നെഹ്‌റുട്രോഫി: അപ്പീൽ കമ്മിറ്റി തീരുമാനം പരാതിക്കാർക്ക് 14ന് കൈമാറും

ആലപ്പുഴ
നെഹ്‌റുട്രോഫി വള്ളംകളി ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ വിവാദത്തിൽ ജൂറി ഓഫ് അപ്പീൽ തീരുമാനം 14ന് കൈമാറും. ഫലപ്രഖ്യാപനത്തിൽ പരാതി നൽകിയ ബോട്ട് ക്ലബ്ബുകൾ, വള്ളസമിതി എന്നിവർക്കാണ് ജൂറി തീരുമാനം രേഖാമൂലം നൽകുക. വില്ലേജ് ബോട്ട് ക്ലബ് കൈനകരി (വീയപുരം ചുണ്ടൻ), കുമരകം ടൗൺ ബോട്ട് ക്ലബ് (നടുഭാഗം ചുണ്ടൻ) എന്നിവരാണ് പരാതി നൽകിയത്. ഇവർക്ക് നൽകാൻ ജൂറിയുടെ അന്തിമ തീരുമാനം ഉൾപ്പെടുന്ന മറുപടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തയ്യാറാക്കി. അവധി കഴിഞ്ഞ് ഓഫീസ് തുറക്കുന്ന തിങ്കളാഴ്‌ച കൈമാറും.
എന്നാൽ ജൂറി ഓഫ് അപ്പീൽ തീരുമാനമെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരം രേഖമൂലം അറിയിക്കാത്തതിൽ പരാതിക്കാർക്ക് പ്രതിഷേധമുണ്ട്. വാർത്തകളിൽനിന്നും സമൂഹമാധ്യമങ്ങളിൽനിന്നുമാണ് തീരുമാനം അറിഞ്ഞത്. രേഖാമൂലം വിവരങ്ങൾ നൽകാത്തതിനാൽ നിയമനടപടി സ്വീകരിക്കാൻ കഴിയുന്നില്ല. ഇത് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പരാതിക്കാർ.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച ഹൈക്കോടതിയെ സമീപിക്കുമെന്ന് വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും വീയപുരം വള്ളസമിതിയും അറിയിച്ചു.
കെടിബിസി സ്‌റ്റാർട്ടർക്കെതിരെയും വിബിസി വിധികർത്താക്കൾക്കെതിരെയുമാണ് പരാതി നൽകിയത്. എന്നാൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരവിധിയിൽ അപാകമില്ലെന്നാണ് ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ വിലയിരുത്തൽ. പരാതിക്കാർ സമർപ്പിച്ചതും എൻടിബിആറിന്റെ കൈവശമുള്ളതുമായ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് അന്തിമമായി തീരുമാനമെടുത്തത്.
അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് ആശ സി എബ്രഹാം, ജില്ലാ ഗവ. പ്ലീഡർ അഡ്വ. വി വേണു, ജില്ലാ ലോ ഓഫീസർ അഡ്വ. പി അനിൽകുമാർ, എൻടിബിആർ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി കെ സദാശിവൻ, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ കെ കുറുപ്പ് എന്നിവരടങ്ങിയ ജൂറി ഓഫ് അപ്പീലാണ് പരാതികളും തെളിവുകളും പരിശോധിച്ചത്









0 comments