സ്‌റ്റീൽ സ്ട്രക്ചർ നിർമാണത്തിന് റെയിൽവേ അനുമതി നൽകണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:18 AM | 0 min read

മാവേലിക്കര
കുറത്തികാട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന്‌ റെയിൽവേ ലൈനിന് കുറുകെ സ്‌റ്റീൽ സ്ട്രക്ചർ നിർമിക്കാൻ റെയിൽവേ ഉടൻ അനുമതി നൽകണമെന്ന് സിപിഐ എം മാവേലിക്കര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച്, നിർമാണത്തിനുള്ള സാമഗ്രികൾ തയ്യാറായിട്ടും കേന്ദ്രസർക്കാർ അനാസ്ഥ തുടരുകയാണ്. മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര, വള്ളികുന്നം പഞ്ചായത്തുകള്‍ക്കും കായംകുളം മണ്ഡലത്തിലെ കൃഷ്‌ണപുരം, ഭരണിക്കാവ് പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മാന്നാര്‍, കുരട്ടിക്കാട് വില്ലേജുകള്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. തഴക്കര പുഞ്ചയിൽ മാക്രിമട ടൂറിസം പദ്ധതി നടപ്പാക്കുക, ളാഹയിൽ ജങ്ഷന് പടിഞ്ഞാറ് റെയിൽവേ ക്രോസിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കുക, മാവേലിക്കര പട്ടികജാതി വികസന ഐടിഐയിൽ കൂടുതൽ ട്രേഡ് കോഴ്സുകൾ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
വെള്ളി രാവിലെ ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി ജി അജയകുമാർ എന്നിവർ പൊതുചർച്ചയ്‌ക്ക്‌ മറുപടി പറഞ്ഞു. എ എം ഹാഷിർ പ്രമേയവും എസ് അനിരുദ്ധൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ രാഘവൻ, ജി രാജമ്മ, കെ എച്ച് ബാബുജാൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്‌സ്‌, ലീല അഭിലാഷ് എന്നിവർ പങ്കെടുത്തു. പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളായി 27 പേരെയും തെരഞ്ഞെടുത്തു. ജി അജിത്ത് നന്ദി പറഞ്ഞു. 
സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ വൈകിട്ട് ചെറുകര ആലുംമൂട് ജങ്ഷനിൽനിന്ന് ആയിരങ്ങൾ പങ്കെടുത്ത പൊതുപ്രകടനവും ചുവപ്പ്സേനാ മാർച്ചും നടന്നു. വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ആയോധന കലാരൂപങ്ങളും പ്രകടനത്തിന് കൊഴുപ്പേകി. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷൻ) ചേർന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ  മധുസൂദനൻ, മുരളി തഴക്കര, കോശി അലക്‌സ്‌, ലീല അഭിലാഷ്, എം എസ് അരുൺകുമാർ എംഎൽഎ എന്നിവർ പങ്കെടുത്തു. ഏരിയ സമ്മേളനത്തിന്‌ മുന്നോടിയായി സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരത്തിലെ വിജയികൾക്ക്‌ എം എസ്‌ അരുൺകുമാർ സമ്മാനം നൽകി. ഏരിയ സെക്രട്ടറി ജി അജയകുമാർ സ്വാഗതം പറഞ്ഞു.

 



deshabhimani section

Related News

0 comments
Sort by

Home