കൃഷ്‌ണപുരം കൊട്ടാരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 12:32 AM | 0 min read

 

കായംകുളം
കൃഷ്‌ണപുരം കൊട്ടാരത്തെ കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കായംകുളം കൃഷ്‌ണപുരം കൊട്ടാരത്തിന്റെ സംരക്ഷണ, പരിസര വികസന പ്രവൃത്തികൾ  ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. 
കൊട്ടാരത്തിന്റെ സംരക്ഷണ, പരിസര വികസനപ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് മ്യൂസിയം സമഗ്രമായി നവീകരിക്കുന്നതിനുള്ള പദ്ധതികൂടി വകുപ്പ് തയ്യാറാക്കുകയാണ്‌. പൈതൃകസംരക്ഷണത്തിന് സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. ചരിത്രത്തിന്റെ ആഖ്യാനങ്ങളെ ആര്‍ക്കും നിഷേധിക്കാനും നിരോധിക്കാനുമാകില്ല. അത് സൂക്ഷിക്കുകയാണ് വകുപ്പിന്റെ പ്രധാന ചുമതല. തനത് കേരളീയശൈലിയില്‍ പണിത കൃഷ്‌ണപുരം കൊട്ടാരം 1959ലാണ് പുരാവസ്‌തുവകുപ്പ് സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിച്ചത്. ഇതിനെതുടര്‍ന്ന് ആവശ്യമായ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം കൊട്ടാരത്തില്‍ പുരാവസ്‌തു മ്യൂസിയം സജ്ജീകരിച്ചു, സംരക്ഷണപ്രവൃത്തികള്‍ ഏറ്റെടുത്തു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഒട്ടേറെ സ്‌മാരകങ്ങളുടെ സംരക്ഷണപ്രവൃത്തികള്‍ വകുപ്പ് ഏറ്റെടുത്ത്‌ പൂര്‍ത്തീകരിച്ചു. ചരിത്രശേഷിപ്പുകൾ കണ്ടെത്താനുള്ള ഫീല്‍ഡ് പഠനങ്ങളും വകുപ്പ് ഏറ്റെടുത്ത് നടത്തുന്നതായും മന്ത്രി പറഞ്ഞു.  
സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് 28.2 ലക്ഷം രൂപ ചെലവഴിച്ച് കൃഷ്‌ണപുരം കൊട്ടാരത്തിന്റെ സംരക്ഷണ പരിസരവികസന പ്രവൃത്തികള്‍ പുരാവസ്‌തുവകുപ്പ് നടപ്പാക്കുന്നത്. യു പ്രതിഭ എംഎല്‍എ അധ്യക്ഷയായി. കൗണ്‍സിലര്‍ ബിനു അശോക്, കണ്‍സര്‍വേഷന്‍ എന്‍ജിനിയര്‍ എസ് ഭൂപേഷ്, പി അരവിന്ദാക്ഷന്‍, ഇ സമീര്‍, ഐ ഷിഹാബുദീന്‍, കൃഷ്‌ണകുമാര്‍ രാംദാസ്, ജോസഫ് ജോണ്‍, ഇര്‍ഷാദ്, ലിക്കായത്ത് പറമ്പി, സക്കീര്‍ മല്ലഞ്ചേരി, മോഹനന്‍, എന്‍ സത്യന്‍, സലീം മുരിക്കുംമൂട്, ചാര്‍ജ് ഓഫീസര്‍ സി അനൂപ് എന്നിവര്‍ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home