ചക്കുളത്തുകാവിൽ 
പൊങ്കാലയര്‍പ്പിക്കാൻ ആയിരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 02:08 AM | 0 min read

സ്വന്തം ലേഖകൻ
മങ്കൊമ്പ്
ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു. സംസ്ഥാനത്തിന്‌ പുറത്തുനിന്നടക്കം വിശ്വാസി്കളെത്തി. ക്ഷേത്രത്തിന് 70 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരന്നു. തകഴി-, തിരുവല്ല-, കോഴഞ്ചേരി, ചെങ്ങന്നൂര്‍,- പന്തളം, എടത്വ-, മുട്ടാർ, നീരേറ്റുപുറം- കിടങ്ങറ, പൊടിയാടി -മാന്നാര്‍- മാവേലിക്കര, എടത്വ- ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായി പൊങ്കാല അടുപ്പുകള്‍ നിരന്നു.  3000ത്തോളം ക്ഷേത്ര വളന്റിയർമാരും ആയിരത്തോളം പൊലീസ്, അഗ്‌നിരക്ഷസേന, എക്‌സൈസ് ഉദ്യോഗസ്ഥരും സുരക്ഷ ക്രമീകരണങ്ങളൊരുക്കി.
തൃക്കാര്‍ത്തിക ദിനത്തിലെ പൊങ്കാലയുടെ ഭാഗമാവാൻ തീർഥാടകർ ബുധനാഴ്ച മുതലേ ചക്കുളത്തുകാവിലേക്ക് എത്തിയിരുന്നു. പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9.30ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടന്നു. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍നിന്ന്‌ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പകര്‍ന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നതോട പൊങ്കാലയ്ക്ക് തുടക്കമായി. പണ്ടാര പൊങ്കാല അടുപ്പില്‍നിന്ന് ഭക്തര്‍ നേദ്യ അടുപ്പുകളിലേക്ക് തീ പകര്‍ത്തി. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രഞ്ജിത്ത് ബി  നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.
പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന ഭക്തജന സംഗമം രാധിക സുരേഷ്ഗോപിയും ഗോകുൽ സുരേഷ് ഗോപിയും ചേർന്ന്‌ ഉദ്ഘാടനംചെയ്തു. ആർസി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വെജി ചെറിയാൻ മുഖ്യാതിഥിയായി. രമേശ് ഇളമൺ നമ്പൂതിരി, മീഡിയ കോ–-ഓർഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ്‌ എം പി രാജീവ്, സെക്രട്ടറി പി കെ സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.
നിവേദ്യം പാകപ്പെടുത്തിയതിന്ശേഷം 500-ല്‍പരം വേദ പണ്ഡിതന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. പൊങ്കാല നേദ്യത്തിനുശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.


deshabhimani section

Related News

View More
0 comments
Sort by

Home