ഡോ. വൈൽഡ്‌ലൈഫ്‌ ഫോട്ടോഗ്രാഫർ ബിഎഎംഎസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 12:42 AM | 0 min read

ആലപ്പുഴ 
നാഷനൽ ജ്യോഗ്രഫിക് മാഗസിനിന്റെ ഹോം പേജിൽ പ്രസിദ്ധീകരിച്ച 
ഡോ. കെ സന്തോഷ്‍കുമാറിന്റെ ചിത്രംകഞ്ഞിക്കുഴി എസ്‌എൽപുരം മുല്ലശേരിൽ ഡോ. കെ സന്തോഷ്‌കുമാർ തന്റെ കാമറയും തോളിലേറ്റി വലിയൊരു സ്വപ്‌നത്തിന്റെ സാക്ഷാത്‌കാര പാതയിലാണ്‌. ആഫ്രിക്കയിലെ മസായി മാര വന്യജീവി സങ്കേതത്തിലെത്തണം, ചിത്രങ്ങൾ പകർത്തണം. കാലങ്ങളായുള്ള ഈ ആഗ്രഹം പൂർണതയിലെത്തിക്കാനുള്ള ഒരുക്കങ്ങളിലാണ്‌. ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു. ജൂണിൽ പുറപ്പെടും. 26വർഷമായി ആയുർവേദ ഡോക്ടറായ സന്തോഷ് 14 വർഷമായി വന്യജീവി ഫോട്ടോഗ്രഫറാണ്‌. നിലവിൽ മുംബൈയിലെ ബ്രീച്ച്‌ കാൻഡിയിൽ ഭാര്യ വർഷ നായിക്കിനൊപ്പമാണ്‌ താമസം. ജോലിക്കിടയിൽ ലീവെടുത്ത്‌ കാടുകയറി പകർത്തിയത്‌ 60,000 ചിത്രങ്ങൾ. ഇന്ത്യയിലെ ഒരുവിധമെല്ലാ കാടുകളിലും പോയി. വിയത്‌നാം, മലേഷ്യ, ഇന്തൊനീഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ വന്യജീവി സങ്കേതങ്ങളിലുമെത്തി. സൂര്യന്റെ പശ്ചാത്തലത്തിൽ മരക്കൊമ്പിലിരിക്കുന്ന രണ്ടു കഴുകൻമാരുടെ ചിത്രം നാഷനൽ ജ്യോഗ്രഫിക് മാഗസീനിന്റെ ഹോം പേജിൽ വന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ച സന്തോഷ്‌  മികച്ച ഫോട്ടോഗ്രാഫർമാർക്കാപ്പം ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്‌.
അനുഭവങ്ങളിലൂടെ അടുത്തറിയണം, 
അപകടസാധ്യത 
തിരിച്ചറിയണം
"കാടും പ്രകൃതിയുമൊക്കെ ഇഷ്ടമായതിനാലാണ്‌ ഈ മേഖലയിലേക്ക്‌ എത്തിയത്‌. പക്ഷികളുടെയും മൃഗങ്ങളുടെയും ഫോട്ടോയെടുക്കാനാണ്‌കൂടുതൽ താൽപര്യം'– സന്തോഷ്‌ പറഞ്ഞു. "-കടലിൽ മാത്രം കണ്ടുവരുന്ന അപൂർവയിനം പക്ഷികളുണ്ട്.‌ ഇത്തരം പക്ഷികളെ പകർത്തുന്നതിന്‌ കടലിൽ മുങ്ങിയിട്ടുണ്ട്‌. കടലായാലും കാടായാലും ചിത്രങ്ങൾ പകർത്തുന്നത്‌ അത്ര എളുപ്പമല്ല. ജീവികളുമായുള്ള ആശയവിനിമയം പ്രധാനമാണ്‌. അടുത്തറിഞ്ഞാൽ ജീവികളുടെ മനോഭാവവും പെരുമാറ്റ രീതിയും മനസ്സിലാക്കാനാവും. പ്രകൃതിയോടിണങ്ങിയ വസ്‌ത്രം ധരിക്കണം. ജീവികൾ നന്നായി മണം പിടിക്കുന്നതിനാൽ പെർഫ്യൂം ഉപയോഗിക്കരുത്‌.
കശ്മീർ താഴ്വരയിൽ കരടികളിൽ നിന്ന്‌ തലനാരിഴയക്ക്‌ രക്ഷപ്പെട്ടതും ആൻഡമാൻ ദ്വീപുകളിൽ മുതലകൾ നിറഞ്ഞ തടാകത്തിലെ യാത്രയും, ബോട്ടിൽ വെള്ളം കയറിയിയിട്ടും മുങ്ങാതെ കരക്കെത്തിയതും അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ വനംവകുപ്പിന്റെ വാഹനം കാണ്ടാമൃഗം കുത്തിമറിച്ചിട്ടതും കടുവയുടെ ചിത്രം പകർത്തുന്നതിനിടെ താഴെ വീണ കാമറ ബാഗ് കടുവ കടിച്ചുകീറി നശിപ്പിച്ചതുമെല്ലാം പേടിപ്പിക്കുന്ന അനുഭവമായി സന്തോഷിന്റെ മനസ്സിലുണ്ട്‌.

യാത്രകൾ കൂടുതലും ഡോക്ടർമാർക്കൊപ്പം

മുംബൈയിലെത്തിയപ്പോൾ വന്യജീവി ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ള ഒരുപാട്‌ ഡോക്ടർമാരെ കണ്ടുമുട്ടി. ഡോ. സുധീർ ഗെയിക്‌ഗ്വാദിന്റെ നേതൃത്വത്തിലുള്ള ഫോട്ടോഗ്രാഫർമാരുടെ "വൈൽഡ്‌ വുഡ്‌ ടൂർസ്‌ ഓഫ്‌ ഇന്ത്യ' എന്ന ടീമിലെത്തി. സുധീറാണ്‌ യാത്രകളുടെ പ്ലാനിങ്ങും ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതും. 14 ഡോക്ടർമാർ മാത്രമുണ്ടായിരുന്ന ഗ്രൂപ്പ്‌ പിന്നീട്‌ 50 പേരടങ്ങുന്ന വലിയ ഗ്രൂപ്പായി. വിവിധ തൊഴിൽ മേഖലകളിൽനിന്നുള്ളവർ അംഗങ്ങളായിമാറി. ഗ്രൂപ്പിലെ ഏക മലയാളി സന്തോഷ്‌കുമാറാണ്‌. ഫോട്ടോ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതും ഗ്രൂപ്പിലെ അംഗങ്ങൾക്കൊപ്പമാണ്‌.


deshabhimani section

Related News

View More
0 comments
Sort by

Home