Deshabhimani

ക്ഷീരമേഖലയിൽ 18 കോടിയുടെ നഷ‌്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2018, 06:46 PM | 0 min read

ആലപ്പുഴ
വെള്ളപ്പൊക്കദുരന്തത്തിൽ ജില്ലയിലെ ക്ഷീരമേഖലയ‌്ക്ക‌് 18.91 കോടി രൂപയുടെ നഷ‌്ടം. ഇക്കാലയളവിൽ ഉൽപ്പാദനത്തിൽ 40 ശതമാനം ഇടിവുണ്ടായി. പാലുൽപ്പാദനത്തിൽ 11.5 ലക്ഷം രൂപയുടെ പ്രതിദിന നഷ‌്ടമുണ്ടായതായാണ‌്‌ ക്ഷീരവികസനവകുപ്പിന്റെ കണക്ക‌്. ഈയിനത്തിൽ മാത്രം രണ്ടാഴ‌്ചത്തെ നഷ‌്ടം 1.34 കോടി  രൂപയുടേതാണ‌്. 322 കറവപ്പശുക്കളും 17 എരുമകളും 181 കിടാരികളും 273 കന്നുകുട്ടികളും ചത്തു. 
1058 തൊഴുത്തുകൾ പൂർണമായും 2093 എണ്ണം ഭാഗികമായും തകർന്നു. 4000 മെട്രിക‌് ടൺ വൈക്കോൽ നശിച്ചു. 5062 ചാക്ക‌് കാലിത്തീറ്റ വെള്ളംകയറി ഉപയോഗശൂന്യമായി. ഫാമുകളിലെ 129 യന്ത്രോപകരണങ്ങൾ നശിച്ചു. 146 പശുക്കളെ ചെങ്ങന്നൂരിൽ മാത്രം കാണാതായി. 42 ക്ഷീരസംഘങ്ങളിലെ കംപ്യൂട്ടറുകളും മറ്റും വെള്ളംകയറി നശിച്ചു.
ദക്ഷിണേന്ത്യയിലെ മികച്ച ഫാമുകളിൽ ഒന്നായ ചെങ്ങന്നൂർ ആമ്പാടിയിൽ ഫാമിൽ മാത്രം 70 കറവപ്പശുക്കൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഫാമിനോട‌് ചേർന്നുള്ള ഡെയ‌്റി പ്ലാന്റിലെ യന്ത്രങ്ങൾ വെള്ളംകയറി നശിച്ചു. ആയിരത്തോളം ചാക്ക‌് കാലിത്തീറ്റയും വെള്ളംകയറി നശിച്ചു. സമീപത്തെ 18 ചെറുകിട ഫാമുകളിലും സമാനനഷ‌്ടങ്ങൾ ഉണ്ടായി. 
ക്ഷീരമേഖലയിലെ നഷ‌്ടങ്ങൾക്ക‌് മുൻഗണനാക്രമത്തിൽ പരിഹാരം കാണാൻ സംഘങ്ങൾ, മിൽമ, ക്ഷീരവികസന‐മൃഗസംരക്ഷണവകുപ്പ‌് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ നേത‌ൃത്വത്തിൽ 21 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട‌്. 
കർഷകർക്ക‌് അടിയന്തരസഹായമായി മിൽമ മുഖേന 9988 ചാക്ക‌് കാലിത്തീറ്റയും ക്ഷീരസംഘങ്ങളിലൂടെ കർഷകരിലേക്ക‌് എത്തിച്ചു. 56,000 കിലോ വൈക്കോലും 69,200 കിലോ പച്ചപ്പുല്ലും 2260 കിലോ ധാതുലവണ മിശ്രിതവും കർഷകർക്ക‌് നൽകി. കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ ഉയർന്ന സ്ഥലങ്ങളിൽ കെട്ടിയിട്ട മാടുകൾക്ക‌് വള്ളത്തിലും ബോട്ടുകളിലുമായി വെറ്ററിനറി ഡോക‌്ടർമാരും ക്ഷീരവികസനവകുപ്പ‌് ഉദ്യോഗസ്ഥരും തീറ്റയും മരുന്നുകളും എത്തിച്ചുനൽകി. ഹരിപ്പാട‌്, ചെങ്ങന്നൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച‌് വെറ്ററിനറി ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട‌്. 
കുട്ടനാട്ടിലെ വെള്ളമിറങ്ങാത്ത ഭാഗങ്ങളൊഴികെ ജില്ലയിലെ മറ്റിടങ്ങളിൽ പാൽസംഭരണം പുനരാരംഭിച്ചു. മാടുകളിൽ പാലുൽപ്പാദനം കുറഞ്ഞത‌് സംഭരിക്കുന്ന പാലിന്റെ അളവ‌് കുറയാൻ കാരണമായിട്ടുണ്ട‌്. 
തൊഴുത്തുകളുടെ പുനർനിർമാണത്തിന‌് തൊഴിലുറപ്പ‌് പദ്ധതിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന‌് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ കെ ജി ശ്രീലത അറിയിച്ചു. ഉൽപ്പാദനം കുറഞ്ഞ കറവപ്പശുക്കളെ മാറ്റിവാങ്ങുന്നതിന‌് ഘട്ടംഘട്ടമായി പലിശരഹിത വായ‌്പ നൽകുന്നതിന‌് ജില്ലാ പഞ്ചായത്ത‌് പദ്ധതി രൂപീകരിച്ചിട്ടുണ്ട‌്. വെള്ളത്തിൽ നിന്ന കാലികളുടെ ശരീരത്തിൽ മുറിവും പൊട്ടലുമുണ്ടായിട്ടുണ്ട‌്. ഇവയുടെ ആരോഗ്യം നിലനിർത്തി പാലുൽപ്പാദനം വർധിപ്പിക്കാനും ത്രിതല പഞ്ചായത്തുകളും സർക്കാരുമായി ചേർന്ന‌് പദ്ധതികൾക്ക‌് രൂപംനൽകും.


deshabhimani section

Related News

0 comments
Sort by

Home