പശുഫാം അടച്ചുപൂട്ടാൻ നടപടി തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 30, 2018, 09:06 PM | 0 min read



 ചെങ്ങന്നൂർ
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച  പശുഫാം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടാൻ നടപടികൾ ആരംഭിച്ചു.  ചെറിയനാട്  അരിയന്നൂർശേരിൽ  വരാപ്പുഴ കോളനിയോട് ചേർന്ന്  മാവേലിക്കര ഇറവങ്കര  കുന്നുംപുറത്ത് റാണി സ്റ്റാൻലിയുടെ ഫാമാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്.  സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ  പഞ്ചായത്ത്, റവന്യു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ  ശനിയാഴ‌്ച രാവിലെ നടത്തിയ പരിശോധനയ‌്ക്ക‌് ശേഷമാണ‌് തീരുമാനം. സമീപവാസികളുടെ നിരന്തരമായ പരാതിയെ തുടർന്ന് പഞ്ചായത്ത്  സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും ഉടമസ്ഥർ ഫാം പൂട്ടാൻ തയ്യാറായിരുന്നില്ല. മാലിന്യ സംസ്‌ക്കരണത്തിന് ഒരുവിധ സംവിധാനവും ഒരുക്കാതെ പ്രവർത്തിക്കുന്നതിന്റെ പേരിലാണ് മെമ്മോ നൽകിയത്. നേരത്തേ രോഗം വന്ന് ചത്ത പശുവിനെയും ഇവിടെ വേണ്ടരീതിയിൽ മറവ് ചെയ്യാത്തത‌് മൂലം  ദുർഗന്ധം അസഹനീയമായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന്  ഫാം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മയോട് ഉടമ അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ പ്രസിഡന്റിന്റെ പരാതിയിൽ ഫാമുടമയുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു . മഴക്കാലം കനത്തതോടെ ഫാമിലെ ചാണകവും മൂത്രവും സമീപമുള്ള തോട്ടിൽ കലർന്ന് ശുദ്ധജലവും  മലിനമായി. നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം ഇപ്പോൾ പകർച്ചവ്യാധി ഭീഷണിയിലാണ‌്.

ദുർഗന്ധവും കീടങ്ങളുടെ ശല്യവും അസഹനീയമാണെന്നും നാട്ടുകാർ പറഞ്ഞു. കിണറുകൾ മലിനമാകാനും പുഴുക്കൾ നിറയാനും തുടങ്ങിയതോടെയാണ്  സ്ത്രീകൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയത്.

സിപിഐ എം ചെറിയനാട് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാമിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ശനിയാഴ‌്ച രാവിലെ സജി ചെറിയാൻ എംഎൽഎ യുടെ നേതൃത്വത്തിൽ  ചെങ്ങന്നൂർ ആർഡിഒ വി ഹരികുമാർ, സിഐ ദിലീപ് ഖാൻ, പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, പഞ്ചായത്തംഗം ടി ഷാജി, സിപിഐ എം ചെറിയനാട് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ഉണ്ണികൃഷ്ണൻ നായർ, എം എ ശശികുമാർ  തുടങ്ങിയവരുടെ നേതൃത്വത്തിൽ  പരിസരം പരിശോധിച്ച്  പ്രദേശവാസികളുമായി ചർച്ച നടത്തി ഫാം അടച്ചുപൂട്ടാൻ ആവശ്യമായ നടപടി ആരംഭിച്ചു.

വെറ്ററിനറി ഡോക്ടറെ വരുത്തി ഫാമിലെ പശുക്കളെ പരിശോധന നടത്തുന്നതിനും രണ്ടു ദിവസത്തിനകം പശുക്കളെ ഇവിടെ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയശേഷം ഫാം അടച്ചു പൂട്ടുന്നതിനും പരിസരം വൃത്തിയാക്കുന്നതിനും ഉടമയ‌്ക്ക‌് നോട്ടീസ് നൽകാൻ ആർഡിഒയെ ചുമതലപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home