Deshabhimani

എല്ലാ പ്രളയബാധിത പ്രദേശങ്ങളിലും പുനർജനി – മന്ത്രി സുനിൽകുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2018, 07:04 PM | 0 min read

 

ചെങ്ങന്നൂർ
ചെങ്ങന്നൂരിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കിയ ശേഷം കേരളത്തിലെ മുഴുവൻ പ്രളയബാധിത പ്രദേശങ്ങളിലും പുനർജനി പദ്ധതി പ്രാവർത്തികമാക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ചെങ്ങന്നൂരിൽ ദ്വിദിന കർമ പരിപാടിയായ പുനർജനിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 
പ്രളയത്തെ തുടർന്ന് കാർഷിക രംഗത്തുണ്ടായ തകർച്ചയെ മറികടന്ന് കുതിച്ചു ചാട്ടത്തിനുള്ള അവസരമൊരുക്കുന്ന പദ്ധതിയാണ് പുനർജനി. കാർഷിക മേഖലയിൽ 19,000 കോടി രൂപയുടെ നഷ്ടമാണ് പ്രളയം മൂലം ഉണ്ടായത്. പുനർജനിയിലൂടെ കേരളത്തിലെ പച്ചക്കറി കൃഷി ഊർജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ശാസ‌്ത്രീയ സമീപനത്തിലൂടെ കാർഷിക പുനരുദ്ധാരണവും സന്നദ്ധ സേവനവും നടത്തുന്നതിന് കൃഷി വകുപ്പ് ആവിഷ‌്കരിച്ചതാണ‌് പുനർജനി പദ്ധതി.
 സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. തരിശുരഹിത ചെങ്ങന്നൂർ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിൽ നിലവിലുള്ള കൃഷിസ്ഥലത്ത് കൃഷിയിറക്കുന്നതോടൊപ്പം 346 ഹെക്ടർ സ്ഥലത്തുകൂടി കൃഷി ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോജി ചെറിയാൻ, ജേക്കബ്ബ് ഉമ്മൻ, ചെങ്ങന്നൂർ ബ്ലോക്ക‌് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, എം എച്ച് റഷീദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി  വിശ്വംഭരപണിക്കർ, ടി ടി ഷൈലജ, ലെജുകുമാർ, ശമുവേൽ ഐപ്പ്, എൻ എ രവീന്ദ്രൻ,സി എസ് മനോജ്  എന്നിവർ സംസാരിച്ചു.
 തുടർന്ന‌് നടന്ന ശിൽപ്പശാലയിൽ മങ്കൊമ്പ് റീജിയണൽ അഗ്രിക്കൾച്ചർ റിസേർച്ച് സെന്റർ  പ്രൊഫ. ഡോ. റീന മാത്യു മോഡറേറ്ററായി. വി അനിൽകുമാർ, കായംകുളം കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ‌്റ്റ‌് ഡോ. കലാവതി, ഹരിത കർമസേന സ‌്പെഷ്യൽ ഓഫീസർ ഡോ. ജയകുമാർ, ഓണാട്ടുകര റീജിയണൽ അഗ്രിക്കൾച്ചർ റിസർച്ച് സെന്റർ പ്രൊഫ. ഡോ. സുജ, കാർഷിക സർവകലാശാല അസി. പ്രൊഫ. ഡോ. ബറിൻ പത്രോസ്, പട്ടാമ്പി റീജിയണൽ അഗ്രിക്കൾച്ചർ റിസർച്ച് സെന്റർ അസി. പ്രൊഫ. ഡോ. തുളസി, ഡോ. സുരേന്ദ്രൻ, ഡോ. നിമ്മി, എസ് പ്രമോദ്, കർഷക പ്രതിനിധി എന്നിവർ പങ്കെടുത്തു.   
പ്രളയത്തിനു ശേഷം ചെങ്ങന്നൂരിലെ കാർഷികരംഗം, തെങ്ങുകൃഷി, കീടങ്ങൾ മൂലമുള്ള രോഗങ്ങൾ, മണ്ണിന്റെ മാറ്റങ്ങൾ എന്നിവയെ പറ്റി വിവിധ ക്ലാസുകൾ നടന്നു. കൃഷി വകുപ്പ‌് ഡയറക്ടർ ഡോ. പി കെ ജയശ്രീ ഐഎഎസ് സ്വാഗതവും ബീന നടേശൻ നന്ദിയും പറഞ്ഞു.
ചൊവ്വാഴ‌്ച വെൺമണിയിൽ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മാതൃക കാർഷിക പ്രവർത്തനങ്ങൾ നടത്തും. കാർഷിക സർവകലാശാല വിദഗ‌്ധർ, ജില്ലയിലെ കൃഷി ഉദ്യോഗസ്ഥർ, കാർഷിക കർമസേന, അഗ്രോ സർവീസ‌് സെന്ററുകൾ, കസ‌്റ്റംസ‌്ഹയറിങ‌് സെന്റർ, ഗ്രീൻ ആർമി, മണ്ണു പരിശോധനാ കേന്ദ്രം, എംഎൻആർഇജിസ്, കുടുംബശ്രീ പ്രവർത്തകർ എന്നിവരുൾപ്പെടുന്ന 45 സ‌്‌ക്വാഡുകളാണ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.


deshabhimani section

Related News

0 comments
Sort by

Home