എൽഡിഎഫ്‌ മത്സരിക്കുന്നത്‌ 
കോൺഗ്രസ്–-ബിജെപി 
ചങ്ങാത്തത്തിനെതിരെ: ബിനോയ് വിശ്വം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 12:20 AM | 0 min read

വയലാർ
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മത്സരിക്കുന്നത് കോൺഗ്രസ്-–-ബിജെപി ചങ്ങാത്തത്തിനെതിരെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 78–--ാമത് പുന്നപ്ര-–-വയലാർ വാർഷിക വാരാചരണ സമാപനത്തിന്റെ  പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഭൂരിപക്ഷം കോൺഗ്രസുകാരും ഇത്തവണ ഇടതുപക്ഷത്തോടൊപ്പം നിൽക്കും. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് അടിച്ചേൽപ്പിച്ചതാണ്‌. ജയിച്ച് ഒരാഴ്‌ച കഴിയും മുമ്പ് രാജിവച്ചുപോയ ആളാണ് രാഹുൽഗാന്ധി. ഇത് ബിജെപിക്കുവേണ്ടി കളിച്ച നാടകമായിരുന്നു. അതുകൊണ്ട് ഉരുൾപൊട്ടലിൽ നശിച്ച വയനാടിനായി സംസാരിക്കാൻ പോലും എംപി ഉണ്ടായിരുന്നില്ല. 
ഇപ്പോൾ രാഹുൽ സഹോദരിയെ ഇറക്കി രാഷ്‌ട്രീയം കളിക്കുകയാണ്. ചേട്ടൻ എങ്ങനെയാണോ കാപട്യം പറയുന്നത് അതുപോലെയാണ് അനുജത്തിയും. മുഖ്യഎതിരാളി ബിജെപിയാണെന്ന് അറിഞ്ഞിട്ടും കേരളത്തിൽ ഗാന്ധികുടുംബം മത്സരിക്കുന്നത് എന്തിനാണെന്ന് പകൽ പോലെ വ്യക്തമാണ്. ഗാന്ധിയുടെ കോൺഗ്രസ് ഇതാണോ? ഇടതുപക്ഷത്തെ കടന്നാക്രമിക്കുക എന്നത് മാത്രമാണ് ഇതിന് പിന്നിലുള്ള മുഖ്യ അജൻഡയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ഹിന്ദുത്വ ആശയത്തിന്  ഹിന്ദുമതത്തിന്റെ വിശ്വാസങ്ങളുമായി ബന്ധമില്ല. ഫാസിസ്‌റ്റ്‌ ആശയത്തിന്റെ കവചമായിട്ടാണ് ഇവർ അതിനെ ഉപയോഗിക്കുന്നത്. ഇക്കൂട്ടർക്ക് മതത്തെപ്പറ്റി പറയാൻ അവകാശമില്ല. ശ്രീനാരായണഗുരുവിനെയും അയ്യൻകാളിയെയും പോലുള്ള നവോത്ഥാന നേതാക്കളെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം ചേർത്തുനിർത്തി. കമ്യൂണിസ്‌റ്റുകാരന്റെ യജമാനൻ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home