വിജിലൻസ്‌ വലയിൽ വീണത്‌ 85 പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 01:06 AM | 0 min read

ഫെബിൻ ജോഷി
ആലപ്പുഴ
ക്രമക്കേടും കൈക്കൂലിയും കണ്ടെത്താൻ വിജിലൻസ്‌ വിരിച്ച വലയിൽ ഈ വർഷം കുടുങ്ങിയത്‌ 85 പേർ. ജനുവരി ഒന്നുമുതൽ സെപ്‌തംബർ 30 വരെയുള്ള കണക്കാണിത്‌. വിവിധ വിഭാഗങ്ങളിലായി  939 പരിശോധനകൾ നടത്തി. അഴിമതിക്കാരെ പിടികൂടാൻ 24 കെണികളും വിജിലൻസ്‌ ഒരുക്കി. 
 അഞ്ച്‌ വർഷത്തിനിടെ  257 പേർക്കെതിരെ നടപടിയെടുത്തു. 2020–-ൽ 23, 2021–-ൽ 20, 2022–-ൽ 75, 2023–-ൽ 54 എന്നിങ്ങനെയാണ്‌ മുൻവർഷങ്ങളിലെ കണക്ക്‌. ഈ വർഷം 65 പരാതികളിൽ വിജിലൻസ്‌ അന്വേഷണവും 72 പരാതികളിൽ രഹസ്യാന്വേഷണവും നടത്തി. കഴമ്പുണ്ടെന്ന്‌ കണ്ടെത്തിയ കേസുകളിലാണ്‌ തുടർനടപടികളിലേക്ക്‌ കടന്നത്‌. 56 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 23 പരാതികളിൽ ട്രിബ്യൂണൽ അന്വേഷണത്തിനും ഉത്തരവിട്ടു. 
പരാതികളുടെ അടിസ്ഥാനത്തിൽ ഓഫീസുകളിലും സംസ്ഥാന വ്യാപകമായി ആറ്‌ പ്രത്യേക ഓപറേഷനുകളിലുമായി 802 മിന്നൽ പരിശോധനകളാണ്‌ നടന്നത്‌. തെരഞ്ഞെടുത്ത 88 വില്ലേജ്‌ ഓഫീസുകളിൽ നടത്തിയ ‘ഓപറേഷൻ സുതാര്യത’യിൽ അപേക്ഷകളിൽ നടപടി വൈകുന്നതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി. ക്വാറി ഉൽപ്പന്നങ്ങളുമായി എത്തുന്ന വാഹനങ്ങളിലെ നികുതി വെട്ടിപ്പ്‌ കണ്ടെത്താൻ 65 ഇടങ്ങളിൽ ഒരേസമയം നടത്തിയ ‘ഓപറേഷൻ ഓവർലോഡ്‌’ 1.37 കോടി രൂപ പിഴയിടാവുന്ന ക്രമക്കേടുകൾ പുറത്തെത്തിച്ചു. ഭൂമി തരം മാറ്റുന്നതിലെ ക്രമക്കേടുകൾ കണ്ടെത്താൻ എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും നടത്തിയ  ‘ഓപറേഷൻ കൺവേർഷൻ’ കണ്ടെത്തിയ നിയമലംഘനങ്ങൾ തുടർനടപടികളിലേക്ക്‌ കടന്നു. സർക്കാർ ഡോക്‌ടർമാരുടെ നിയമവിരുദ്ധ സ്വകാര്യ പ്രാക്‌ടീസ്‌ കണ്ടെത്താൻ 70 ടീമുകളായി തിരിഞ്ഞ്‌ സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപറേഷൻ പ്രൈവറ്റ്‌ പ്രാക്‌ടീസ്‌’ 83 പേരുടെ ചട്ടലംഘനം പുറത്തെത്തിച്ചു. 
ഭക്ഷ്യസുരക്ഷാവകുപ്പ്‌ ഓഫീസുകളിലെ ക്രമകേടുകൾ കണ്ടെത്താൻ കമീഷണറേറ്റ്‌ അടക്കമുള്ള 67 ഓഫീസുകളിൽ നടത്തിയ ‘ഓപറേഷൻ ആപിറ്റൈറ്റ്‌’, വെടിമരുന്ന് ലൈസൻസിങിലെ ക്രമക്കേട്‌ കണ്ടെത്താൻ കലക്‌ടറേറ്റുകളിലും ലൈസൻസുള്ള സ്ഥാപനങ്ങളിലും നടത്തിയ  ‘ഓപറേഷൻ വിസ്ഫോടൻ’ എന്നിവയാണ്‌  വിജിലൻസ്‌ നടത്തിയ മറ്റ്‌ മിന്നൽ പരിശോധനകൾ.

 



deshabhimani section

Related News

View More
0 comments
Sort by

Home