പുന്നപ്രയിൽ ആയിരങ്ങളുടെ പുഷ്പാർച്ചന ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 02:35 AM | 0 min read

 അമ്പലപ്പുഴ

രക്തസാക്ഷികളുടെ ചുടുനിണംവീണ് ചുവന്ന പുന്നപ്ര സമരഭൂമിയിലെ മണ്ഡപനടയിൽ  ബുധനാഴ്‌ച ആയിരങ്ങൾ പുഷ്‌പാർച്ചന നടത്തും. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ലോക്കൽ സംഘാടക സമിതി നേതൃത്വത്തിൽ രാവിലെ 9.30ന് ബ്ലോക്ക് ജങ്ഷനിലും പുന്നപ്ര തെക്ക് പഞ്ചായത്ത് ലോക്കൽ സംഘാടക സമിതി നേതൃത്വത്തിൽ പറവൂർ ജങ്ഷനിലും സംഘടിച്ച്  ഇരു പുഷ്‌പാർച്ചനാറാലികളും ദേശീയപാതവഴി കപ്പക്കട ജങ്ഷനിലെത്തും. പുന്നപ്ര കിഴക്ക് സംഘാടക സമിതി പഴയ നടക്കാവ് റോഡ് വഴിയും പുന്നപ്ര സംഘാടക സമിതി തീരദേശറോഡു വഴിയും ജാഥയായി സമരഭൂമിയിലെത്തും. 
ധീര ദേശാഭിമാനികൾ പിടഞ്ഞുവീണ സമരഭൂമിയിലെ ബലികുടീരത്തിൽ പകൽ 11ന് ഇരുകമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും പാർട്ടി ബന്ധുക്കളും നേതാക്കളും ബഹുജനങ്ങളും ചേർന്ന് പുഷ്പാർച്ചന നടത്തും. രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എന്നിവർ അനുസ്‌മരണ പ്രസംഗം നടത്തും. 11.30ന്‌ വഞ്ചിപ്പാട്ടും രണഗീതങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറും.
  അമ്പലപ്പുഴ വടക്ക്, തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ ലോക്കൽ സംഘാടക സമിതികളുടെ നേതൃത്വത്തിൽ വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫീസിനുമുന്നിൽ ഒത്തുചേർന്ന് വൈകിട്ട് നാലിന്‌ ദേശീയപാതയിലൂടെ കപ്പക്കട ജങ്ഷൻ വഴി സമരഭൂമിയിലെത്തിയും പുഷ്‌പാർച്ചന നടത്തും. പകൽ മൂന്നിന്‌  രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ സമരനായകൻ കരിയാടിപ്പറമ്പിൽ അന്ത്രയോസിന്റെ മകൾ ഫിലോമിന കൊളുത്തി നൽകുന്ന ദീപശിഖ ഡിവൈഎഫ്‌ഐയുടെ കായികതാരം സ്വരാജ് ഏറ്റുവാങ്ങും. പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലൂടെ പ്രയാണംചെയ്‌ത്‌ എത്തുന്ന ദീപശിഖ വൈകിട്ട് ആറിന് സമരഭൂമിയിൽ എത്തുമ്പോൾ എഐവൈഎഫിന്റെ കായിക താരവും സമര സേനാനി സ. വെളുത്തകുഞ്ഞ് രാജപ്പന്റെ ചെറുമകനുമായ അക്ഷയിൽനിന്ന് ഇ കെ ജയൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. 3.15 മുതൽ സംഗീത സായാഹ്നം. വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ സമ്മാനാർഹമായ ഇനങ്ങൾ വേദിയിൽ അരങ്ങേറും.


deshabhimani section

Related News

View More
0 comments
Sort by

Home