ചേർത്തലയിൽ സഞ്ചരിക്കുന്ന ശൗചാലയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 02:37 AM | 0 min read

ചേർത്തല
സംസ്ഥാനത്ത് ആദ്യമായി ആധുനിക സംവിധാനങ്ങളോടെ നഗരസഭ ആരംഭിച്ച സഞ്ചരിക്കുന്ന ശൗചാലയം മന്ത്രി പി പ്രസാദ് നാടിന്‌ സമർപ്പിച്ചു. സ്വച്ഛതാ ഹീ സേവാ കാമ്പയിൻ സമാപന ഭാഗമായും മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനത്തിന്റെ ഭാഗമായുമാണ് ചടങ്ങ്‌ ഒരുക്കിയത്. 
നഗരത്തിലും സമീപപ്രദേശങ്ങളിലും ഉത്സവങ്ങൾ, പെരുന്നാളുകൾ ഉൾപ്പെടെ ജനത്തിരക്കേറുന്ന പരിപാടികളിൽ എത്തുന്നവർക്ക് ഉപയോഗിക്കാനുള്ള സംവിധാനമാണ് ശൗചാലയത്തിലുള്ളത്. സ്‌ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികളുണ്ട്. ഒരേസമയം 10 പേർക്ക് മല-മൂത്രവിസർജനം നടത്താനാകും. 
സ്വച്ഛ്‌ ഭാരത് മിഷൻ പദ്ധതിയിൽ നഗരത്തെ ഒഡിഎഫ് പ്ലസ് പദവിയിലേക്ക്‌ ഉയർത്താൻ പൊതുശുചിത്വ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ടോയ്‌ലെറ്റ് സജ്ജമാക്കിയത്. വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ഇതിനായി ചെലവിട്ടു. നഗരസഭ നിശ്ചയിക്കുന്ന വാടകയിൽ പരിപാടികളുടെ സംഘാടകർക്ക് സൗകര്യം പ്രയോജനപ്പെടുത്താം.
നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷയായി. നഗരസഭ ശുചിത്വ അംബാസിഡർ ഡോ. ബിജു മല്ലാരി മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ ശോഭ ജോഷി, എ എസ് സാബു, ഏലിക്കുട്ടി ജോൺ, കൗൺസിലർ ആശ മുകേഷ്, ക്ലീൻസിറ്റി മാനേജർ എസ് സുദീപ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി കെ സുജിത്ത്‌ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ ടി എസ് അജയകുമാർ സ്വാഗതവും സ്ഥിരംസമിതി അധ്യക്ഷ മാധുരി സാബു നന്ദിയുംപറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home