ദുരിതക്കയത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2018, 06:48 PM | 0 min read


ആലപ്പുഴ
കാലവർഷക്കെടുതി വിട്ടുമാറാതെ ആലപ്പുഴ. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കവും കടൽക്ഷോഭവുംമൂലം ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. താഴ‌്ന്ന പ്രദേശങ്ങളിലെ റോഡുക‌ൾ പൂർണമായും വെള്ളത്തിനടിയിലായി.  കാലവർ‍‍‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാൻ ചീഫ് സെക്ര‌ട്ടറിക്കും കലക്ടർമാർക്കും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട‌്. ആയിരത്തോളം വീടുകളാണ‌് കുട്ടനാട്ടിൽമാത്രം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത‌്.

അഞ്ഞൂറിന‌് മുകളിൽ വീടുകളിൽ ഇതിനകം വെള്ളം കയറിക്കഴിഞ്ഞു.   കാലവർഷക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ ദുരന്തനിവാരണ സേന ആലപ്പുഴ ജില്ലയിൽ ഓറഞ്ച‌് അലർട്ട‌് പ്രഖ്യാപിച്ചു. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലുമായി മൂന്നുപേരാണ‌് ജില്ലയിൽ ഇതുവരെ മരണപ്പെട്ടത‌്. മുഹമ്മ കായിപ്പുറം തോട്ടുങ്കൽ കരിങ്ങാടിയിൽ  വിനു പുരുഷൻ (42),  പാണ്ടനാട‌് നാക്കട കണ്ണങ്കര കിഴക്കേതിൽ (കുന്നുകണ്ടത്തിൽ) സുരേഷ‌്കുമാർ (വാവ ‐43) തലവടി ആനപ്രമ്പാൽ വടക്ക‌് ആഞ്ഞിലിമൂട്ടിൽ വിജയകുമാർ (54) എന്നിവരാണ‌്  ഇതുവരെ മരിച്ചത‌്.   ജില്ലയിൽ ‌ഏഴ‌് വീടുകൾ പൂർണമായും 98 വീടുകൾ ഭാഗികമായും തകർന്നു. 3,96,100 രൂപയുടെ നാശനഷ‌്ടം വീടുകൾക്ക‌് സംഭവിച്ചതായാണ‌് പ്രാഥമിക സ്ഥിരീകരണം.  ആയിരക്കണക്കിന‌് ഏക്കർ കൃഷിയിടം വെള്ളത്തിനടിയലായി. 


വെള്ളപ്പൊക്കവും പേമാരിയും നാശം വിതച്ചതോടെ ജില്ലയിൽ രണ്ടരക്കോടി രൂപയുടെ കൃഷിനശിച്ചു.  നെല്ല‌്, വാഴ, പച്ചക്കറി, തെങ്ങ‌്, മരച്ചീനി, റബർ അടക്കമുള്ള കാർഷികവിളകളാണ‌് കാറ്റിലും മഴയിലും നശിച്ചത‌്. എടത്വ, വീയപുരം, പുറക്കാട്, തകഴി, തലവടി, ചമ്പക്കുളം എന്നീ പ്രദേശങ്ങളിൽ നെൽക്കൃഷി നശിച്ചു. പുറക്കാട് നാലുചിറ വടക്കും നാലുചിറ പടിഞ്ഞാറും പാടങ്ങളുടെ ബണ്ട് തകർന്നു. കടൽക്ഷോഭം മുൻനിർത്തി മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത‌് കർശനമായി ഒഴിവാക്കണമെന്നും, വെള്ളപ്പൊക്ക മേഖലകളിലേക്ക‌് കുട്ടികൾ പോകുന്നതും ഒഴിവാക്കണമെന്നും ഓറഞ്ച‌് അലർട്ടിന്റെ ഭാഗമായി നിർദേശമുണ്ട‌്.  വെള്ളത്തിലേക്ക‌് ഇറങ്ങരുതെന്നും വാഹനങ്ങൾ വെള്ളക്കെട്ടുകൾക്ക‌് സമീപം പാർക്ക‌്ചെയ്യരുതെന്നും ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ‌് നൽകി. 

ദുരന്തനിവാരണ പ്രവർത്തനത്തിന‌് തയ്യാറായിരിക്കണമെന്ന‌് ഉദ്യോഗസ്ഥരോട‌് ആവശ്യപ്പെട്ടു. വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങുന്നത‌് നിയന്ത്രിക്കണമെന്ന‌് തുറമുഖവകുപ്പിന‌് നിർദേശം കൊടുത്തു.  കാലവർഷക്കെടുതിയെത്തുടർന്ന‌് 19 ദുരിതാശ്വാസക്യാമ്പുകൾ ജില്ലയിൽ തുറന്നു. അമ്പലപ്പുഴ താലൂക്കിൽ (4),‌ ചെങ്ങന്നൂർ (1)‌, കാർത്തികപ്പള്ളി (6) എന്നിവിടങ്ങളിലാണ‌് ദുരിതാശ്വാസക്യാമ്പുകൾ തുറന്നത‌്. ചെങ്ങന്നൂരിൽ ഒന്നും, കുട്ടനാട‌് അഞ്ചും കഞ്ഞിവയ‌്പ് കേന്ദ്രങ്ങളും തുറന്നു.

മഴകനത്തതിനെത്തുടർന്ന‌് കേരളത്തിലെ നദികളിൽ വെള്ളപ്പൊക്കം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത‌് കേന്ദ്ര ജലകമീഷനും മുന്നറിയിപ്പ‌് നൽകിയിട്ടുണ്ട‌്.  കിഴക്കൻ വെള്ളത്തിന്റെ വരവ‌് കൂടിയാൽ വെള്ളപ്പൊക്കത്തിന്റെ തോത‌് വർധിക്കുമെന്ന ആശങ്കയിലാണ‌് കുട്ടനാട് നിവാസികൾ.

അമ്പലപ്പുഴ താലൂക്കിൽ കടൽക്ഷോഭവും വെള്ളപ്പൊക്കവും ഒരുമിച്ച‌് വന്നതിന്റെ ദുരിതം വൻ നാശം വിതച്ചു. തെക്കുപടിഞ്ഞാറൻ കാറ്റും കടൽക്ഷോഭവും ശക്തിയാർജിച്ചതോടെ മത്സ്യത്തൊഴിലാളികൾക്ക‌് കടലിൽ പോകാൻ കഴിയുന്നില്ല. തിങ്കളാഴ‌്ചവരെ ശക്തമായി മഴതുടരുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ‌് നൽകിയിട്ടുണ്ട‌്. ജില്ലയിലെ അങ്കണവാടികൾക്കും പ്രീസ‌്കൂളുകൾക്ക‌ും ശനിയാഴ‌്ചവരെ അവധി നൽകിയതായി ഐസിഡിഎസ‌് പ്രോഗ്രാം ഓഫീസർ അറിയിച്ചു. പുളിങ്കുന്ന‌് ഭാഗത്തേക്ക‌് കെഎസ‌്ആർടിസി സർവിസ‌് നടത്തുന്നില്ല. ജലനിരപ്പ‌് കുറയുന്നതുവരെ ആപ്പുഴയിൽനിന്ന‌് ചങ്ങനാശേരി ഭാഗത്തേക്ക‌് വൈകിട്ട‌് ആറിനുശേഷം ബസുകൾ ഉണ്ടാകില്ലെന്നും കെ‌എസ‌്ആർടിസി അറിയിച്ചു.  വിനോദസഞ്ചാരികളെ കയറ്റിക്കൊണ്ടുപോകുന്നത‌് ശിക്കാർ വള്ളങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട‌്.



deshabhimani section

Related News

View More
0 comments
Sort by

Home