അലോപ്പതി ആശുപത്രികളിൽ യോഗാ സെന്റർ തുടങ്ങും: മന്ത്രി

ആലപ്പുഴ
സംസ്ഥാനത്തെ അലോപ്പതി ആശുപത്രികളിലെല്ലാം യോഗാ സെന്ററുകൾ ആരംഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആർദ്രം പദ്ധതിയിലുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റുവാനാണ് സർക്കാർ തീരുമാനം. ഇതോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ യോഗാ സെന്ററുകളും തുടങ്ങും. സംസ്ഥാനത്തെ ആദ്യ സമ്പൂർണ യോഗാ ഗ്രാമമായി മുഹമ്മ പഞ്ചായത്തിനെ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.
യോഗയുടെ പ്രാധാന്യം വർധിപ്പിക്കാനാണ് ആശുപത്രികളിൽ സൗകര്യമൊരുക്കുന്നത്. ആയുർവേദത്തിനായി രാജ്യാന്തര ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ആരംഭിക്കും. ഇതിനായി 300 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ അനുവദിച്ച യുനാനി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ഈ മാസം ആരംഭിക്കും. ആയുർവേദത്തിന്റെ പ്രചാരണാർഥം അന്താരാഷ്ട്ര തലത്തിലുള്ള ആയുഷ് എക്സ്പോ സെപ്തംബറിൽ എറണാകുളത്ത് നടത്തും. 60 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കും.
ആയുർവേദത്തിൽ വലിയ പാരമ്പര്യമുള്ള നാടാണ് കേരളം. ഇവിടെയുള്ള ഔഷധ സസ്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ വലിയ മാറ്റം വരുത്താനാകും. എല്ലാ പഞ്ചായത്തുകളിലും ആയുർവേദ ഹോമിയോ ഡിസ‌്പെൻസറികൾ ഉള്ളത് കേരളത്തിൽ മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക് സമ്മേളനം ഉദ്ഘാടനംചെയ്തു. യോഗാ ഗ്രാമമെന്നത് ഇന്ത്യയിലെ ആദ്യ സംരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പി തിലോത്തമൻ അധ്യക്ഷനായി. യോഗാ സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് ജി വേണുഗോപാലും യോഗാ ലഘുലേഖ പ്രകാശനം ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ അനിത ജേക്കബും നിർവഹിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാൽ സ്വാഗതവും ഡോ. എ പി ശ്രീകുമാർ നന്ദിയും പറഞ്ഞു.









0 comments