ആരോൺ പിടിച്ചുയർത്തി; അനിയത്തിയുടെ ജീവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 02:19 AM | 0 min read

തകഴി 
വെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന ഒന്നാംക്ലാസുകാരിക്ക്‌ രക്ഷകനായി സഹോദരൻ. നെടുമുടി പഞ്ചായത്ത് 14–--ാം വാർഡ് ചെമ്പുംപുറം കീപ്പട വീട്ടിൽ ടോമിച്ചന്റെയും നാൻസിയുടെയും മകൾ അലാന ട്രീസാ ടോമിച്ചനെയാണ്‌  (ആറ്‌)  സഹോദരൻ ആരോൺ ടോമിച്ചൻ (11) രക്ഷപ്പെടുത്തിയത്‌.
വ്യാഴം വൈകിട്ട് ആറോടെ വീടിന്‌ മുന്നിലെ റോഡിൽ സൈക്കിൾ ചവിട്ടുന്നതിനിടെയായിരുന്നു അപകടം. സൈക്കിളിന്റെ നിയന്ത്രണം തെറ്റി ചെമ്പുംപുറം സാംസ്‌കാരിക നിലയം– പുളിക്കക്കാവ് തോട്ടിലേക്ക്‌ കുട്ടി വീഴുകയായിരുന്നു. സഹോദരി വെള്ളത്തിലേക്കു വീഴുന്നത്‌ പിന്നാലെ എത്തിയ ആരോൺ കണ്ടു. നീന്തൽ വശമില്ലെങ്കിലും ആരോൺ അലറിവിളിച്ച്‌ സംരക്ഷണഭിത്തിയിൽ കമിഴ്‌ന്നുകിടന്ന്‌ വെള്ളത്തിലേക്ക്‌ മുങ്ങിത്താണ അലാനയുടെ ഉടുപ്പിന്റെ കോളറിൽ പിടിച്ചുകിടന്നു. കുട്ടികളുടെ ബഹളം കേട്ട്‌ പരിസരവാസികളും അമ്മ നാൻസിയും ഓടിയെത്തി വെള്ളത്തിൽനിന്ന് കുട്ടിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. നിലയില്ലാത്ത തോട്ടിൽ പോളയും പുല്ലും നിറഞ്ഞു കിടക്കുകയാണ്. നേരത്തെ ഈ തോട്ടിൽ വീണ്‌ രണ്ടുപേർ മരിച്ചിട്ടുണ്ടെന്ന്‌ നാട്ടുകാർ പറഞ്ഞു. 
ചമ്പക്കുളം ബിഷപ് കുര്യാളശേരി പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ആരോൺ. ഇതേ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് അലാന.


deshabhimani section

Related News

View More
0 comments
Sort by

Home