്തി ആർഎസ്എസിന്റെ കൊലവിളി
ചാരുംമൂട്
വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും സംഘപരിവാറുകാരുടെ കൊലവിളി തുടരുന്നു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഡിവൈഎഫ‌്ഐ പ്രവർത്തകൻ ഉദിത്തിന‌് കഴിഞ്ഞദിവസം നടന്ന വധശ്രമം. വെട്ടേറ്റ ഉദിത‌് കായംകുളം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ‌്. എംബിഎ ബിരുദധാരിയായ ഉദിത്ത് ശങ്കർ ഡിവൈഎഫ്ഐ വളളികുന്നം കിഴക്ക് മേഖലാ ജോയിന്റ് സെക്രട്ടറിയും സിപിഐ എം അംഗവുമാണ‌്.
കഴിഞ്ഞ 29ന് വള്ളികുന്നം പള്ളിമുക്കിൽ നടന്ന ബിജെപി യോഗത്തിൽ ഉദിത്ത് ശങ്കറിന് മഹാരാജാസ് കോളേജിലെ അഭിമന്യുവിനുണ്ടായ ഗതിമുണ്ടാകുമെന്ന് ആർഎ‌്എസ‌് നേതാവ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നാലാം ദിവസം രാത്രിയിലാണ് വീടിന് സമീപം റോഡിൽ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുനിൽക്കുമ്പോൾ ഉദിത‌് ഉൾപ്പടെയുളളവർക്കു നേരെ ആർഎസ്എസ് ആക്രമണമുണ്ടായത‌്.
കഴിഞ്ഞ ഒക‌്ടോബർ 28ന് രാത്രിയിൽ സുഹൃത്തിനോടൊപ്പം ചൂനാട്ടു പോയി പെട്രോളടിച്ച് തിരികെ വരുമ്പോൾ വിവേകാനന്ദ ജങ‌്ഷനിൽ പതിയിരുന്ന ആർഎസ‌്എസ് സംഘം ഉദിത്തിനെ മർദിച്ചിരുന്നു. ഏകപക്ഷീയമായി ഉദിത്തിനെ മർദിച്ചശേഷം ആർഎസ്എസ് സംഘത്തിലുണ്ടായിരുന്ന മുഖ്യ കാര്യവാഹകിനെ ആശുപത്രിയിലാക്കി. വള്ളികുന്നം എസ്ഐയുടെ സഹായത്തോടെ ഉദിത്തിനെ ഈ വ്യാജകേസിൽപ്പെടുത്തി 308–-ാം വകുപ്പിട്ട് ജയിലിലടച്ചു. ജയിൽവാസം കഴിഞ്ഞ് തിരികെ വന്നപ്പോഴാണ‌് ഉദിത്തിനെ വെട്ടിക്കൊലപ്പെടുത്താനുള്ള നീക്കമുണ്ടായത‌്.
നിർധന കുടുംബത്തിലെ അംഗമായ ഉദിത്ത്ശങ്കർ കശുവണ്ടി തൊഴിലാളികളായ അമ്മ ശോഭ, അമ്മൂമ്മ സുകുമാരി എന്നിവരുടെ സംരക്ഷണയിലാണ‌് വളർന്നതും പഠിച്ചതും. മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി നോക്കിയിരുന്ന ഉദിത്തിനെ ആർഎസ്എസ് വ്യാജപരാതി നൽകി ജോലി നഷ‌്ടപ്പെടുത്തിയിരുന്നു.
ഉദിത് ശങ്കർ അടക്കമുള്ളവർക്ക് നേരെ നടന്ന ആർഎസ്എസ് വധശ്രമത്തിൽ ഡിവൈഎഫ്ഐ ചാരുംമൂട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.
അക്രമിസംഘത്തെ അറസ‌്റ്റ‌് ചെയ‌്ത‌് നാടിന്റെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് ആർ ബിനുവും സെക്രട്ടറി എസ് മുകുന്ദനും ആവശ്യപ്പെട്ടു.









0 comments