യുവാവ്‌ വൈദ്യുതാഘാതമേറ്റ്‌ 
മരിച്ച സംഭവം: ഒരാൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 12:17 AM | 0 min read

ചാരുംമൂട് 
മീൻപിടിക്കാൻ പോയ യുവാവ് വൈദ്യുതാഘാതമേറ്റ്‌ മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പാലമേൽ ഉളവുക്കാട് ഗോപഭവനത്തില്‍ ഗോപകുമാറിനെയാണ് (45) ചെങ്ങന്നൂർ മുളക്കുഴയിൽനിന്ന്‌ നൂറനാട്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നൂറനാട് മറ്റപ്പള്ളി രാജ്ഭവനത്തിൽ രാഹുൽ രാജാണ്‌ (32) മരിച്ചത്‌. കാട്ടുപന്നിയുടെ ശല്യത്തിൽനിന്ന്‌ കൃഷി സംരക്ഷിക്കാൻ ഗോപകുമാർ സമീപത്തെ വീട്ടിൽനിന്ന്‌ അനധികൃതമായി വയർ വലിച്ച് കൃഷിയിടത്തിലെ കമ്പിവേലിയിൽ വൈദ്യുതി പ്രസരിപ്പിച്ചിരുന്നെന്നും ഇതിൽനിന്ന്‌ വൈദ്യുതാഘാതമേറ്റാണ്‌ രാഹുൽ രാജ്‌ മരിച്ചതെന്നും പൊലീസ്‌ അറിയിച്ചു. ഇതേത്തുടർന്നാണ്‌ അറസ്‌റ്റ്‌. 
 സെപ്‌തംബർ 23നായിരുന്നു കേസിനാസ്‌പദമായ സംഭവം. തിങ്കൾ രാത്രി പതിനൊന്നോടെ പാലമേൽ ഉളവുക്കാട് പാടത്ത് രാഹുൽ രാജും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് മീൻപിടിക്കാൻ പോയത്. മൂന്നുപേരും മൂന്നുഭാഗത്താണ്‌ നിന്നത്. രാഹുലിനെ വിളിച്ചിട്ട്‌ പ്രതികരണമില്ലാതായപ്പോൾ  നടത്തിയ തെരച്ചിലിൽ വരമ്പിനോട് ചേർന്ന് വീണുകിടക്കുന്നത് കണ്ടത്‌. 
തൊട്ടടുത്ത കൃഷിയിടത്തിൽ കമ്പികൾ വലിച്ചുകെട്ടിയത്‌ കണ്ട്‌ സുഹൃത്തുകൾ നടത്തിയ പരിശോധനയിൽ രാഹുലിന്റെ ശരീരത്ത്  കരിഞ്ഞപാടുകളും കണ്ടു. ഉടൻ പന്തളത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ കാട്ടുപന്നിയുടെ ശല്യത്തിൽനിന്ന്‌ കൃഷി സംരക്ഷിക്കാൻ ഗോപകുമാർ സമീപത്തെ തന്റെ വീട്ടിൽനിന്ന്‌ അനധികൃതമായി വയർ വലിച്ച് കൃഷിയിടത്തിലെ കമ്പിവേലിയിൽ വൈദ്യുതി പ്രസരിപ്പിച്ചിരുന്നതാണെന്ന് മനസിലാക്കി. 
തുടർന്ന് നൂറനാട് പൊലീസ് ഗോപകുമാറിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ ചെങ്ങന്നൂർ മുളക്കുഴ ഭാഗത്തുനിന്നാണ്‌ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.


deshabhimani section

Related News

View More
0 comments
Sort by

Home