കുട്ടനാടിന‌് കരുത്തേകിയത്‌ സർക്കാർ ഇടപെടൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2018, 07:03 PM | 0 min read

 

 
 
ആലപ്പുഴ
പ്രളയം തകർത്ത കുട്ടനാട്ടുകാർക്ക‌് നാശനഷ്ടങ്ങൾക്കിടയിലും ആശ്വാസമായത‌് സർക്കാരിന്റെ ഇടപെടൽ. നഷ്ടക്കണക്കുകൾക്കു മുന്നിൽ പകച്ചുനിൽക്കാതെ സർക്കാരിന്റെ സഹായം  അതിജീവനത്തിനുള്ള ആദ്യ ഇന്ധനമായി കരുതി മുന്നോട്ടു പോവുകയാണ‌് ഈ ജനത.  
 പ്രളയത്തിൽ വീട്ടിലുള്ള സർവ സാധനങ്ങളും നഷ്ടപ്പെട്ട അവസ്ഥയിൽ സർക്കാരിൽ നിന്നും   കിട്ടിയ 10,000 രൂപ സഹായം വലിയ അനുഗ്രഹമാണെന്ന് എടത്വ കോഴിമുക്ക് മൂലേത്തറയിൽ തങ്കമ്മ പറഞ്ഞു. ‘‘നഷ്ടപ്പെട്ട വീട്ടുസാധനങ്ങൾ വാങ്ങണം. ഇതിനു മുമ്പ‌്  ഇങ്ങനെ ഒരു വെള്ളപൊക്കം കണ്ടിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളും ലഭിച്ചു’’– തങ്കമ്മ പറഞ്ഞു.  85 കാരിയായ തങ്കമ്മയ‌്ക്ക‌് പെൻഷൻ കൃത്യമായി കിട്ടുന്നുണ്ട്. ഭർത്താവ് ജോൺ നാലു വർഷം മുമ്പാണ് മരിച്ചത്. മകനും മരുമകൾക്കുമൊപ്പമാണ‌് കഴിയുന്നത‌്. 
പുഞ്ചകൃഷിയിൽ തുലാവെള്ളം വരുമോ എന്ന ആശങ്കയുണ്ട‌് കർഷകൻ അനിൽ തോമസിന‌്. ‘‘വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികൾ കർഷകർക്ക് ഏറെ ആശ്വാസം പകരുന്നതാണ്. എന്നാൽ, സഹായങ്ങൾ താമസം കൂടാതെ കിട്ടാനുളള നടപടികൾ ഉണ്ടാവണം. നിലവിലെ  മട കുത്തുന്നത് കൂടാതെ പാടശേഖരത്തെ പുറം ചിറയുടെ ബലക്ഷയവും പരിഹരിക്കാൻ കഴിയണം. 
കുട്ടനാട് പാക്കേജിൽ നിർമിച്ച കല്ലു കെട്ടുകൾ പലതും തകർന്ന് കിടക്കുന്ന അവസ്ഥയാണ്. ഇത് കരാറുകാരെ കൊണ്ടു തന്നെ പുനർനിർമിക്കണം. വെള്ളപ്പൊക്കത്തെ തുടർന്ന് പാശേഖരങ്ങളിൽ ഒഴുകിയെത്തിയ പോളവരാൻ സർക്കാർ സഹായം ആവശ്യമാണ്. വിത്ത് സൗജന്യമായി നൽകണം. ഇതോടൊപ്പം  രണ്ടാം കൃഷിക്ക് രണ്ടു വളമിട്ട സമയത്താണ് വെള്ളപ്പൊക്കം ഉണ്ടായത് ഇത് പരിഹരിക്കാൻ ഒരു തവണത്തെ വളമെങ്കിലും കർഷകർക്ക് നൽകണം’’– അദ്ദേഹം പറഞ്ഞു. 
മഹാപ്രളയത്തിൽ അപ്പർ കുട്ടനാടൻ മേഖലയായ ചെന്നിത്തല പാടശേഖരത്തിൽ അടിഞ്ഞുകൂടിയ മലമണ്ണ്, പായൽ, പോളകൾ ഇവ നീക്കംചെയ‌്ത‌് ക‌ൃഷി ഇറക്കുന്നതിന‌് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ‌് ഇ എൻ നാരായണൻ പറഞ്ഞു. 
പഞ്ചായത്തും  പാടശേഖര സമിതിയും ക‌ൃഷിവകുപ്പും ചേർന്ന‌് പാടശേഖരങ്ങൾ സന്ദർശിച്ച് പാടശേഖരങ്ങൾക്ക് പെട്ടിയും, പറയും മോട്ടോറുകളും നൽകി. ബാക്കിയുള്ള പാടശേഖരങ്ങളിലെ മോട്ടോറുകൾ അറ്റകുറ്റപണികൾ നടത്തി ഉപയോഗിക്കുവാനും, മോട്ടോർ പുരകൾ പുതുക്കി പണിയുവാനും വരിനെല്ലിനെ നശിപ്പിക്കുവാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 
 ത‌ൃപ്പെരുന്തുറ ഒന്നാം ബ്ലോക്ക് പാടശേഖരത്തിൽ നെൽ ക‌ൃഷി നടത്തിപ്പ് കർഷകർ ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്ന് പാടശേഖര സമിതി സെക്രട്ടറി ടി ജി ജോസഫ് പറഞ്ഞു. വിത്തും വളവും സൗജന്യമായി നൽകി ക‌ൃഷി അഭിവൃദ്ധിപ്പെടുത്തണം. 
പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണ് തോടുകളിലും പാടശേഖരങ്ങളിലും നദികളിലും മൺകൂനകൾ സ‌ൃഷ‌്ടിച്ചത് കർഷകരെ ആശങ്കയിലാക്കി. 385 ഏക്കർ വിസ‌്തീർണമുള്ള പാടശേഖരത്തിൽ അടിഞ്ഞുകൂടിയ പായലുകളും പോളകളും മലമണ്ണും, മാലിന്യങ്ങളും നീക്കം ചെയ്യാൻ കൂടുതൽ അധ്വാനവും പണവും ചെലവഴിക്കേണ്ടി വന്നു. കൂടാതെ പതിനൊന്നോളം പുറമുട്ടുകൾ പുനഃസ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
  പുഞ്ചകൃഷി ഇറക്കുന്ന കാര്യത്തിൽ കർഷകർ ഭീതിയിലാണ്. എന്നാലും കൃഷി ചെയ്യാതിരിക്കാൻ കഴിയില്ലെന്ന‌്  കർഷകനായ പ്രദോഷ് പരുത്തിക്കൽ പറയുന്നു. ‘‘പുഞ്ച കൃഷിക്കാവശ്യമായ വിത്ത് വേഗത്തിൽ ലഭ്യമാക്കണം. കഴിഞ്ഞ കൊല്ലത്തെ പുഞ്ചകൃഷിക്ക് പുറത്തുനിന്നും വാങ്ങിയ വിത്തിന്റെ വില ലഭിച്ചിട്ടില്ല.  പ്രളയത്തിൽ പാടശേഖരത്തിന്റെ  ബണ്ടുകൾ പല സ്ഥലത്തും ഒഴുകിപ്പോയത് പുഞ്ച കൃഷിയെ പ്രതികൂലമായി ബാധിക്കും.  കൃഷി നല്ലരീതിയിൽ നടത്താനും ഉപ്പുവെള്ളത്തിൽ നിന്ന് കൃഷിയെ രക്ഷപെടുത്താൻ സർക്കാരിന്റെ നിർദേശങ്ങളും സഹായം സമയബന്ധിതമായി ലഭ്യമാക്കണം’’– പ്രദോഷ‌് പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home